X

നിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു

സാധാരണക്കാരന്റെ പാര്‍പ്പിട സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തി നിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു. താങ്ങാനാകാതെ സിമന്റ് വില.

 

കഴിഞ്ഞ ആറ് മാസത്തിനിടെ 50 മുതല്‍ 70 രൂപ വരെയാണ് സിമന്റിന് വില ഉയര്‍ന്നത്. എല്ലാ കമ്പനികളുടെയും സിമന്റിന് വില കൂടിയിട്ടുണ്ട്. ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് സിമന്റ് വില ഉയരാന്‍ കാരണം. ഇന്ധന വിലയും കൂടുന്ന സാഹചര്യത്തില്‍ സിമന്റ് വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കുറഞ്ഞ വിലക്ക് ലഭിച്ച സിമന്റ് കേരള തീരത്തെത്തുമ്പോള്‍ 325 രൂപയാണ് ഇറക്കുമതി നിരക്കായി ഈടാക്കുന്നത്. കണ്ടെയ്‌നര്‍ നിരക്കും ഇറക്ക് കൂലിയും വാഹന ചെലവും ഉള്‍പ്പെടെ കൂട്ടുമ്പോള്‍ 390 മുതല്‍ 400 രൂപ വരെയാണ് വില. വില കൂടിയ ഇനത്തിന് 470 രൂപ വരെയാണ് ചില്ലറ വില.

 

സാധാരണക്കാരെ പോലെ തന്നെ നിര്‍മാണ കരാര്‍ മേഖലയിലുള്ളവരെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടിയതോടെ വില്‍പ്പന കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും കമ്പനികളുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. കമ്പനികള്‍ വില കുറക്കാന്‍ തയ്യാറാകാത്ത അവസ്ഥയില്‍ വില്‍പ്പന സാധ്യമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ധനവും ഇന്ധന വിലയും വാഹന വാടകയിനത്തില്‍ ചെലവ് കൂടിയതും വിതരണ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

കോവിഡ് കാലമായതിനാല്‍ യൂണിറ്റുകളില്‍ ഉല്‍പ്പാദന ശേഷി പൂര്‍ണമായി വിനിയോഗിക്കാനാകാത്തതും വില്‍പ്പന മുടങ്ങുന്നതിനാലും തങ്ങളെ നഷ്ടത്തിലാക്കുകയാണെന്ന് കമ്പനികളും പറയുന്നു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെക്കാളും കേരളമാണ് സിമന്റ് കൂടിയ വിലയ്ക്ക് വാങ്ങുന്നത്. സിമന്റ് നിര്‍മാണ കമ്പനികള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള വിപണി കേരളത്തിലേതാണ്.

ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സിമന്റ് എത്തുന്നത്. അതേസമയം ആറ് മാസത്തിനിടെ കേരള പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് മാത്രമാണ് വില കുറച്ചത്. അഞ്ച് രൂപയുടെ കുറവ് വരുത്തിയത് ഈ മാസം ആദ്യമാണ്. ഉല്‍പ്പാദനം കൂട്ടി സിമന്റ് വിപണിയില്‍ സംസ്ഥാന പൊതുമേഖലാ വിഹിതം 25 ശതമാനമായി ഉയര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കമ്പി, സ്റ്റീല്‍, പാറ തുടങ്ങി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ചെങ്കല്ല്, ഹോളോബ്രിക്‌സ്, ഷീറ്റ്, പ്ലംബിംഗ്, വയറിംഗ് സാമഗ്രികള്‍ക്കുമുണ്ടായ വില വര്‍ധനവും നിര്‍മാണ മേഖലയെ തളര്‍ത്തുകയാണ്. കമ്പിക്ക് 40 മുതല്‍ 50 ശതമാനം വരെയാണ് വില ഉയര്‍ന്നത്. 48 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോള്‍ 75 മുതല്‍ 82 രൂപ വരെയാണ് വില.

 

കരിങ്കല്ല്, മെറ്റല്‍, ചെങ്കല്ല് എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. ടൈല്‍സ്, പിവിസി പൈപ്പ്, വയര്‍, പ്ലംബിംഗ് സാമഗ്രികള്‍ക്കും 25 മുതല്‍ 30 ശതമാനം വരെയാണ് വില കൂടിയത്. ഇലക്ട്രിക്കല്‍, ഹാര്‍ഡ് വെയര്‍, ഷീറ്റ്, സ്റ്റീല്‍ എന്നിവക്ക് 40 മുതല്‍ 45 ശതമാനം വരെ വില കൂടിയിട്ടുണ്ട്. ഹോളോബ്രിക്‌സ്, മെറ്റല്‍, എം സാന്റ്, ടൈല്‍സ് എന്നിവക്ക് 20 ശതമാനമാണ് വില വര്‍ധിച്ചത്. പുഴകളില്‍ നിന്ന് മണ്ണെടുക്കുന്നതിന് നിയമ തടസമുള്ളതിനാല്‍ മണല്‍ ലഭ്യത കുറഞ്ഞതും നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. ലോഡിന് 15000 മുതല്‍ 18000 രൂപ വരെയാണ് മണല്‍ വില. തൊഴിലാളി ക്ഷാമവും കൂലിയും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

web desk 3: