X

സാമൂഹ്യക്ഷേമവും മഹല്ലുകളും

എ.എസ് മുഹമ്മദ്കുഞ്ഞി

മുസ്‌ലിംകള്‍ക്കിടയില്‍ മഹല്ല് സംവിധാനം സഹസ്രാബ്ദം മുമ്പെങ്കിലും ആരംഭിച്ചിരിക്കാനാണ് സാധ്യത. ഓരോ മഹല്ലുകളിലും പഞ്ചായത്തിലെന്നപോലെ ജനാധിപത്യം പുലരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി നിലവില്‍വരുന്നു. ചര്‍ച്ചക്ക് വരുന്ന അജണ്ടകള്‍, പള്ളിയുടെ പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, പള്ളി ഇമാം, പരിപാലകന്‍, മദ്‌റസാധ്യാപകരുടെ ശമ്പളം, അതിനുവേണ്ടിയുള്ള വരിസംഖ്യ സ്വരൂപിക്കല്‍ എന്നിത്യാദി കാര്യങ്ങള്‍ മാത്രമാകുന്നു.

മഹല്ല് കമ്മിറ്റികള്‍ കുറേക്കൂടി മണ്ണിലേക്ക് ഇറങ്ങിവരേണ്ടതല്ലേ? അവ കാലോചിതമായി മാറേണ്ടതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. അതിന്റെ ചട്ടക്കൂടും സ്വഭാവവും മഹല്ല് നിവാസികളുടെ/കുടുംബങ്ങളുടെ ക്ഷേമമാണ് ലക്ഷ്യംവെക്കുന്നത്. കേവലം പള്ളിയും മത ചടങ്ങുകള്‍ക്കുമപ്പുറം, ഭൗതികമായ സര്‍വ പ്രശ്‌നങ്ങളിലും ഇടപെടേണ്ടതാണ്. അതിന് വേണ്ടത് ആ കുടുംബത്തിന്റെ അനുവാദം മാത്രം. ഇങ്ങനെവന്നാല്‍ സിവില്‍ ഭരണവുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടേക്കുമോ എന്ന ഭയം കാരണമാവും കഴിയുന്നതും പള്ളി, മദ്‌റസ, ഉസ്താദ് കാര്യങ്ങളില്‍ മാത്രം മഹല്ല് കമ്മിറ്റികളുടെ ചര്‍ച്ചകള്‍ ഒതുങ്ങിപ്പോയത്. സിവില്‍ ഭരണം, മഹല്ലിനകത്തെ (പുറത്തേതാണെങ്കില്‍ ആ മഹല്ലിലെ പ്രതിനിധിയേയും ഉള്‍പ്പെടുത്തണം) കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നം, ഇരു കക്ഷികളുടെയും സമ്മതപ്രകാരം നീതിക്ക് നിരക്കുന്ന രീതിയില്‍ നാട്ടില്‍ ആരെങ്കില്‍ ഒതുക്കിത്തീര്‍ക്കുന്നത് എതിര്‍ക്കപ്പെടുന്നുണ്ടോ.? പിന്നെങ്ങനെ മഹല്ല് കമ്മിറ്റിയുടെ ഇടപെടല്‍ പ്രശ്‌നമാകും.?

മഹല്ല് സംവിധാന വിഷയത്തില്‍ വിദഗ്ധനായ ഒരു നിമയജ്ഞന്റെ പ്രഭാഷണം ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക്മുമ്പ് കേള്‍ക്കാനിടയായിരുന്നു. അദ്ദേഹം കേരളത്തില്‍ തന്നെ, കണ്ണൂര്‍ വയനാട് പോലുള്ള ജില്ലകളില്‍ പോലും, മഹല്ലുകളില്‍ നടപ്പില്‍വരുത്തി വിജയിച്ച പല പദ്ധതികളേയും ഉദാഹരണസഹിതം പരിചയപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്ന് ന്യായവിലക്ക് സാധനങ്ങള്‍ കൊടുക്കുന്ന സംവിധാനം പോലുമുള്ള മഹല്ലുകള്‍ കേരളത്തിലുണ്ട്. ഇസ്‌ലാം മുന്നോട്ട്‌വെക്കുന്ന സാമ്പത്തിക (വ്യക്തിയുടെ) പാക്കേജ് കുറ്റമറ്റതും സമാനമില്ലാത്തതുമായ ഒന്നാണ്. എക്കാലത്തും അതിനൂതനമായിതന്നെ അത് നിലനില്‍ക്കുന്നു. ഇസ്‌ലാം സക്കാത്ത് അഥവാ നിര്‍ബന്ധ ദാനമെന്ന പേരില്‍ മുന്നോട്ട്‌വെച്ചിരിക്കുന്ന സമ്പ്രദായം, ലോകം കണ്ട വലിയ സാമ്പത്തിക വിദഗ്ധര്‍ പോലും അംഗീകരിച്ചതാണ്. അതായത് സമ്പാദ്യത്തിന്റെ നിശ്ചിത ശതമാനം നിര്‍ബന്ധമായും സമൂഹത്തിലെ അര്‍ഹിക്കുന്നവര്‍ക്കായി മാറ്റിവെക്കണമെന്നത്. നിങ്ങളുടെ കൈയിലുള്ള ധനം, സക്കാത്ത് നല്‍കാന്‍ ബാധ്യതപ്പെട്ടതാണെങ്കില്‍, അത് ഹലാലായ (അനുവദനീയം) ധനമാകണമെങ്കില്‍, അതിന്റെ വിഹിതമായ സക്കാത്ത് നല്‍കിയേ മതിയാവൂ. ഈ ധന വിനിയോഗ പദ്ധതിയെ മഹല്ലുമായി കൂട്ടിവായിക്കണം. ഒരു മഹല്ലിന് കീഴില്‍ ഇന്ന് അത്രയധികമൊന്നും പാവപ്പെട്ടവര്‍ കാണാന്‍ സാധ്യതയില്ല. അതിനേക്കാളേറെ സക്കാത്ത് നല്‍കാന്‍ ബാധ്യസ്ഥരായവര്‍ കാണും. അവര്‍, മതം മുന്നോട്ട്‌വെക്കുന്നവിധം സത്യസന്ധമായി കൊടുത്തുവീട്ടേണ്ട ധനം പാവപ്പെട്ടവരുടെ ഉന്നമനത്തിന് മതിയായതായിരിക്കും.

മഹല്ല് എന്ന മൂന്നക്ഷരം പ്രതിനിധീകരിക്കുന്ന കെട്ടുറപ്പ് ഭൗതീകമായി വലിയൊരു സൗകര്യമാണ്. സാധാരണ നമസ്‌ക്കാരങ്ങളില്‍നിന്ന് വെള്ളിയാഴ്ച ഉച്ച നമസ്‌ക്കാരത്തെ വ്യത്യസ്തമായി ജുമുഅ ആയി നിജപ്പെടുത്തിയതിനെ കുറിച്ചും ചിന്തിച്ചു നോക്കുക. സക്കാത്ത്, മഹല്ല് കമ്മിറ്റി, വെള്ളിയാഴ്ച (ജുമുഅ) കൂടിച്ചേരല്‍. ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ സഹസ്രാബ്ദങ്ങള്‍ക്ക്മുമ്പ് അങ്ങനെ ചിന്തിച്ചു എന്നത് മഹാ സംഭവമല്ലേ.? വെള്ളിയാഴ്ചകള്‍ എന്നത് മഹല്ല് കുടുംബങ്ങളുടെ ജനറല്‍ ബോഡിയാണ്. പരസ്പരം ബന്ധപ്പെട്ട് സഹകരിച്ച് വര്‍ത്തിക്കാനും ആശയം കൈമാറാനും ഒരവസരം. അതിലെ ഒരു യൂണിറ്റായ കുടുംബത്തിന് വന്നുഭവിച്ചിരിക്കുന്ന പ്രശ്‌നം, മുഴുവന്‍ നാട്ടു/മഹല്ലുകാരുടെയും ആ സമ്മേളനത്തില്‍ സംസാരിച്ച് പരിഹരിക്കാവുന്നതല്ലേയുള്ളൂ. ഒത്ത്പിടിച്ചാല്‍ മലയും പോരും എന്നാണല്ലോ പ്രമാണം. വക്കീല്‍, തഹസില്‍ദാര്‍, സിരസ്തദാര്‍ തുടങ്ങി ഒരുപാട് അധികാര ശബ്ദങ്ങള്‍ അറബിയില്‍ നിന്ന് മലയാള ഭാഷ സ്വീകരിച്ചിരിക്കെ, തദ്ദേശ സ്വയംഭരണം എന്ന ആശയവും മഹല്ല് സമ്പ്രദായത്തില്‍നിന്ന് ഉയിര്‍കൊണ്ടതാവില്ലേ.? ഒരു മഹല്ലിന് കീഴില്‍ വരുന്ന നാല്‍പതോ അതിലധികമമോ വരുന്ന കുടുംബങ്ങളെ ബാധിക്കുന്ന സര്‍വ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അതിന്റെ സാരഥികള്‍ ആര്‍ജ്ജവമുള്ളവരാണെങ്കില്‍, മനസ് വെക്കണം.

 

 

web desk 3: