X
    Categories: NewsWorld

ഗസയിലെ യുദ്ധത്തില്‍ 12,500 ഇസ്രാഈലി സൈനികര്‍ക്ക് വൈകല്യം സംഭവിച്ചതായി റിപ്പോര്‍ട്ട്‌

ഗസയിലെ പോരാട്ടത്തില്‍ 12,500 ഇസ്രാഈലി സൈനികര്‍ക്കെങ്കിലും വൈകല്യം സംഭവിച്ചതായി ഇസ്രാഈലി മാധ്യമം യെദ്യോത്ത് അഹ്രോനോത്ത്. സൈനികര്‍ക്കിടയിലെ പരിക്കുകളെ കുറിച്ച് വിലയിരുത്താന്‍ ഇസ്രാഈലിന്റെ പ്രതിരോധ മന്ത്രാലയം നിയോഗിച്ച കമ്പനിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

അതേസമയം വൈകല്യം സംഭവിച്ചതായി അംഗീകരിക്കപ്പെട്ട സൈനികരുടെ കണക്ക് 20,000 വരെയെത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ കേന്ദ്രത്തില്‍ നിലവില്‍ 60,000ത്തോളം സൈനികരാണ് ചികിത്സയില്‍ ഉള്ളത്.

ഒക്ടോബര്‍ ഏഴിന് ശേഷം 3,400 സൈനികരെയാണ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. 2023 ആകെ 5,000 സൈനികരെയെങ്കിലും കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ പുറത്തുവന്ന കണക്കുകളും ഔദ്യോഗിക വിവരങ്ങളും യുദ്ധസമയത്ത് ഇസ്രാഈല്‍ പുറത്തുവിട്ട കണക്കുകളെ ഖണ്ഡിക്കുന്നതാണ്. ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ ഇസ്രാഈല്‍ സൈന്യം പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതലായിരുന്നു എന്നതിനാല്‍ നേരത്തെ തന്നെ ഇസ്രഈല്‍ സേനയുടെ റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

വൈകല്യം സംഭവിച്ച സൈനികര്‍ക്കുള്ള പദ്ധതിക്കെതിരെ നേരത്തെ തന്നെ വിമര്‍ശങ്ങളുണ്ടെന്നിരിക്കെ വീണ്ടും ആയിരത്തോളം സൈനികര്‍ പുനരുധിവാസ സേവനങ്ങള്‍ക്കായി എത്തുമ്പോള്‍ സാമ്പത്തികമായ വെല്ലുവിളികള്‍ വര്‍ധിക്കുമെന്ന് യെദ്യോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ലെ ഗസ യുദ്ധത്തിനുശേഷം ആത്മഹത്യ ചെയ്ത ഇറ്റ്‌സിക് സൈദിയാന് സമാനമായ കേസുകള്‍ ഉണ്ടാകുമെന്നും യെദ്യോത്ത് അഹ്രോനോത്ത് മുന്നറിയിപ്പ് നല്‍കുന്നു. മന്ത്രാലവുമായി ഓരോ പ്രാവശ്യവും ബന്ധപ്പെടുമ്പോള്‍ സ്വയം അപമാനിതനാകുന്നു എന്ന് തോന്നിയ ഇറ്റ്‌സിക് സൈദിയാന്‍ 2021ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പുനരുധിവാസ ഓഫീസിനു മുമ്പില്‍ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു.

webdesk14: