Connect with us

Features

കാസര്‍കോട് വെടിവെപ്പിന് 12 വര്‍ഷം

ആകാശംമുട്ടെ ആവേശവുമായി ഹൃദയത്തില്‍ കൂടുകെട്ടിയ പ്രിയ നേതാക്കളെ കാണാനും അവരെ കേള്‍ക്കാനുമാണ് കാസര്‍കോട് ജില്ലയുടെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ ജനസഞ്ചയത്തിന് നേരെ പൊലീസ് അകാരണമായി നിറയൊഴിച്ചതിന്റെ സ്മരണങ്ങള്‍ ഇന്നും മനസ്സില്‍ മായാതെയുണ്ട്.

Published

on

അഡ്വ എം ടി പി എ കരീം

പന്ത്രണ്ടു വര്‍ഷം മുമ്പ് ഇതേ ദിനത്തിലാണ് സമൂഹ മന:സാക്ഷിയെ പിടിച്ചുലച്ച കാസര്‍കോട് വെടിവെപ്പ് നടന്നത്. ആകാശംമുട്ടെ ആവേശവുമായി ഹൃദയത്തില്‍ കൂടുകെട്ടിയ പ്രിയ നേതാക്കളെ കാണാനും അവരെ കേള്‍ക്കാനുമാണ് കാസര്‍കോട് ജില്ലയുടെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ ജനസഞ്ചയത്തിന് നേരെ പൊലീസ് അകാരണമായി നിറയൊഴിച്ചതിന്റെ സ്മരണങ്ങള്‍ ഇന്നും മനസ്സില്‍ മായാതെയുണ്ട്.മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായി വീണ്ടും അവരോധിതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും 2009 നവംബര്‍ 15ന് വൈകിട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ സമ്മേളനത്തിനെത്തിയ ജനകൂട്ടത്തിന് നേര്‍ക്കാണ് ഇടത് ഭരണകൂടത്തിന്റെ വര്‍ഗീയ മുഖം മൂടിയണിഞ്ഞ കാക്കി വേഷധാരികള്‍ തലങ്ങും വിലങ്ങും നിറയൊഴിച്ചത്.

സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച ലീഗണികളുടെ ഒഴുക്കാണ് സമ്മേളത്തിലുടനീളം ദൃശ്യമായത്. ഇതില്‍ അസ്വസ്ഥരായത് കാസര്‍കോട്ടെ സംഘ് പരിവാരങ്ങള്‍ മാത്രമല്ല ,സംഘി മനസ്സും കാക്കി യൂണിഫോമും ധരിച്ച ജില്ലാ പൊലീസ് മേധാവി രാംദാസ് പോത്തന്‍ കൂടിയായിരുന്നു.പ്രിയ നേതാക്കളെ കാണാനും ,അവരുടെ പ്രസംഗം ശ്രവിക്കാനും പ്രത്യേക വാഹനത്തില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ ചെറുവത്തൂര്‍ കൈതക്കാട്ടെ ഷഫീഖിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് ക്രമസമാധാനം കാക്കാന്‍ ബാധ്യതയുള്ള ജില്ലാ പൊലീസ് മേധാവി വെടിവെച്ചു കൊലപ്പെടുത്തിയത്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നാലുപാടും ചിതറിയോടിയ പ്രവര്‍ത്തകരില്‍ ഒരാളായ ആരിക്കാടിയിലെ അസ്ഹറിനെ നഗരത്തിലെ ബി ജെ പി കേന്ദ്രമായ കറന്തക്കാട് വെച്ച് സംഘ് പരിവാര്‍ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്തയും അല്പം കഴിഞ്ഞെത്തി. രണ്ടു കുടുംബങ്ങളുടെ അത്താണികളായിരുന്ന വിലപ്പെട്ട രണ്ട് ജീവനുകളാണ് സംഘി മനസ്സുള്ള പൊലീസ് ചീഫും സംഘ് പരിവാര്‍ ഗുണ്ടകളും കൂടി കവര്‍ന്നെടുത്തത്. ഭരണകൂടത്തിന്റെ ജനാധിപത്യ അവകാശ നിഷേധത്തിനും ഔദ്യോഗിക തലത്തിലുള്ളവരുടെ കുടില മനസിനുമെതിരെ കൂടുതല്‍ ഐക്യപ്പെടാന്‍ ഷഫീഖ്- അസ്ഹര്‍ ഓര്‍മദിനം പ്രചോദനമാകണം. ഇളംപ്രായത്തില്‍ ഞെട്ടറ്റ് പോയ പ്രിയ സോദരരുടെ മരിക്കാത്ത ഓര്‍മകള്‍ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെയുള്ള തീജ്വാലയായി എന്നും അവശേഷിക്കുക തന്നെ ചെയ്യും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

പ്രയാസമൊഴിയാതെ മത്സ്യവിതരണ തൊഴിലാളികള്‍

കേരള സ്റ്റേറ്റ് സ്വതന്ത്ര മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) കാര്യപ്രസക്തമായ ആവശ്യങ്ങള്‍ നിവേദനമായി നല്‍കിയിട്ടും ഈ മേഖലയിലുള്ളവരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

Published

on

സാഹിര്‍ പാലക്കല്‍

കേരളത്തിലെ പൊതുമാര്‍ക്കറ്റ് കേന്ദ്രീകരിച്ചും തലച്ചുമടായും റിക്ഷാ വാഹനങ്ങളിലും ഷോപ്പുകള്‍ കേന്ദ്രീകരിച്ചും മത്സ്യം വിതരണം ചെയ്തും സംസ്‌കരിച്ചും ഉപജീവനം തേടുന്ന തൊഴിലാളികള്‍ മത്സ്യവിതരണ അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാ തൊഴിലാളി വിഭാഗത്തിനും അവരുടെ കാര്യങ്ങള്‍ അവതരിപ്പിക്കാനും ആനുകൂല്യങ്ങളില്‍ ഏകീകരണം നേടാനും കേരളത്തില്‍ ക്ഷേമ ബോര്‍ഡുകളുണ്ട്. എന്നാല്‍ കേരളത്തിലെ പതിനാല് ജില്ലകളിലും വ്യാപിച്ച് കിടക്കുന്ന മത്സ്യവിതരണ, അനുബന്ധ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിധി ബോര്‍ഡ് ഇല്ല. മത്സ്യബന്ധന തൊഴിലാളികളുടെ ക്ഷേമ ബോര്‍ഡായ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അനുബന്ധ തൊഴിലാളിയായി ചേര്‍ത്താണ് നിലവിലെ ക്ഷേമ നടപടികള്‍. ഈ സാഹചര്യത്തില്‍ കേരളത്തിലെ മത്സ്യ വിതരണ അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്കും കാര്യമായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. കാലാവര്‍ഷക്കെടുതിയുള്‍പ്പെടെ ദുരന്ത സാഹചര്യങ്ങളിലും ഏറെ പ്രയാസം അനുഭവിക്കുന്നത് ഈ വിഭാഗം തൊഴിലാളികളാണ്. മത്സ്യകമ്മീഷന്‍ ഏജന്റുമാരില്‍നിന്നും മൊത്തക്കച്ചവടക്കാരില്‍നിന്നും തൂക്ക വിഷയത്തിലും മത്സ്യത്തില്‍ മായം കലര്‍ത്തുന്നുവെന്ന പേരിലും ഈ വിഭാഗം തൊഴിലാളികള്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്.

കേരള സ്റ്റേറ്റ് സ്വതന്ത്ര മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) കാര്യപ്രസക്തമായ ആവശ്യങ്ങള്‍ നിവേദനമായി നല്‍കിയിട്ടും ഈ മേഖലയിലുള്ളവരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മത്സ്യത്തില്‍ മായം കലര്‍ത്തുന്നു എന്ന പേരില്‍ ചെറുകിട മത്സ്യവിതരണ തൊഴിലാളികളെ ദ്രോഹിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ഈ വിഭാഗം തൊഴിലാളികളുടെ മക്കള്‍ക്കും മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കണം. സബ്‌സിഡിയോടെ ഭവന നിര്‍മാണ പദ്ധതി, നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ക്ഷേമ ബോര്‍ഡ് മുഖേനയോ കോര്‍പറേഷന്‍/മുനിസിപ്പല്‍/പഞ്ചായത്ത് മുഖേനയോ ലൈസന്‍സ് നല്‍കി അനധികൃത കച്ചവടം നിര്‍ത്തല്‍ ചെയ്ത് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, ക്ഷേമ ബോര്‍ഡില്‍ ചേരാന്‍ നിബന്ധനകള്‍ ലഘൂകരിക്കുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും നല്‍കുന്നത്‌പോലെ റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കുക, ക്ഷേമനിധി പെന്‍ഷനോടോപ്പം വാര്‍ധക്യകാല പെന്‍ഷനും അനുവദിക്കുക, നിര്‍ത്തിവെച്ച ‘തണല്‍’ പദ്ധതി പുനസ്ഥാപിക്കുക, ക്ഷേമാനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, കേരളത്തിലെ ഹാര്‍ബറുകളില്‍ ഭൂരിഭാഗം ഹാര്‍ബറുകളിലും ചെറുകിട മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കുക എന്നിവയാണ് ഫെഡറേഷന്റെ ആവശ്യം.

(കേരള സ്റ്റേറ്റ് സ്വതന്ത്ര മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍-എസ്ടിയു- സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍).

Continue Reading

Features

കുട്ടികളില്‍ ക്ഷമാശീലം വളര്‍ത്താം; നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പഠനം

നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അസോസിയേറ്റ് പ്രഫസറിന്റേതാണ് പുതിയ പഠനം

Published

on

ആധുനിക കാലത്ത് അന്യമായിക്കൊണ്ടിരിക്കുന്ന ശീലമാണ് ക്ഷമ. മനുഷ്യന്‍ സാമൂഹിക ജീവിയെന്ന നിലയില്‍ ഏകാന്ത ജീവിതം ഒരിക്കലും സാധ്യമല്ല. സമൂഹത്തിലെ വിവിധ കാഴ്ചപ്പാടുകളോടും രീതികളോടും ആശയങ്ങളോടും നമുക്ക് സംവദിക്കേണ്ടി വരും. വിയോജിപ്പുകള്‍ പലപ്പോഴും പ്രതികാരത്തിലേക്ക് നയിക്കുന്നതിന്റെ മുഖ്യകാരണം ക്ഷമയുടെ അഭാവമായി കാണാം. വിയോജിപ്പുകളിലും അനിഷ്ടങ്ങളിലും വികരപ്പെടുമ്പോള്‍ നമ്മുടെ ചിന്തകളും ആശയങ്ങളും കൃത്യമായി കൈമാറാന്‍ കഴിയാതെ വരുന്നു. ചുട്ടയിലെ ശീലം ചുടല വരെയെന്ന ചൊല്ല് ഇത്തരം സന്ദര്‍ഭങ്ങളിലാണ് കുടുതല്‍ അര്‍ഥം നല്‍കുന്നത്.

ജീവിത സാഹചര്യങ്ങള്‍ നമ്മില്‍ വരുത്തുന്ന മാറ്റം വളരെ വലുതാണ്. അതുകൊണ്ട് തന്നെ നല്ല ശീലങ്ങള്‍ ചെറുപ്പത്തിലേ സ്വീകരിക്കുന്നതാവും ഉചിതം. വാഷിംഗ്ടണില്‍ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ചെറുപ്പത്തിലെ കുട്ടികളില്‍ ക്ഷമാശീലം വളര്‍ത്തിയെടുക്കണം എന്നാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍, ചിന്തകള്‍ എന്നിവ കുട്ടികള്‍ക്ക് മനസിലാക്കാന്‍ പ്രാപ്തരാക്കുന്നത് ഇതിന് സഹായകമാകുമെന്നും പഠനത്തില്‍ പറയുന്നു.

