X

വനിതകള്‍ക്ക് മാസം തോറും 1500 രൂപ നല്‍കും; ഗ്യാസ് വില 500 ആക്കും; മധ്യപ്രദേശില്‍ വാഗ്ദാനങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വിവിധ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയിച്ചാല്‍ ജാതി സെന്‍സസ് നടത്തുമെന്നും 14ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുമെന്നും ബുന്ദോല്‍ഖണ്ഡ് മേഖലയിലെ സാഗറില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ച ജനപ്രിയ വാഗ്ദാനങ്ങളും ഖാര്‍ഗെ മുന്നോട്ടുവെച്ചു.

‘കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കടബാധിതരായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കും. എല്‍പിജി 500 രൂപയ്ക്ക് ലഭ്യമാക്കും. വനിതകള്‍ക്ക് മാസംതോറും 1500 രൂപ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും. നൂറു യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തും, ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തക സമിതിയില്‍ ആറ് പിന്നാക്ക വിഭാഗക്കാരുണ്ട്’ ഖാര്‍ഗെ പ്രസംഗത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തുള്ളത് നിയമവിരുദ്ധ സര്‍ക്കാറാണെന്നും ബിജെപി തങ്ങളുടെ എം.എല്‍.എമാരെ മോഷ്ടിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു. കഴിഞ്ഞ 70 കൊല്ലമായി കോണ്‍ഗ്രസ് എന്ത് ചെയ്തുവെന്നാണ് അവര്‍ ചോദിക്കുന്നതെന്നും തങ്ങള്‍ ഈ ഭരണഘടനയെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും അതിനാലാണ് മോദി പ്രധാനമന്ത്രിയായതെന്നും ഖാര്‍ഗെ പറഞ്ഞു. ഇപ്പോള്‍ ഇ.ഡിപ്പേടി കാണിച്ച് സര്‍ക്കാറുണ്ടാക്കുകയാണെന്നും കര്‍ണാടകയിലും മണിപ്പൂരിലും ഇതാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടി. ബി.ജെ.പി തെരഞ്ഞെടുക്കപ്പെടാത്തിയിടത്തൊക്കെ ഇതാണ് അവര്‍ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.\

‘ചില ആളുകള്‍ ഭരണഘടന മാറ്റിമറിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ 140 കോടി ജനങ്ങള്‍ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അക്കാര്യം നടക്കില്ല’ മധ്യപ്രദേശില്‍ ജനിച്ച അംബേദ്കറിനെ സ്മരിച്ച് ഖാര്‍ഗെ പറഞ്ഞു.

സന്ത് രവിദാസിനെ ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് മാത്രമേ ഓര്‍ക്കുകയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. രവിദാസിന് 100 കോടി മുടക്കി നിര്‍മിക്കുന്ന സ്മാരകത്തിനും ക്ഷേത്രത്തിനും മോദി തറക്കല്ലിട്ടത് സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. 18 വര്‍ഷമായി ശിവ്‌രാജ് സിംഗ് ചൗഹാനും ഒമ്പത് വര്‍ഷമായി മോദിയും അധികാരത്തിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അദ്ദേഹത്തെ ഓര്‍മിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ കമല്‍നാഥ് പറയുന്നത് ചെയ്യുന്ന നേതാവാണെന്നും കമല്‍ (താമര) ബിജെപിയുടെ ചിഹ്നമായതിനാല്‍ അത് വിടുന്നുവെന്നും എന്നാല്‍ ‘നാഥ്’ തങ്ങളോടൊപ്പമാണെന്നും ഖാര്‍ഗെ പറഞ്ഞു. നാഥിന് വേണ്ടി വോട്ടു ചെയ്യണമെന്നും കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

webdesk13: