X

കാസര്‍കോട് വെടിവെപ്പിന് 12 വര്‍ഷം

അഡ്വ എം ടി പി എ കരീം

പന്ത്രണ്ടു വര്‍ഷം മുമ്പ് ഇതേ ദിനത്തിലാണ് സമൂഹ മന:സാക്ഷിയെ പിടിച്ചുലച്ച കാസര്‍കോട് വെടിവെപ്പ് നടന്നത്. ആകാശംമുട്ടെ ആവേശവുമായി ഹൃദയത്തില്‍ കൂടുകെട്ടിയ പ്രിയ നേതാക്കളെ കാണാനും അവരെ കേള്‍ക്കാനുമാണ് കാസര്‍കോട് ജില്ലയുടെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ ജനസഞ്ചയത്തിന് നേരെ പൊലീസ് അകാരണമായി നിറയൊഴിച്ചതിന്റെ സ്മരണങ്ങള്‍ ഇന്നും മനസ്സില്‍ മായാതെയുണ്ട്.മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായി വീണ്ടും അവരോധിതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും 2009 നവംബര്‍ 15ന് വൈകിട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ സമ്മേളനത്തിനെത്തിയ ജനകൂട്ടത്തിന് നേര്‍ക്കാണ് ഇടത് ഭരണകൂടത്തിന്റെ വര്‍ഗീയ മുഖം മൂടിയണിഞ്ഞ കാക്കി വേഷധാരികള്‍ തലങ്ങും വിലങ്ങും നിറയൊഴിച്ചത്.

സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച ലീഗണികളുടെ ഒഴുക്കാണ് സമ്മേളത്തിലുടനീളം ദൃശ്യമായത്. ഇതില്‍ അസ്വസ്ഥരായത് കാസര്‍കോട്ടെ സംഘ് പരിവാരങ്ങള്‍ മാത്രമല്ല ,സംഘി മനസ്സും കാക്കി യൂണിഫോമും ധരിച്ച ജില്ലാ പൊലീസ് മേധാവി രാംദാസ് പോത്തന്‍ കൂടിയായിരുന്നു.പ്രിയ നേതാക്കളെ കാണാനും ,അവരുടെ പ്രസംഗം ശ്രവിക്കാനും പ്രത്യേക വാഹനത്തില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ ചെറുവത്തൂര്‍ കൈതക്കാട്ടെ ഷഫീഖിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് ക്രമസമാധാനം കാക്കാന്‍ ബാധ്യതയുള്ള ജില്ലാ പൊലീസ് മേധാവി വെടിവെച്ചു കൊലപ്പെടുത്തിയത്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നാലുപാടും ചിതറിയോടിയ പ്രവര്‍ത്തകരില്‍ ഒരാളായ ആരിക്കാടിയിലെ അസ്ഹറിനെ നഗരത്തിലെ ബി ജെ പി കേന്ദ്രമായ കറന്തക്കാട് വെച്ച് സംഘ് പരിവാര്‍ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്തയും അല്പം കഴിഞ്ഞെത്തി. രണ്ടു കുടുംബങ്ങളുടെ അത്താണികളായിരുന്ന വിലപ്പെട്ട രണ്ട് ജീവനുകളാണ് സംഘി മനസ്സുള്ള പൊലീസ് ചീഫും സംഘ് പരിവാര്‍ ഗുണ്ടകളും കൂടി കവര്‍ന്നെടുത്തത്. ഭരണകൂടത്തിന്റെ ജനാധിപത്യ അവകാശ നിഷേധത്തിനും ഔദ്യോഗിക തലത്തിലുള്ളവരുടെ കുടില മനസിനുമെതിരെ കൂടുതല്‍ ഐക്യപ്പെടാന്‍ ഷഫീഖ്- അസ്ഹര്‍ ഓര്‍മദിനം പ്രചോദനമാകണം. ഇളംപ്രായത്തില്‍ ഞെട്ടറ്റ് പോയ പ്രിയ സോദരരുടെ മരിക്കാത്ത ഓര്‍മകള്‍ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെയുള്ള തീജ്വാലയായി എന്നും അവശേഷിക്കുക തന്നെ ചെയ്യും.

 

 

web desk 3: