X
    Categories: NewsViews

കേന്ദ്രീയ വിദ്യാലയം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നു പോലുമറിയാത്ത എം.എല്‍.എയാണോ; വെട്ടിലായി പ്രതിഭ എം.എല്‍.എ

കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ മകനെ സ്‌കൂളില്‍ ചേര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ മണ്ടത്തരം എഴുതി കായംകുളം എം.എല്‍.എ പ്രതിഭ. ബിന്ദു കൃഷ്ണയുടെ മകന്‍ ശ്രീകൃഷ്ണയെ കേന്ദ്രീയ വിദ്യാലയത്തില്‍ അയക്കുന്നതിനു പകരം സര്‍ക്കാര്‍ വിദ്യാലയത്തില്‍ അയക്കാന്‍ നിര്‍ദേശിച്ചായിരുന്നു പ്രതിഭയുടെ പോസ്റ്റ്. എന്നാല്‍ ഇതു പ്രതിഭയെ തന്നെ വെട്ടിലാക്കി. കേന്ദ്രീയ വിദ്യാലയം കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമാണെന്നു പോലും അറിയാത്ത ആളാണോ എം.എല്‍.എ എന്നായിരുന്നു കമന്റുകളില്‍ വ്യാപകമായി വന്ന പരിഹാസം.

സ്‌കൂള്‍ തുറന്ന ആദ്യ ദിനത്തില്‍ അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം നില്‍ക്കുന്ന മകന്റെ ഫോട്ടോ ബിന്ദു കൃഷ്ണ ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഫെയ്‌സ്ബുക്കില്‍ സ്വന്തം കുറിപ്പിനൊപ്പം ചേര്‍ത്തു.
കുറിപ്പ് ഇങ്ങനെ:

കേരളത്തിലെ കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് ആണ് ( ഈ ഫോട്ടോയില്‍ കാണുന്ന മകനോട് സ്‌നേഹം മാത്രം. ഒപ്പം പഠനത്തിന് ആശംസകള്‍ ). രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചത്. അപ്പോള്‍ അത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ആകും. ഇനി വിഷയത്തിലേക്ക് വരാം.കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നത് June 6 ന് ആണ്. എന്റെ മകന്‍ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങള്‍ വന്നു. യൂണിഫോം വന്നു.. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വിദ്യാലയങ്ങള്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു..
ഇവിടെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാന്‍ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണ്… ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓണ്‍ലൈന്‍ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാര്‍ത്ഥികള്‍ക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നല്‍കുന്നത് കണ്ടു. തങ്ങള്‍ ആര്‍ക്കാണോ പ്രചരണം നല്‍കാന്‍ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നത് കണ്ടു. എന്നാല്‍ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവര്‍ത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താന്‍ ..
നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമര്‍ശിക്കാനോ വിലയിരുത്താനോ നമ്മള്‍ക്കെന്ത് അവകാശം.. ജനപ്രതിനിധി ആയി ജില്ലാ പഞ്ചായത്തില്‍ ഇരിക്കെ നിരന്തരമായി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ ക്യാംപയിന്‍ ചെയ്യുമായിരുന്നു.അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു.എന്റെ സഹപ്രവര്‍ത്തകരായിരുന്നു രണ്ട് അംഗങ്ങള്‍ അവരുടെ മക്കളെ Unaided നിന്നും പൊതു വിദ്യാലയത്തിലേക്ക് മക്കളെ മാറ്റി ചേര്‍ത്തു.
… നാട് എങ്ങനെയുമാകട്ടെ. നമ്മുടെ മക്കള്‍ സുരക്ഷിതരായി പഠിച്ച് വളരട്ടെ എന്ന് കരുതുന്ന ചിന്താഗതി മാത്രമാണ് ഇവിടെ ചൂണ്ടി കാണിച്ചിട്ടുള്ളത്… ആദര്‍ശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണി യേണ്ടവരല്ല നമ്മള്‍ പൊതുപ്രവര്‍ത്തകര്‍.. സമൂഹത്തിന്റെ ഭാഗമായി നില്‍ക്കേണ്ടവരാണ് നമ്മള്‍ .. എന്റെ മകനെ അംഗന്‍വാടി മുതല്‍ ഈ നിമിഷം വരെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയില്‍ തന്നെയാണ് ഈ Post ഇടുന്നത്. എന്നും സര്‍ക്കാര്‍ സ്‌കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം… ഈ Post കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എതിരാണ് എന്ന രീതിയില്‍ പ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ല. മലയാളം മീഡിയത്തില്‍ പഠിക്കുന്ന,, പണം കൊടുത്ത് വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കാത്ത ,, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മനസ്സിലാകും .. മനസ്സിലായാല്‍ മതി..

എന്നാല്‍ പ്രതിഭയുടെ പോസ്റ്റിന് കിടിലന്‍ മറുപടിയുമായി ബിന്ദു കൃഷ്ണയും രംഗത്തെത്തി.
ബിന്ദു കൃഷ്ണയുടെ മറുപടി വായിക്കാം:

മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞങ്ങളുടെ മകന്‍ പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണും. അതല്ലെങ്കില്‍ ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാം. അതുമല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാര്‍ക്കുള്ള ഒളിയമ്പുമാകാം ആ കുട്ടിയുടെ പോസ്റ്റ്.

മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോ. ഒരു കാര്യത്തില്‍ പ്രതിഭ സംശയിക്കേണ്ട, കേന്ദ്ര സര്‍ക്കാര്‍ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാള്‍ ആഘോഷിക്കുന്ന ഒരു ദിവസം പോലും എന്റെ മകനെ സ്‌കൂളില്‍ വിടില്ല. മകന്റെ വിദ്യാഭ്യാസം ഒരു ദിവസം പോലും മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന മാതാവിനെക്കാള്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും മതേതര ഭാരതത്തെ തിരിച്ചുപിടിക്കാന്‍ പോരാട്ടം നയിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഞാന്‍.

വിവാദമായതോടെ താന്‍ കേന്ദ്രീയ വിദ്യാലയത്തിന് എതിരല്ലെന്ന തരത്തില്‍ പോസ്റ്റ് പ്രതിഭ എം.എല്‍.എ തിരുത്തിയിട്ടുണ്ട്.

web desk 1: