സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍

 

കോവിഡ് 19 മഹാമാരിയായി ഇന്ത്യയില്‍ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയത്മുതല്‍ പലതരത്തിലുള്ള ആശയങ്ങളുടെ കൈമാറലുകളാണ് നടന്നുകൊണ്ടിരിക്കുന്നതും പ്രചരിക്കുന്നതും. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളെയെല്ലാം സ്പര്‍ശിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ സാധാരണ വ്യക്തികള്‍ മുതല്‍ ഭരണതലത്തിലുള്ളവര്‍വരെ പ്രകടിപ്പിക്കുകയും പരസ്പരമുള്ള ചെറുതും വലുതുമായ തര്‍ക്കക്കങ്ങള്‍ക്ക് വേദിയൊരുങ്ങുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. അതിനിടയിലും അതിശക്തമായ രീതിയില്‍ വ്യാപനശേഷി കൈവരിച്ച് മുന്നേറുന്ന വൈറസിനെ ചെറുത്തുതോല്‍പ്പിക്കുന്ന തരത്തില്‍ വ്യക്തികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തുടങ്ങുകയോ മുന്‍കരുതല്‍ സ്വീകരിച്ചുതുടങ്ങുകയോ ചെയ്തിട്ടില്ല എന്നതിന് സൂചനയാണ് പിഴപ്പിരിവിന്റെയും ബന്ധപ്പെട്ട പൊലീസ് കേസുകളുടെയും വര്‍ധിച്ച്‌വരുന്ന എണ്ണം സൂചിപ്പിക്കുന്നത്. സ്വന്തം കുടുംബത്തെ അച്ചടക്കത്തില്‍ നിര്‍ത്തുന്നതില്‍ ഓരോ കുടുംബനാഥനും വിജയിച്ചാലേ രോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷനേടാന്‍ കഴിയൂ. ഇപ്പോള്‍ തന്നെ കൈവിട്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയോ എന്ന് തോന്നുന്ന തരത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മരണ, രോഗ നിരക്കുകള്‍ കാണിക്കുന്നത്.

ഇരട്ട ജനിതക മാറ്റം വന്ന ബി.1.617 വകഭേദം കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളരെ അപകടകരമായ വൈറസ് വകഭേദത്തിന്റെ കൂട്ടത്തില്‍ ഗണിക്കുന്ന ഈയിനത്തിന് വാക്‌സിന്‍ മൂലമോ രോഗമുക്തി നേടിയതിലൂടെയോ കൈവരിച്ചിരിക്കുന്ന പ്രതിരോധശേഷിക്ക് നിദാനമായ ആന്റി ബോഡിയെ മറികടക്കാന്‍ ശേഷിയുണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍. വൈറസുകളുടെ പ്രോട്ടീന്‍ ആവരണവും ജനിതക പദാര്‍ത്ഥവും മാത്രമടങ്ങിയ ലഘുഘടനയില്‍ വളരെ കുറച്ച് ജീനുകളേ അടങ്ങിയിട്ടുള്ളൂ. ആതിഥേയ മനുഷ്യകോശത്തില്‍ പ്രവേശിച്ച സാര്‍സ്‌കോവ് 2 വൈറസിന് അതിന്റെ ജനിതക പദാര്‍ഥമായ റൈബോ ന്യൂക്ലിക് ആസിഡിനെ വളരെ ചുരുങ്ങിയ സമയത്തില്‍ അനേക എണ്ണമായി പെരുകിക്കാനുള്ള ശേഷി തന്നെയാണ് പ്രധാനം. ജനിതക പദാര്‍ഥം പുതിയ പകര്‍പ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് പെരുകുന്നത്. പകര്‍പ്പ് തയ്യാറാക്കുമ്പോഴുള്ള നേരിയ പിശകുകളാണ് ജനിതക മാറ്റംകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതലായി പെരുകുമ്പോള്‍ ഇത്തരം നേരിയ ജനിതക മാറ്റങ്ങള്‍ വൈറസുകളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. മിക്കവാറും ജനിതക മാറ്റങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രസക്തി ഇല്ലെങ്കിലും ജനിതകഘടനയിലെ അതിന്റെ സ്ഥാനമനുസരിച്ച് വ്യാപനശേഷിയിലോ രോഗ തീവ്രതയിലോ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. ഓരോ ജീവിയും പ്രതികൂല സാഹചര്യങ്ങളെ അതിജയിക്കുന്നതിനാണ് ജനിതകമാറ്റം പ്രയോജനപ്പെടുത്തുന്നത്. വൈറസും ഇത്തരം ജനിതകമാറ്റങ്ങളെ പ്രയോജനപ്പെടുത്തുമ്പോള്‍ പുതിയ വകഭേദങ്ങള്‍ ജനിക്കുന്നു. ഒന്നോ അതില്‍ കൂടുതല്‍ ഇത്തരം പുതിയ ജനിതക മാറ്റങ്ങളുള്ള വൈറസുകളെയാണ് വകഭേദം എന്ന് വിളിക്കുന്നത്. ഒരു സമൂഹത്തില്‍ വ്യാപിക്കുകയും കൂടുതല്‍ പേരില്‍ പ്രചരിക്കുകയും ചെയ്യുമ്പോള്‍ ജനിതകമാറ്റം ഏറിവരുന്നു. ഇങ്ങനെയുള്ള വ്യാപനമാണ് ജനിതക മാറ്റത്തിന് വലിയ അവസരമൊരുക്കുന്നത്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട അന്നുമുതല്‍ ലോകാരോഗ്യ സംഘടന പുത്തന്‍ വൈറസിന്റെ ജനിതകമാറ്റത്തെയും വകഭേദങ്ങളെയും പിന്തുടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ വരാതിരിക്കാനുള്ള ഏക പോംവഴി വ്യാപനം കുറച്ചു കൊണ്ടുവരിക എന്നത് മാത്രമാണ്.

ഇപ്പോഴത്തെ വകഭേദം തീവ്രവ്യാപനശേഷിയുള്ളതും വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെപോലും അതു മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ നേരത്തെ പറഞ്ഞിരുന്നു. ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി ഇതിനെ തരംതിരിച്ചതായി സംഘടനയിലെ സാങ്കേതികവിഭാഗം മേധാവി മരിയ വാന്‍ കേര്‍ഖോവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൂടിയ തോതിലുള്ള പ്രചാരണം നിര്‍ദ്ദേശിക്കാവുന്ന ചില വിവരങ്ങള്‍ കിട്ടിയതായും അവര്‍ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണ് ഇത്. 2020 ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. യു.കെയില്‍ കണ്ടെത്തിയ ബി.1.1.7, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.35, ബ്രസീലില്‍ കണ്ടെത്തിയ ജ.1 എന്നിവയായിരുന്നു നേരത്തെ ഈ കൂട്ടത്തില്‍പെടുത്തിയത്. പ്രചാരത്തിലുള്ള വര്‍ധനയുടെ കാര്യത്തിലോ, ആശുപത്രിയില്‍ എത്തുന്ന രോഗികളുടെയോ മരണപ്പെടുന്നവരുടെയോ എണ്ണത്തിന്റെ രീതിയില്‍ രോഗ കാഠിന്യത്തിന്റെ കാര്യത്തിലോ, മുമ്പുണ്ടായിരുന്ന രോഗമുക്തിയിലൂടെയോ വാക്‌സിനേഷനിലൂടെയോ കൈവരിച്ച പ്രതിരോധത്തിന്റെ ഭാഗമായി ശരീരത്തില്‍ രൂപപ്പെട്ട ആന്റിബോഡികള്‍ക്ക് വൈറസുകളെ ശിഥിലീകരിക്കാന്‍ കഴിയുന്നതിന്റെ അളവില്‍ ഗണ്യമായ കുറവ്‌വരുന്ന തരത്തിലോ, ചികിത്സയുടെയോ വാക്‌സിന്റേയോ ഫലപ്രാപ്തി കുറയുന്ന തരത്തിലോ, രോഗ നിര്‍ണയം പരാജയപ്പെടുന്ന തരത്തിലോ തെളിവുകള്‍ ലഭിക്കുന്നവയാണ് ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി കണക്കാക്കുന്നത്.

ബി.1.617നെ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ലെന്നാണ് ഭാരതത്തിന്റെ അവകാശവാദം. പല വാര്‍ത്താമാധ്യമങ്ങളും തെറ്റായി സൂചിപ്പിക്കുകയായിരുന്നു. ഈ വകഭേദത്തിനെ 44 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുമുണ്ട്. പക്ഷേ, വൈറസ് വകഭേദത്തിന്റെ ഉത്ഭവം എവിടെ എന്നതിനേക്കാള്‍ യഥാര്‍ഥ വൈറസിനെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇന്നത്തെ അവസ്ഥയില്‍ മാരകമായ തോതില്‍ വ്യാപനം ഉയര്‍ന്ന പുതിയ വൈറസ് വകഭേദത്തെ തളക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. താരതമ്യേന ശക്തി കുറഞ്ഞ ഒന്നാം തരംഗത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ കൈവരിച്ച അനുഭവ സമ്പത്തും നിലവില്‍ പ്രതിരോധ കുത്തിവെപ്പിന് സൗകര്യമൊരുങ്ങി എന്നതും ആശാവഹമാണ്. അതോടൊപ്പം പ്രചരിക്കപ്പെട്ട ചില തെറ്റു ധാരണകള്‍ ആളുകളുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയത് പ്രയാസം സൃഷ്ടിക്കുന്നതുമാണ്. യുവാക്കളില്‍ രോഗം വരുന്നില്ലെന്നും വന്നാല്‍തന്നെ പ്രയാസമുണ്ടാകുന്നില്ലെന്നുമുള്ള പ്രചാരണം രണ്ടാം തരംഗത്തെ സംബന്ധിച്ചിടത്തോളം ശരിയല്ല എന്നാണ് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധത്തിനും ചികിത്സക്കും സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന തരത്തില്‍ ചില ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ മതിയെന്ന വിശ്വാസവും തിരുത്തേണ്ടതായുണ്ട്. രോഗബാധയുടെ തീവ്രതക്കനുസരിച്ച് വര്‍ഗീകരിച്ചിരിക്കുന്നതിനെക്കുറിച്ചും ഓരോ വിഭാഗത്തിനും സ്വീകരിക്കേണ്ട വ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ചുമുള്ള അജ്ഞതയാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് കാരണം.

എത്ര വകഭേദങ്ങള്‍ പുതിയതായി രൂപപ്പെട്ടാലും വൈറസിന്റെ പൊതുഘടനയില്‍ മാറ്റമില്ലാത്ത അവസ്ഥയില്‍ അതിനെതിരെയുള്ള പ്രതിരോധം വളരെ എളുപ്പമാണ്. ഇടക്കിടെയുള്ള കൈകഴുകലും മാസ്‌ക്കിന്റെ ശരിയായ ഉപയോഗവും പരസ്പരമുള്ള അകലം പാലിക്കലും അതിന് സഹായിക്കും. ആളുകള്‍ തടിച്ചുകൂടുന്നതും വായുസഞ്ചാരം കുറഞ്ഞ മുറിയില്‍ ഒത്തുചേരുന്നതും ഒട്ടും ഭൂഷണമല്ല. ഈ മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പിനെയോ സര്‍ക്കാറിനെയോ പൊലീസിനെയോ ബോധ്യപ്പെടുത്താന്‍ മാത്രമാവുന്നതിനുപകരം സ്വയംബോധ്യപ്പെടാനും സ്വയം നിയന്ത്രിക്കാനുമുള്ള മനക്കരുത്ത് എല്ലാവരും നേടിയെടുക്കുന്നത് വരെ ഈ യുദ്ധം തുടരേണ്ടിവരും. വൈറസ് കരുത്താര്‍ജ്ജിക്കുന്നതനുസരിച്ച് വ്യക്തിപരമായ ഇത്തരം മുന്‍കരുതലുകളും കൂടുതല്‍ കടുപ്പിക്കേണ്ടിവരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും അത് ഫലപ്രദമാക്കാന്‍ പൊതുജനത്തിന്റെ കാര്യമായ പിന്തുണ ഉറപ്പുവരുത്തുകയും വേണം. ജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യം എന്ന നിലയില്‍ വൈറസിനെ വ്യാപനം നിയന്ത്രിക്കുക ശ്രമകരമായ കാര്യമാണ്. ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ ജനിതക വ്യതിയാനത്തിനും പുതിയ വകഭേദങ്ങളുടെയോ പുതിയ സ്‌ട്രെയിനുകളുടെയോ ഉത്പത്തിക്കും ഇടയായേക്കാം. അത് ഇന്നത്തേതിനേക്കാള്‍ മാരകശേഷി കൈവരിക്കുന്നപക്ഷം ഇപ്പോഴത്തെ വാക്‌സിനുകളും പ്രതിരോധ മാര്‍ഗങ്ങളും അപര്യാപ്തമാകുംവിധം ഒരു ഘട്ടം വന്നാല്‍ രാജ്യം ഇതിനേക്കാള്‍ വലിയ വില നല്‍കേണ്ടിവരും. രണ്ടാം വ്യാപനത്തിന്റെ തീവ്രതയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് കോപ്പ് കൂട്ടേണ്ട സമയം സംജാതമായിരിക്കയാണ്.