X

സര്‍ക്കാര്‍ കുരുക്കില്‍ വഴിമുട്ടി തദ്ദേശ ഭരണം

പി.കെ ഷറഫുദ്ദീന്‍

സംസ്ഥാന സര്‍ക്കാറിന്റെ വികലമായ സാമ്പത്തിക നയങ്ങളില്‍ കുരുങ്ങി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം തന്ത്രപരമായി തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന നീക്കം ക്ഷേമ പദ്ധതികളെയടക്കം പ്രതിസന്ധിയിലാക്കുകയാണ്. ചരിത്രത്തില്‍ ഇന്നോളമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രാദേശിക സര്‍ക്കാറുകള്‍ക്ക്‌മേല്‍ സംസ്ഥാന സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. പദ്ധതിയുടെ അംഗീകാര നടപടി നാല് മാസം വൈകിപ്പിച്ചും ബജറ്റ് വിഹിതം വെട്ടിക്കുറച്ചും പദ്ധതി പ്രവര്‍ത്തനത്തിന് തുടക്കത്തില്‍തന്നെ തടസ്സംനിന്ന സര്‍ക്കാര്‍, ഇപ്പോള്‍ ബജറ്റിന്റെ മൂന്നാം ഗഡു തുക വൈകിപ്പിച്ചാണ് പ്രതിസന്ധിയുണ്ടാക്കിയത്. പദ്ധതി ചെലവ് തടയുന്നതിനുള്ള ബോധപൂര്‍വമായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഡിസംബര്‍ മാസത്തില്‍ അനുവദിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡുവാണ് മാര്‍ച്ച് പാതിയിലെത്തിയിട്ടും ധനവകുപ്പ് അനുവദിക്കാത്തത്. മൂന്നാം ഗഡു അനുവദിച്ചു കൊണ്ട് 1049/ 2023 നമ്പറായി 13.02.2023 തിയ്യതി കാണിച്ച് ധനവകുപ്പ് ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. എന്നാല്‍ സോഫ്റ്റ്‌വെയറില്‍ ഇത് പ്രകാരം തുക ലഭ്യമായിട്ടില്ല. ലഭിച്ചാല്‍തന്നെ ഇത്ര വൈകിയതിനാല്‍ ചെലവഴിക്കുക സങ്കീര്‍ണമാകും.

പദ്ധതി വിഹിതം മൂന്ന് ഗഡുക്കളായാണ് സര്‍ക്കാര്‍ അനുവദിക്കാറുള്ളത്. ഒന്നാം ഗഡു ഏപ്രില്‍ മാസത്തിലും രണ്ടാം ഗഡു ജൂലൈ മാസത്തിലും മൂന്നാം ഗഡു ഡിസംബറിലുമാണ് ലഭിക്കാറ്. ഇത്തവണ ഒന്നാം ഗഡു ഏപ്രിലില്‍ ലഭിച്ചെങ്കിലും രണ്ടാം ഗഡു മൂന്ന് മാസം വൈകി ഒക്ടോബറിലാണ് ലഭിച്ചത്. ശേഷം ലഭിക്കേണ്ട അവസാന ഗഡുവാണ് ഇത്ര വൈകി ഉത്തരവിറങ്ങുന്നത്. ഇനി രണ്ടാഴ്ച കൊണ്ട് മിക്ക പദ്ധതികള്‍ക്കും ബില്ല് സമര്‍പ്പിക്കാന്‍ കഴിയാതെവരും. സമര്‍പ്പിച്ച ബില്ലുകളിലേറെയും ക്യൂ ലിസ്റ്റിലേക്ക് മാറ്റി ചെലവിന്റെ കണക്കില്‍ പെടുത്തുകയും എന്നാല്‍ തുക അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍നിന്ന് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടാവുക. ഇതിലൂടെ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും കോടികള്‍ തിരിച്ച്പിടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 2023-24 വര്‍ഷത്തേക്കുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇവ ജില്ലാ ആസൂത്രണ സമിതി അംഗീകാര ഘട്ടത്തിലാണുള്ളത്. ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും തുക കണ്ടെത്തുമ്പോള്‍ നിലവില്‍ തയ്യാറാക്കപ്പെട്ട പദ്ധതിയിലേറെയും വെട്ടിക്കുറക്കേണ്ടിവരും. ഇതോടെ പ്രതിസന്ധി അടുത്തവര്‍ഷവും തുടരും.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് 17 ദിവസം മാത്രം ബാക്കിയിരിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് വെറും 53.24 ശതമാനം മാത്രമാണ്. ഗ്രാമപഞ്ചായത്തുകള്‍ 55.85 ശതമാനം, ബ്ലോക്ക് പഞ്ചായത്ത് 51.26 ശതമാനം, ജില്ലാ പഞ്ചായത്ത് 43.72 ശതമാനം, മുനിസിപ്പാലിറ്റി 47.12 ശതമാനം, കോര്‍പറേഷന്‍ 38.3 ശതമാനം എന്നിങ്ങനെയാണ് പദ്ധതി ചെലവ്. 7488.64 കോടി രൂപയില്‍ 3986.89 കോടി മാത്രമാണ് ട്രഷറിയില്‍നിന്നും അനുവദിച്ചത്. 6007 ബില്ലുകള്‍ തുക നല്‍കാതെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. മൂന്നാം ഗഡു അനുവദിക്കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ ബില്ലുകള്‍ സ്വീകരിക്കുന്നില്ല. പദ്ധതി ചെലവില്‍ ഏറ്റവും പിറകില്‍ കോഴിക്കോട് ജില്ലയാണ്. 47.71 ശതമാനാമാണ് ജില്ലയുടെ ചെലവ്. 58.07 ശതമാനം ചെലവഴിച്ച ആലപ്പുഴയാണ് മുമ്പില്‍. ജനറല്‍ സാധാരണ വിഹിതത്തില്‍ 4087.17 കോടി രൂപയില്‍ 2358.02 കോടി രൂപ മാത്രമാണ് ചെലവഴിക്കപ്പെട്ടത്. പ്രത്യേകഘടക പദ്ധതിയില്‍ 1341.3 കോടി രൂപയില്‍ 729.37 കോടി രൂപയും പട്ടികവര്‍ഗ പദ്ധതിയില്‍ 201.55 കോടിയില്‍ 112.3 കോടി രൂപയും ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ 637.45 കോടിയില്‍ 317.39 രൂപയും മാത്രമാണ് ചെലവഴിക്കപ്പെട്ടത്.

2022 ഏപ്രില്‍ ഒന്നിന് മുമ്പായി പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന്പകരം ജൂലൈ മാസത്തിലാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നത്. തന്മൂലം പദ്ധതി പ്രവര്‍ത്തനത്തിന് 12 മാസം ലഭിക്കുന്നതിന്പകരം എട്ട് മാസം മാത്രമാണ് ഇത്തവണ ലഭിച്ചത്. ഇത് പദ്ധതി ചെലവിനെ സാരമായി ബാധിച്ചു. ഈ പ്രതിസന്ധിയെ മറികടന്ന് കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നാം ഗഡു മൂന്ന് മാസം വൈകിയത് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.

പദ്ധതി വിഹിതം തടസപ്പെട്ടത് മരാമത്ത് പ്രവൃത്തികളെ മാത്രമല്ല ബാധിക്കുക. ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, അതിദരിദ്രര്‍ക്കുള്ള പദ്ധതി, ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, പാലിയേറ്റീവ് പരിചരണ പദ്ധതി തുടങ്ങി അവശവിഭാഗങ്ങള്‍ക്കുള്ള നിരവധി പദ്ധതികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലൈഫ് 2020ലെ അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന്‌ശേഷം ഈയിടെയാണ് ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇത് പ്രകാരം പരിമിതമായ പേര്‍ക്കാണ് ഈ വര്‍ഷം ധനസഹായം അനുവദിക്കുന്നത്. അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ഇതിലേറെ പേരും. ഇവര്‍ എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിച്ചെങ്കിലും ഫണ്ട് ലഭിക്കാത്തത് മൂലം പാതിവഴിയില്‍ മുടങ്ങിയ നിലയിലാണ്. ഭൂ രഹിതഭവന രഹിതര്‍ക്ക് ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതേവരെ ലഭിച്ചിട്ടുമില്ല.

തൊട്ടുമുമ്പുള്ള വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തിയാണ് സര്‍ക്കാര്‍ ഓരോ വര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം അനുവദിക്കാറുള്ളത്. എന്നാല്‍ മൂന്ന് വര്‍ഷമായി വര്‍ധനവ് ലഭിക്കുന്നില്ല എന്ന് മാത്രമല്ല, വന്‍ തോതില്‍ തുക വെട്ടിക്കുറക്കുന്ന സാഹചര്യവുമാണുള്ളത്. ഇതിന്പുറമെ നടപ്പുവര്‍ഷത്തില്‍ ബജറ്റ് വിഹിതമായി അനുവദിച്ച തുക പോലും പിന്നീട് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ വെട്ടിക്കുറക്കുന്ന സാഹചര്യമുണ്ടായി. വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന നിരവധി ഉത്തരവുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇത്മൂലം പ്രാദേശിക സാഹചര്യത്തിനനുസരിച്ച് ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കാത്ത സ്ഥിതിയുമുണ്ട്.

2022 ഡിസംബര്‍ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണവും താളംതെറ്റിയ നിലയിലാണ്. ഡിസംബറിലെ പെന്‍ഷന്‍ മാര്‍ച്ചിലാണ് വിതരണം പൂര്‍ത്തീകരിച്ചത്. ജനുവരി, ഫെബ്രുവരി മാസത്തെ പെന്‍ഷന്‍ ഇത്‌വരെ അനുവദിച്ചിട്ടില്ല.പദ്ധതി ചെലവ് ഉയര്‍ന്നുവെന്ന അവകാശവാദമാണ് ഏപ്രില്‍ ഒന്നിന് സര്‍ക്കാറില്‍ നിന്നുണ്ടാവുക. ഇതിനായി ക്യൂ ലിസ്റ്റിലുള്ള ബില്ലുകളെകൂടി ചെലവില്‍ ചേര്‍ത്ത് കാണിക്കും. ഈ തുക അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നെടുക്കും. അതോടെ അടുത്ത വര്‍ഷത്തെ പദ്ധതി ചെലവിലും ഇവ ചേര്‍ത്തപ്പെടും. ഫണ്ട് നഷ്ടപ്പെടാതെ രണ്ട് വര്‍ഷത്തെ പദ്ധതി വിഹിതം ഉയര്‍ത്തിക്കാണിക്കുന്ന സര്‍ക്കാര്‍ കുതന്ത്രത്തിന്റെ നഷ്ടം അനുഭവിക്കുക പ്രാദേശിക സര്‍ക്കാറുകളും ഇവയെ ആശ്രയിക്കുന്ന അവശവിഭാഗങ്ങളും മാത്രമായിരിക്കും.

webdesk11: