X

ജനനായകന്‍ ജന്മ നാട്ടിലേക്ക്; ഉമ്മന്‍ ചാണ്ടി കേരളത്തിനോട് ഇന്ന് വിട ചൊല്ലും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവുമായുള്ള വിലാപയാത്ര കോട്ടയം തിരുവല്ലയില്‍. ഇന്നലെ രാവിലെ ഏഴോടെയാണ് തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര ആരംഭിച്ചത്. നിലവില്‍ 22 മണിക്കൂര്‍ പിന്നിട്ടു. പതിനായിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്രയില്‍ തങ്ങളുടെ ജനകീയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വഴിയോരങ്ങളില്‍ രാത്രി മുഴുവനും കാത്തിരുന്നത്. തിരുവല്ലിയിലെത്തിയ വിലാപയാത്ര അടുത്തതായി ചങ്ങനാശേരിയിലേക്ക് കടക്കും.

വിലാപയാത്രയോടനുബന്ധിച്ച് തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് ക്യൂ ഏര്‍പ്പെടുത്തും. തിരുനക്കര മൈതാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല. കോട്ടയത്തെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ രണ്ടായിരം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളിയില്‍ ഇന്ന് ഗതാഗതം നിയന്ത്രിക്കും. പാര്‍ക്കിങിനായി പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തെങ്ങണ ഭാഗത്ത് നിന്ന് കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാംകുഴിയില്‍ നിന്ന് ചിങ്ങവനം വഴി പോകണം. കറുകച്ചാല്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ നാരകത്തോട് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പോകണം.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നടക്കുക. സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷം പ്രകാരം സംസ്‌കാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും കോട്ടയത്ത് എത്തുന്നുണ്ട്. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി വ്യാപാര സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് ഒരുമണി വരെ അടച്ചിടും.

webdesk13: