X

ജനദ്രോഹം ആരു ചെയ്യണം? – കെ.എന്‍.എ. ഖാദര്‍

കെ.എന്‍.എ. ഖാദര്‍

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി പദവിയില്‍ തിരിച്ചെത്തി. അതില്‍ തെറ്റൊന്നുമില്ല. ആ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയവുമാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറും തമ്മിലുള്ള ബന്ധമാണ് സംവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ചും അവര്‍ നയിക്കുന്ന ഭരണകൂടങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സങ്കല്‍പ്പങ്ങള്‍ പലതാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരുടെ ഭരണം ഏറെയുണ്ടായിട്ടില്ല. മൂന്നു സംസ്ഥാനങ്ങളില്‍ വന്നും പോയുമിരുന്ന ഒരു പ്രതിഭാസം മാത്രമാണത്. ഇനിയിപ്പോള്‍ വന്നും പോയും എന്നു പറയാനും വയ്യ. വരാനുള്ള സാധ്യതകള്‍ വിരളമാണ്. പലരുടെയും ധാരണ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സര്‍വ്വസ്വം. ഭരണത്തെ അവരാണ് നിയന്ത്രിക്കേണ്ടത് എന്നാണ്. അതില്‍ കഴമ്പില്ലാതില്ല. എന്നാല്‍ എല്ലായിടത്തും എപ്പോഴും അങ്ങനെയായിരുന്നില്ല. ലോക ചരിത്രം സാക്ഷിയാണ്. അധികവും അങ്ങനെയായിരുന്നില്ല എന്നും പറയാം. അങ്ങനെ പാര്‍ട്ടി എല്ലാം നിയന്ത്രിക്കണമെന്ന ആവശ്യവും ആ പാര്‍ട്ടിക്കാരുടെ ഇടയിലാണ് കാണുക. തുടരെ തുടരെ ജനവിരുദ്ധ നിലപാടുകള്‍ സര്‍ക്കാറില്‍ നിന്നുണ്ടാവുകയും അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അവയെല്ലാം നടത്തുന്നത് കമ്യൂണിസ്റ്റുകാരുടെ മന്ത്രിസഭയാണെങ്കില്‍ ഇതൊക്കെ ആരെങ്കിലും വന്നൊന്നു നിയന്ത്രിക്കണം എന്ന ആഗ്രഹം ജനങ്ങളില്‍ ജനിക്കും.

അപ്പോഴാണ് ഇവരെയൊക്കെ നിയന്ത്രിക്കേണ്ടത് പാര്‍ട്ടിയല്ലേ അവരെവിടെ എന്ന ചോദ്യം ഉയരുന്നത്. പാര്‍ട്ടിയെ കുറിച്ചുള്ള ഒരു ചെറിയ വിശ്വാസമാണത്. പാര്‍ട്ടി തെറ്റൊന്നും ചെയ്യില്ല. തെറ്റ് ചെയ്യുന്നതൊക്കെ ഭരിക്കുന്നവരും അതിന് നേതൃത്വം വഹിക്കുന്നവരും ആണെന്ന ഒരു താല്‍ക്കാലിക തോന്നലാണത്. അല്ലെങ്കില്‍ അങ്ങിനെയായിരിക്കണം കാര്യങ്ങള്‍ എന്ന ആഗ്രഹം മാത്രമാണത്. എല്ലാ കാര്യങ്ങളിലും പാര്‍ട്ടി തലയിട്ടു നിയന്ത്രിക്കുകയും ഭരണകൂടം തന്നെ പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാവുകയും ചെയ്താല്‍ വന്‍തോതിലുള്ള രാഷ്ട്രീയവല്‍ക്കരണത്തിന്റെ കെടുതികള്‍ ജനം അനുഭവിക്കും. പാര്‍ട്ടിക്കാര്‍ അല്ലാത്തവര്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ വയ്യാതാവും. മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും പ്രതിപക്ഷത്തിനും ഒരു പാര്‍ട്ടിയോടും അടുപ്പമില്ലാത്തവര്‍ക്കും ജീവിതം ദുസ്സഹമാവും. ഇപ്പോള്‍ തന്നെ അങ്ങനെയാണ്. നീതിയും അനീതിയും വാദിയും പ്രതിയും ഒക്കെ പാര്‍ട്ടി തീരുമാനിക്കും. ഈ സ്ഥിതിയില്‍ മറ്റൊരു തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നു വരും. ആരു മന്ത്രിയായിട്ടെന്താ ഭരണം എ കെ ജി സെന്ററില്‍ നിന്നാണ് എന്നു കരുതാനാണ് സാധ്യത. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധ നടപടികളും പാര്‍ട്ടി ചെയ്യണോ അതോ മുഖ്യമന്ത്രിയും ഭരണകൂടവും ഒറ്റക്ക് ചെയ്യണോ എന്നാണ് ഈ സംവാദത്തില്‍ അന്തര്‍ലീനമായ ചോദ്യം. ഇതു രണ്ടുമല്ലാതെ പാര്‍ട്ടിയും ഗവണ്‍മെന്റും കൂടിയാലോചിച്ച് ഒരുമിച്ചു നിന്ന് ജനങ്ങളെ ദ്രോഹിക്കണോ എന്നും ചോദിക്കാം. എന്താണ് ഉത്തരം, ഭരിക്കുന്ന പാര്‍ട്ടിയോ സര്‍ക്കാറോ അവര്‍ ഒരുമിച്ചു ചേര്‍ന്നോ ജനവിരുദ്ധമായതൊന്നും അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യരുതെന്നാണ് ശരിയായ ഉത്തരം. പാര്‍ട്ടിയോട് കൂടിയാലോചിക്കുന്നതും അല്ലാത്തതും ഭരണകൂടത്തെ നിയന്ത്രിക്കുന്ന പണിയുമൊക്കെ ഭരിക്കുന്ന പാര്‍ട്ടിയുടെ സംഘടനാപരമായ ശക്തി ദൗര്‍ബല്യങ്ങള്‍ അനുസരിച്ചായിരിക്കും. രണ്ടായാലും തെറ്റുകള്‍ വെച്ചു പൊറുപ്പിച്ചു കൂടാ. അതിനേറ്റവും നല്ല വഴി കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുകയാണ്. അതുകൊണ്ട് മാത്രമായില്ല. പിന്നീട് വരുന്നവരും അപ്രകാരമാവില്ല എന്ന് ഉറപ്പുവരുത്തുക കൂടി വേണം. അധികാര കേന്ദ്രീകരണ വിഷയത്തില്‍ പാര്‍ട്ടിയും ഭരണവും ഒരുമിച്ച് ലയിച്ച് ഒരേയൊരു വ്യക്തിയില്‍ അധികാരം കേന്ദ്രീകരിക്കുന്ന അവസ്ഥ മുമ്പും കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിരുന്ന എല്ലാ രാജ്യങ്ങളിലും നിലനിന്നിരുന്നു. അതിന് വലിയ വില അവിടങ്ങളിലെ പാര്‍ട്ടികള്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവിടങ്ങളില്‍ നിരാകരിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകാലത്തെ പീഡനങ്ങളും ദുഷ്‌ചെയ്തികളും ഏറെകാലം അത്തരം രാജ്യങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ബംഗാളിലേയും തൃപുരയിലേയും അനുഭവം അതു തന്നെയാണ്. കേരളം അതിലേക്ക് നടന്നടുക്കുകയാണ്. കോടിയേരിയുടെ വരവ് തീര്‍ച്ചയായും നാശത്തിലേക്കുള്ള ഈ യാത്രയെ ത്വരിതഗതിയിലാക്കുമെന്നു മാത്രം. അതിനു വേണ്ടി അദ്ദേഹം ബോധപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതായിട്ടില്ല. കാര്യമായ തിരുത്തലുകള്‍ വരുത്താതെ സാക്ഷിയായി നിന്നാല്‍ മാത്രം മതി. അത് ചെയ്യുമെന്ന് ഉറപ്പാണ്.

ലോകം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തവും ആധുനികവും ശാസ്ത്രീയ അടിത്തറയുള്ളതുമായ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാലിന്‍ ഭരണകാലത്ത് എവിടെയായിരുന്നു. സഖാവ് ലെനിന്‍ മരിച്ചതോടെ പാര്‍ട്ടിയും മരണമടഞ്ഞു. അതിന്റെ ഒരു നിഴല്‍ മാത്രം സ്റ്റാലിന്റെ പിറകെ ഇഴഞ്ഞു. പാര്‍ട്ടിയും രാജ്യവും ഭരണവും കോടതിയും പൊലീസും പട്ടാളവും യുദ്ധവും സമാധാനവും ഒരേയൊരു സ്റ്റാലിന്‍ മാത്രമായി. ബാക്കിയെല്ലാവരും ഹല്ലേലുയ്യ പാടി നടന്നു.പാട്ടു തെറ്റിച്ചവരെയും അറിയാത്തവരെയും സ്റ്റാലിന്‍ കണ്ണില്‍ ചോരയില്ലാതെ വകവരുത്തി. പ്രഗത്ഭനായ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കാരായ പതിനായിരങ്ങള്‍ ഭൂവാസം വിട്ട് എവിടെയോ അപ്രത്യക്ഷരായി. ജനലക്ഷങ്ങള്‍ കുരുതി കൊടുക്കപ്പെട്ടു. ഇതൊക്കെ മനസ്സിലാക്കിയും തിരുത്താന്‍ ശ്രമിച്ചും പിന്നീട് വന്നവരും താമസിയാതെ ഏറിയും കുറഞ്ഞും അതേപടി സഞ്ചരിച്ചു. എല്ലാത്തിനും അവസാനം കുറിച്ചു. ഒരു വളര്‍ച്ചയും തളര്‍ച്ചയും ഏതിനും ഉണ്ട്. ചിലപ്പോള്‍ അതിന് സമയമെടുക്കും. ചിലപ്പോള്‍ അതിവേഗം നശിച്ചു പോകാനും സാധ്യതയുണ്ട്. എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇപ്പോള്‍ ചൈനയിലും അതു തന്നെയാണ് നടക്കുന്നത്. ഭരണകൂടത്തില്‍ നിന്നും പാര്‍ട്ടിയെ വേര്‍തിരിച്ചു കാണാന്‍ വളരെ പ്രയാസമാണ്. സൂക്ഷ്മ തലത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പാര്‍ട്ടി കോണ്‍ഗ്രസുമെല്ലാം ഒരു നിഴല്‍പോലെ നൃത്തം വെക്കുന്നതു കാണാം. അത് സംവിധാനം ചെയ്യുന്നതും അത് ചടുല നൃത്തമോ, ചുടല നൃത്തമോ ആകുന്നതും ഏറ്റവും മുകളിലെ ഒരാളിന്റെ അംഗചേഷ്ടകള്‍ക്ക് അനുസൃതമാണ്. പാര്‍ട്ടി കൊണ്ട് ഭരണത്തെ തിരുത്താന്‍ കോടിയേരി പോലൊരാള്‍ക്ക് മാത്രമല്ല ഇന്നത്തെ സ്ഥിതിയില്‍ ആരുവന്നാലും സാധിച്ചുകൊള്ളണമെന്നില്ല. അഥവാ ശക്തരായ ചിലരുടെ പേരുകള്‍ വായനക്കാരുടെ മനസില്‍ ഓടിയെത്തുന്നുണ്ടായിരിക്കാം. പക്ഷേ അവര്‍ അത്തരം പദവികളില്‍ എത്തുന്നതിനെ തടയുവാന്‍ ഇവിടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഭരണത്തെ നിയന്ത്രിക്കാമെന്നവര്‍ വ്യാമോഹിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഭരിക്കുന്നത് പാര്‍ട്ടിയായാലും പിണറായി നേരിട്ടായാലും രണ്ടും ചേര്‍ന്നായാലും നാട്ടുകാര്‍ക്ക് നല്ല സഹന ശക്തി കൈവരിക്കേണ്ടി വരും. അതല്ലെങ്കില്‍ ചെറുത്തു നില്‍പ്പ് വേണ്ടി വരും. ഒരു ബദല്‍ സാധ്യത അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഉറപ്പാക്കലാണ് ന്യായം. പാവം കോടിയേരി അദ്ദേഹത്തെ വെറുതെ വിടുന്നു.

web desk 3: