മുജീബ് കെ താനൂര്‍

ഇന്ത്യയില്‍ മനുഷ്യാവകാശത്തിന്റെ പല്ലു കൊഴിയുന്നു എന്ന തലക്കെട്ടോടെ ഇംഗ്ലണ്ടിലെ ദി ടൈംസ് പത്രം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ചെയര്‍മാനായി ജസ്റ്റിസ് അരുണ്‍ മിശ്രയെ നിയമിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ലേഖനം. സര്‍വീസിലിരിക്കെ ഏറെ വിവാദമായ പല ഉത്തരവുകളും ഭരണ പക്ഷത്തിനനുകൂലമായി ഇറക്കിയ വ്യക്തിയെ രാജ്യത്തിന്റെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ട ഭരണഘടനാസ്ഥാപനത്തില്‍ മുഖ്യ സ്ഥാനത്തിരുത്തുന്ന സര്‍ക്കാര്‍ നടപടിയെ പത്രം വിമര്‍ശിക്കുന്നു. ഇത്തരം ഭരണകൂട സഹയാത്രികരെ വെച്ചു എങ്ങിനെയാണ് മനുഷ്യാവകാശ പ്രചാരണവും സംരക്ഷണവും നടക്കുക എന്നതാണ് പ്രമുഖ മനുഷ്യാവകാശ സംഘടനകളും ചോദിച്ചുവരുന്നത്.
ഇതിലൂടെ ഇന്ത്യയുടെ എ ലെവല്‍ അക്രഡിറ്റേഷന്‍ പുനഃസ്ഥാപനം പ്രയാസകരമായിമാറുമെന്നും പത്രം പറയുന്നു. ഗ്ലോബല്‍ അലയന്‍സ് രാഷ്ട്രങ്ങളുടെ മനുഷ്യാവകാശ സമിതിയാണ് ഓരോ രാജ്യങ്ങളുടെയും ഗ്രേഡ് പുനഃസ്ഥാപിക്കുന്നത്. ഇന്ത്യക്കു 1993 മുതല്‍ ഈ രംഗത്തെ സ്തുത്യര്‍ഹമായ പോരാട്ടങ്ങള്‍ കണക്കിലെടുത്താണ് എ ലെവല്‍ ഗ്രേഡ് നല്‍കിവരുന്നത്. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം 2016 ല്‍ ഗ്രേഡ് പുനഃസ്ഥാപനത്തിനു ഗ്ലോബല്‍ അലയന്‍സ് രാഷ്ട്രങ്ങളുടെ മനുഷ്യാവകാശ സമിതിയുടെ ഉപസമിതിയായ സബ് കമ്മിറ്റി ഓഫ് അക്രഡിറ്റേഷന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഭരണകൂട ഒത്താശയോടെ മനുഷ്യാവകാശ ധ്വംസനം ഏറിവരുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു എതിര്‍പ്പ്. ഒരു വര്‍ഷത്തിന്‌ശേഷം ഇന്ത്യ നല്‍കിയ രേഖാമൂലമുള്ള ഉറപ്പിന്റെ ബലത്തില്‍ അവ വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. നേരത്തെയും ഇന്ത്യന്‍ മനുഷ്യാവകാശ മേഖലയില്‍ നടക്കുന്ന ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ വിദേശ മാധ്യമങ്ങളാണ് ഉറച്ച ശബ്ദത്തില്‍ പ്രതികരിച്ചിരുന്നത്. അരുണ്‍മിശ്രയെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചതിനുപിന്നിലെ യോഗ്യതയായി ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള ബന്ധമാണെന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും വെളിപ്പെടുത്തുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു വിരമിച്ചത്.

ബാബരി മസ്ജിദ് കേസിലെ അരുണ്‍ മിശ്രയുടെ ഇടപെല്‍ വിവാദമായിരുന്നു. 2015 ഒക്ടോബര്‍ 13ന് ഗുജറാത്ത് പൊലീസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് ഒരു പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചത് അരുണ്‍ മിശ്രയടക്കമുള്ള ബെഞ്ചായിരുന്നു. ഭട്ടിന്റെ പരാതി നേരെ ചവറ്റുകൊട്ടയിലേക്കിട്ട സംഭവം രാജ്യത്തു ഇപ്പോഴും കത്തിനില്‍ക്കുകയാണ്. പരാതിക്കാരന്‍ സഞ്ജീവ് ഭട്ടിനെ കുറിച്ചു ഇന്നും ഒരു വിവരവുമില്ല. 2002 ഫെബ്രുവരി 27 നു നടന്ന ഗുജറാത്ത് കലാപത്തിലെ ദൃക്‌സാക്ഷിയായ ഏക പൊലീസ് ഓഫീസറാണ് അദ്ദേഹം. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം പറഞ്ഞ ഭട്ടിനെതിരെ ബി.ജെ.പി നേതൃത്വം സ്വീകരിച്ച നിലപാടും ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇതേ കേസില്‍തന്നെ ബി.ജെ.പി നേതൃത്വത്തിനെതിരെ നിലയുറപ്പിച്ച പ്രത്യേക കോടതി തലവനായിരുന്ന ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷം ആറു കഴിഞ്ഞു. ഇങ്ങനെ മനുഷ്യാവകാശ ധ്വംസനത്തിന്റെ ശ്രേണിയില്‍ പേര് പറഞ്ഞുകേട്ട ഒരു ന്യായാധിപനെ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ചതിലെ വൈരുധ്യം ജനാധിപത്യത്തെ വീണ്ടും കൊലക്കു കൊടുത്തതിനു തുല്യമെന്ന് ഭരണഘടന വിദഗ്ധരും അഭിപ്രായപ്പെടുന്നു. കമ്മീഷനെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ അംഗമായി ബി.ജെ. പി നേതാവും മോദി-ഷാ ദ്വന്ദങ്ങളുടെ ഉറ്റ മിത്രവുമായ രാജ്യസഭാംഗം അവിനാശ് റായ് ഖന്നയെ ഉള്‍പ്പെടുത്തിയത്തന്നെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷനും മോദിയുടെ ചൊല്‍പ്പടിയിലാക്കുന്നു എന്ന് ആരോപിച്ചു നിരവധി നേതാക്കള്‍ രംഗത്തുവന്നിരുന്നു. മനുഷ്യാവകാശത്തിന്റെ പല്ലുകൊഴിഞ്ഞതായും നാനാത്വത്തില്‍ ഏകത്വം എന്ന സംഹിതയെ ബലാല്‍ക്കാരം ചെയ്യുന്നതായും അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് മല്ലിഗാര്‍ജ്ജുന ഖാര്‍ഗെ ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ബി. ജെ.പി അംഗത്തെ ഉള്‍പ്പെടുത്തിയ നടപടി റദ്ദു ചെയ്യണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.

എന്നാല്‍ മനുഷ്യാവകാശത്തിന്റെ ഒരു ശബ്ദം കഴിഞ്ഞദിവസം രാജ്യത്തു മുഴങ്ങുകയുണ്ടായി. അതും ഒരു ന്യായാധിപനില്‍ നിന്ന്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിലപാടുമാത്രമാണ് വാക്‌സിന്‍ സൗജന്യമാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. മനുഷ്യത്വവും നീതിബോധവും ഭരണഘടന മൂല്യവുമില്ലാത്ത അധികാരികളോട് ഉറച്ച ശബ്ദത്തില്‍ വന്ന പ്രതികരണമായിരുന്നു അത്. പൗരാവാകാശത്തെ വിലമതിക്കാത്ത നിലപാട് ഇങ്ങനെ തുടര്‍ന്നാല്‍ മൂകസാക്ഷിയായിരിക്കില്ല എന്ന താക്കിത് സുപ്രീംകോടതി നല്‍കിയതു ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണ്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ആജ്ഞ ഒന്ന്‌കൊണ്ട് മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമായത്. കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാഴ്ചയ്ക്കകം കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഇതിനായി പ്രഖ്യാപിച്ച 35000 കോടിയുടെ കണക്കു വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ധൈര്യവും നീതിബോധമുള്ള ന്യായാധിപന്മാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയതാണ് ഈ സൗജന്യ വാക്‌സിന്‍. അവിടെയാണ് മനുഷ്യാവകാശത്തിന്റെ ശബ്ദം ഉയര്‍ന്നുപൊങ്ങിയത്.

ഇന്ത്യന്‍ മാധ്യമങ്ങളെ വിരട്ടി വരുതിക്ക് നിര്‍ത്തുന്ന മോദി സര്‍ക്കാര്‍ ആ കളി വിദേശ പത്രങ്ങളോടും കാണിച്ചപ്പോള്‍ കിട്ടിയ പണി വൈറലാണ്. മോദി സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ സീറോ ആണെന്ന് പറഞ്ഞു ‘ദി ആസ്‌ട്രേലിയന്‍’ എന്ന ഓസീസ് പത്രത്തിന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മാപ്പുപറയണമെന്ന് കാണിച്ചു നോട്ടീസ് അയച്ചു. ഇന്ത്യയുടെ വൈറസ് ആണ് മോദി എന്ന് വാര്‍ത്ത എഴുതിയ പത്രത്തോട്, വാര്‍ത്ത പിന്‍വലിക്കണം, ഇല്ലേല്‍ മൂക്കില്‍ വലിച്ച് കളയും എന്ന് പറഞ്ഞായിരുന്നു ഇന്ത്യന്‍ ഹൈക്കമീഷണറുടെ കത്ത്. കത്ത് കിട്ടിയ ആസ്‌ട്രേലിയന്‍ മാധ്യമം ചെയ്തതെന്തെന്നോ. പിറ്റേദിവസം ഡോസ് ഒന്നുകൂടി കൂട്ടി എഴുതി. മോദി മഹാദുരന്തമെന്നും അതിനാലാണ് രോഗപ്രതിരോധത്തിനുപകരം തന്റെ കൂടെപ്പിറപ്പായ വിവരക്കേടുകള്‍ വിളമ്പുന്നതെന്നും പത്രം ഓരോ സംഭവങ്ങളും വ്യക്തമാക്കി എഴുതുകയുണ്ടായി. ഹൈക്കമ്മിഷണര്‍ പിന്നെ എഴുതുകയൊന്നും ചെയ്തില്ല. ഇതിലെ കൗതുകം മറ്റൊന്നാണ്. മോദി ഇന്ത്യയുടെ സമ്പൂര്‍ണ നാശമെന്നു എഴുതിയത് ദി ടൈംസ് പത്രമായിരുന്നു. ഈ വാര്‍ത്ത കടപ്പാട് ചേര്‍ത്താണ് ദി ആസ്‌ട്രേലിയന്‍ പുനഃ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ടൈംസിന് ഒരു നോട്ടീസുമില്ല, ഓസീസ് പത്രത്തിന് കത്തെഴുത്തും ഭീഷണിയും. അന്താരാഷ്ട്ര പ്രശസ്തരായ മാധ്യമങ്ങളോട് കളിയ്ക്കാന്‍ ഹൈക്കമ്മീഷണര്‍ക്കും മുട്ടുവിറക്കുമെന്നു ചില ദേശീയ ചാനലുകള്‍ അഭിപ്രായപ്പെട്ടു.