കുട്ടികള്‍ക്ക് ക്ഷമാശീലം പരിശീലിപ്പിക്കുന്നത് അവര്‍ക്കിടയില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും ഭാവിയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും സഹായകമാകും. കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവരിലും ക്ഷമാശീലം വളര്‍ത്തുന്നത് പ്രധാനമാണെന്ന് പഠനം നടത്തിയ കെല്ലി സിന്‍ മള്‍വി പറയുന്നു. നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അസോസിയേറ്റ് പ്രഫസറിന്റേതാണ് പുതിയ പഠനം. ബാല്യം മുതല്‍ കൗമാരപ്രായം വരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. 185 കുട്ടികളില്‍ വിവിധ കളികളിലൂടെയാണ് പരീക്ഷണം നടത്തിയത്.

പഠനഫലത്തില്‍ കുട്ടികളോട് ക്ഷമാപണം നടത്തിയാല്‍ അവര്‍ തിരിച്ച് ക്ഷമിക്കും, കുട്ടികള്‍ അവരുടെ കൂട്ടത്തിലുള്ളവരോട് ക്ഷമിക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു, കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കനുസരിച്ച് ക്ഷമിക്കാനുള്ള ശേഷിയും വര്‍ധിക്കുന്നു എന്നീ മൂന്ന് കണ്ടെത്തലുകളാണ് ലഭ്യമായത്. പഠനത്തില്‍ കുടുതല്‍ ഗവേഷണം നടത്തണമെന്നും രചയിതാവ് പറയുന്നു.

Continue Reading

Features

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍; ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍

ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി 1923ല്‍ നാഗ്പൂരില്‍ സത്യഗ്രഹ സമരത്തിനും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്‍കി.

Published

on

ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്‍പികളിലൊരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ് ഒക്്‌ടോബര്‍ 31. ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ഏകതാദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ദീര്‍ഘവീക്ഷണവും ദര്‍ശനങ്ങളും ഇന്നത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് പ്രധാനമാണ്. 1875 ഒക്‌ടോബര്‍ 31-ന് ഗുജറാത്തിലെ ആനന്ദ് താലൂക്കില്‍പ്പെട്ട കരംസദ ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ജാബേര്‍ ഭായ് പട്ടേല്‍. മാതാവ് ലാഡ്ബായി. ആറ് മക്കളില്‍ നാലാമനായിരുന്നു. നദിയാദ്, പെറ്റ്‌ലാദ്, ബോസാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം.

22 ാമത്തെ വയസ്സില്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. ഒരു ബാരിസ്റ്ററാവണം എന്നതായിരുന്നു ആഗ്രഹം. കഠിനാധ്വാനം കൊണ്ട് പട്ടേല്‍ രണ്ടു വര്‍ഷം കൊണ്ട് ബാരിസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. ഗോധ്ര, ബോസാദ്, ആനന്ദ് എന്നിവിടങ്ങളില്‍ അഭിഭാഷകവൃത്തി ചെയ്തു. 36-ാമത്തെ വയസ്സില്‍ പട്ടേല്‍, ലണ്ടനിലെ മിഡ്ഡില്‍ ടെംപിള്‍ ഇന്നില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേര്‍ന്നു.

ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നല്‍കിക്കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 1917ലെ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജീവിതം മാറ്റി മറിച്ചത്. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി 1923ല്‍ നാഗ്പൂരില്‍ സത്യഗ്രഹ സമരത്തിനും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്‍കി. 1931ലെ കറാച്ചി സമ്മേളനത്തില്‍ സര്‍ദാര്‍, കോണ്‍ഗ്രസിന്റെ പ്രസിഡന്റായി.

വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേല്‍ പഞ്ചാബിലെയും ദില്ലിയിലെയും അഭയാര്‍ത്ഥികള്‍ക്ക് അവശ്യസാധനങ്ങള്‍ സംഘടിപ്പിച്ചു. രാജ്യത്താകമാനം സമാധാനം പുന:സ്ഥാപിക്കുവാന്‍ പരിശ്രമിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇതിനായി മലയാളിയായ വിപി മേനോന്‍ അദ്ദേഹത്തിന്റെ കൂടെ നിന്നു.

 

Continue Reading

Trending