അബ്ദുല്ല വാവൂര്
വെര്‍ച്വല്‍ പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലിലൂടെ കുരുക്കഴിക്കേണ്ട ചില പ്രശ്നങ്ങള്‍ സജീവമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞവര്‍ഷം സ്കൂളുകളില്‍ ഓണ്‍ ലൈന്‍ പഠനം നടന്നത്. വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷ ണം ചെയ്യുന്ന രീതിയാണ് പൊതുവെ അവലംബിച്ചത്. എന്നാല്‍ ഈ വര്‍ഷം സ്കൂള്‍ തലത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വര്‍ഷത്തെ അനുഭവത്തില്‍നിന്ന് ഓണ്‍ ലൈന്‍ പഠനത്തില്‍ ഒട്ടേറെ പോരായ്മകള്‍ കണ്ടെത്താനായിട്ടുണ്ട്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍, തീരദേശ മേഖലയിലുള്ളവര്‍, ഒറ്റപ്പെട്ട തുരുത്തുകളിലും മലയോര മേഖലകളിലും കഴിയുന്നവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, പഠന വൈകല്യമുള്ളവര്‍ മുതലായ വിഭാഗത്തിലെ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ പരിധിക്ക് പുറത്തായിരുന്നു.ഡിജിറ്റല്‍ പഠനം ഇവരിലുണ്ടാക്കിയ ഡിജിറ്റല്‍ ഡിവൈഡും അക്കാദമിക വിടവും ഗൗരവമായി കാണേണ്ടതാണ്. പ്രാന്തവത്കരിക്കപ്പെട്ട ഈ വിഭാഗങ്ങളെ പരിഗണിച്ചാകണം പുതിയ പഠനം ആസൂത്രണം ചെയ്യേണ്ടത്.
കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പഠനം പകുതി പിന്നിട്ട സമയത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തില്‍ പന്ത്രണ്ട് ശതമാനം കുട്ടികള്‍ക്കും വീട്ടില്‍ ടി.വി ഇല്ലെന്നും എട്ട് ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്നും മുപ്പത്തിയഞ്ചു ശതമാനം മുടക്കം കൂടാതെ ക്ലാസുകള്‍ കണ്ടിട്ടില്ലെന്നും 39.5 ശതമാനത്തിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വേഗത ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം ബാലസംഘം ഈ വിഷയത്തില്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് അഞ്ച് ശതമാനം കുട്ടികള്‍ക്ക് യതൊരുവിധ ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഇല്ലെന്നും കഴിഞ്ഞവര്‍ഷം മുടക്കംകൂടാതെ ക്ലാസുകള്‍ കണ്ടത് 58.2 ശതമാനം കുട്ടികളാണെന്നും 41.8 ശതമാനം പൂര്‍ണ്ണമായും കാണാത്തവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് പഠനങ്ങളും ശതമാനകണക്കില്‍ ചില ഏറ്റക്കുറച്ചിലുകള്‍ കാണിക്കുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മൂല്യ നിര്‍ണ്ണയം കഴിഞ്ഞാല്‍ ഉടന്‍ പുറത്ത്വരും. തുടര്‍പഠനത്തിന് യോഗ്യത നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും അതിനുള്ള സൗകര്യം ഒരുക്കല്‍ സര്‍ക്കാരിന്റെ ബാധ്യതയാണ്. ഉന്നത വിദ്യാഭ്യാസത്തിലേക്ക് കുട്ടികള്‍ക്കുള്ള ജാലകമാണ് പ്ലസ്വണ് പഠനം എന്നിരിക്കെ അത് അവര്‍ക്ക് നിഷേധിക്കാന്‍ പാടില്ല. കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് കുട്ടികളാണ് പ്രത്യേകിച്ചും മലബാറില്‍ പ്രവേശനം നേടാതെ പുറത്ത്പോയത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക്പോലും ഇഷ്ടപ്പെട്ട കോമ്പിനേഷനോ സ്ഥാപനമോ കിട്ടാതെപോയിട്ടുണ്ട്. മലബാറില്‍ മലപ്പുറത്ത് 23858 പേര്‍ക്കും പാലക്കാട് 11117പേര്‍ക്കും കോഴിക്കോട് 7203 പേരും കാസര്‍കോട് 5874 പേരും കണ്ണൂരില്‍ 3840 പേരും വയനാട്ടില്‍ 1804 പേരും തൃശൂരില്‍ 1485 പേരും പ്രവേശനം കിട്ടാത്തവരായുണ്ട്. മറ്റു ജില്ലകളില്‍ കൊല്ലം ഒഴിച്ചു സീറ്റുകള്‍ നികത്താതെ ബാക്കിയാകുന്നതും കാണുന്നു. പ്ലസ് വണ്‍ പഠനം സാര്‍വത്രികമായും സൗജന്യമായും അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത സംസ്ഥാനമാണ് നമ്മുടേതെന്ന് ഓര്‍ക്കണം. പ്രവേശനം കിട്ടാതെപോയ പതിനായിരങ്ങള്‍ മഹാഭൂരിഭാഗവും സാധാരാണ കുടുംബത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് ഫീസ് കൊടുത്ത് സ്വകാര്യമായി പഠിച്ചു ഓപ്പണ്‍ സ്കൂളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതാമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അത്തരമൊരു പഠന ചിലവ് താങ്ങാന്‍ കഴിയാത്ത ഈ കുട്ടികള്‍ തുടര്‍ പഠനം നിര്‍ത്തുന്ന സാഹചര്യമാണുള്ളത്. പ്ലസ്വണ് പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കോഴ്സും ബാച്ചും അനുവദിക്കല്‍ തന്നെ യാണ്. ഹയര്‍സെക്കണ്ടറി കോഴ്സ് ഇല്ലാത്ത സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്കൂളുകള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. കോഴ്സിന്റെ അവശ്യ പഠനം നടത്തി ആവശ്യമുള്ളിടത്ത് കോഴ്സും ബാച്ചുകളും അനുവദിച്ചാലേ ഇതിന് പരിഹാരമാകൂ.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഫലമായി വിദ്യാലയങ്ങളുടെ പശ്ചാത്തല വികസനം എവിടംവരെ എത്തി എന്ന് വിലയിരുത്തണം. അഞ്ചുകോടി രൂപ വീതം അനുവദിച്ച 141 വിദ്യാലയങ്ങള്‍, മൂന്ന് കോടി അനുവദിച്ച 386 വിദ്യാലയങ്ങള്‍, ഒരു കോടി വീതം അനുവദിച്ച 446 വിദ്യാലയങ്ങളുമാണ് ഈ വികസനത്തില്‍ പെടുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തില്‍ പകുതിപോലും പൂര്‍ത്തിയായിട്ടില്ലായിരുന്നു. കുറെ എണ്ണം ഇപ്പോഴും തുടക്കംകുറിക്കാത്തത് ഉണ്ട്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. കൈറ്റ്വഴി വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്ത ഐ.ടി ഉപകരണങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലേ എന്നും ഉറപ്പാക്കേണ്ടതുണ്ട്.
പാഠ്യപദ്ധതി പരിഷ്കരണം സംസ്ഥാനത്ത് അനിവാര്യമാണ്. പത്ത് വര്‍ഷത്തോളമായി നിലവിലുള്ള പാഠപുസ്തകങ്ങളാണ് ഇപ്പോഴും വിനിമയം ചെയ്യുന്നത്. 2011 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ പരിഷ്കരണത്തിന് ഒന്നാം പിണറായി സര്‍ക്കാര്‍ തുടര്‍ച്ച നല്‍കിയില്ല. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ പരിഷ്കരിക്കുകയോ, ഉള്‍ച്ചേര്‍ക്കല്‍ നടത്തുകയോ ചെയ്യാറുണ്ട്. എന്നാല്‍ ആ പതിവ് കഴിഞ്ഞ പ്രാവശ്യം ഉണ്ടായില്ല. മുപ്പത് വര്‍ഷത്തോളമായി കേരളം നിരന്തരമായ മാറ്റമാണ് പാഠ്യപദ്ധതിയില്‍ കൊണ്ട് വരുന്നത്. തൊണ്ണൂറുകളില്‍ തുടങ്ങിയ പരിഷ്കരണം 2005ലെ ഗ്രേഡിങ്ങില്‍ വരെ എത്തി ദേശീയ പ്രശംസ പിടിച്ചുപറ്റിയതാണ്. വ്യവഹാരവാദ തത്വത്തിലധിഷ്ഠിതമായ പഠനത്തില്‍ നിന്ന് ജ്ഞാന നിര്‍മ്മിതിയിലേക്കും സമൂഹ്യജ്ഞാന നിര്‍മ്മിതിയിലേക്കും പിന്നീട് പ്രശ്നോന്നീത സമീപനത്തിലേക്കും അതില്‍നിന്ന് പഠന നേട്ടങ്ങള്‍ ഉറപ്പുവരുത്തിയുള്ള പരിഷ്കാരത്തിലേക്കും വരെ നാം എത്തിയിട്ടുണ്ട്. വൈജ്ഞാനിക മേഖലയില്‍ ലോകത്ത് വലിയ മുന്നേറ്റമാണ് പത്തു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. സ്കൂള്‍ പാഠ്യപദ്ധതിയില്‍ അതിനനുസരിച്ച മാറ്റം വന്നാലേ മാറുന്ന ലോകത്തിനൊപ്പം നമ്മുടെ കുട്ടികള്‍ക്ക് സഞ്ചരിക്കാനൊക്കൂ.
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിനനുസരിച്ചു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കാന്‍ മാനവ വിഭവശേഷി വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഏറെ വിവാദമുയര്‍ത്തിയ ദേശീയ നയത്തിനനുസരിച്ച് ചട്ടക്കൂട് ഉണ്ടാക്കാനേ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യതയുള്ളൂ. അത്കൊണ്ട്തന്നെ കേരളം ഇക്കാര്യത്തില്‍ ജാഗരൂഗരായിരിക്കേണ്ടതുണ്ട്.
കേരള വിദ്യാഭ്യാസ മാതൃകയില്‍ അഭിമാനം കൊള്ളുമ്പോഴും ഗുണമേന്മയില് നാം എവിടെ നില്‍ക്കുന്നുവെന്ന് വിലയിരുത്തപ്പെടണം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്ന്മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്ക് സാര്‍വത്രിക സ്ഥാനക്കയറ്റമാണ്. ഇങ്ങനെ സ്ഥാനക്കയറ്റം നല്കുമ്പോള് ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട ശേഷി നേടണമെന്ന ആര്.ടി.ഇ വ്യവസ്ഥ ഉറപ്പ്വരുത്തിയോ എന്ന് പരിശോധിക്കപ്പെടണം. കുട്ടികളില്‍ എഴുത്തും വായനയും അടിസ്ഥാനഗണിതവും അറിയാത്തവര്‍ ഇല്ല എന്ന് ഉറപ്പ്വരുത്തല്‍ തന്നെയാണ് ഗുണമേന്മയുടെ അടിസ്ഥാനം. 2005ല്‍ ഗ്രേഡിങ് അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണ്ണയം നടപ്പാക്കിയപ്പോള്‍ അതിന് ശക്തമായ പിന്തുണാസംവിധാനവും മോണിറ്ററിങും വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീടത് ദുര്‍ബലമാകുന്നതാണ് കണ്ടത്. നിരന്തര വിലയിരുത്തല്‍ എന്നത് വാരിക്കോരിയുള്ള മാര്‍ക്ക്ദാനമായി മാറാതിരിക്കണമെങ്കില്‍ സ്കൂള്‍തലത്തിലും വകുപ്പ് അടിസ്ഥാനസത്തിലും കൃത്യമായ മോണിറ്ററിങ് സംവിധാനം വേണം.
വിദ്യാഭ്യാസത്തിന്റെ നെടുംതൂണാണ് അധ്യാപകന്. സംതൃപ്തമായ അധ്യാപക സമൂഹമുണ്ടെങ്കിലേ അക്കാദമിക മികവിലേക്ക് മുന്നേറാനാവൂ. നിരവധി സേവന പ്രശ്നങ്ങളാണ് എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ നേരിടുന്നത്. പല ഉത്തരവുകളും ഈ അധ്യാപകര്‍ക്ക് വിനയാവാറുണ്ട്. അഞ്ചു വര്‍ഷത്തോളമായി അംഗീകാരവും ശമ്പളവും ലഭിക്കാത്ത നിരവധി അധ്യാപകര്‍ സംസ്ഥാനത്തുണ്ട്. ചുകപ്പ് നാടയുടെ കുരുക്കില്‍പെട്ട വളരെയധികം മാനുഷികമായി കാണേണ്ട ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പി.എസ്.സി പട്ടികയുടെ കാലാവധി തീരാറായ സമയത്ത് നിയമന ഉത്തരവ് ലഭിച്ചു സ്കൂളില്‍ ചേരാന്‍ കഴിയാത്ത 3200 അധ്യാപകരും അനധ്യാപകരും എട്ട് മാസത്തോളമായി പ്രയാസപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമൊക്കെ വിരമിച്ച നിരവധി അധ്യാപക ഒഴിവുകള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ക്ക് പിന്തുണ നല്കാന് ഈ ഒഴിവുകള്‍ നികത്താന്‍ നടപടിയുണ്ടാവേണ്ടതുണ്ട്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ നൂറ്കണക്കിന് സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകര്‍ ഇല്ല .സ്ഥാനക്കയറ്റ പട്ടിക ജില്ല ഡയറക്ടറേറ്റില്‍ തയ്യാറായിട്ടും ടെസ്റ്റ് യോഗ്യതയില്ഇളവ് വേണോ വേണ്ടയോ എന്ന തര്‍ക്കത്തില്‍ നിയമനം നല്കാനാവാതെ പോയി. ഇതുമൂലം നൂറുകണക്കിന് പേര്‍ക്ക് സ്ഥാനക്കയറ്റം കിട്ടാതെ വിരമിക്കേണ്ട അവസ്ഥയുമുണ്ടായി.
Be the first to write a comment.