X

സർക്കാറിന് മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ താക്കീത്; ഉജ്ജ്വലമായി സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്കെതിരായ സർക്കാർ നീക്കത്തിനെതിരെ തലസ്ഥാന നഗരിയിൽ മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ ഉജ്ജ്വല പ്രതിഷേധം. ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് സംഘടിപ്പിച്ച മാർച്ച് സർക്കാറിനുള്ള കനത്ത താക്കീതായി. ഭരണഘടനയും പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളും നൽകിയ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത രോഷമാണ് മാർച്ചിൽ ഉയർന്നത്.

ബജറ്റ് വിഹിതം തടഞ്ഞു വെച്ചും ട്രഷറി നിയന്ത്രണമേർപ്പെടുത്തിയും തദ്ദേശ സ്ഥാപനങ്ങളെ കുരുക്കുന്നതിനെതിരായ കേരളത്തിന്റെ പൊതുവികാരം ഏറ്റെടുക്കുന്നതായിരുന്നു മാർച്ച്. പ്രാദേശിക ഭരണകർത്താക്കൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടും സർക്കാർ സമീപനം മൂലം ഭരണസ്തംഭനം രൂപപ്പെടുന്നതിലെ കടുത്ത അമർഷവുമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവർ എത്തിയത്. സെക്രട്ടേറിയറ്റിലേക്ക് ഇതാദ്യമായാണ് ഇത്രയധികം ജനപ്രതിനിധികൾ അണിനിരക്കുന്ന പ്രതിഷേധം നടക്കുന്നത്.

രുപീകരിക്കപ്പെട്ട് രണ്ട് മാസത്തിനകം നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ വലിയ പങ്കാളിത്തം എൽ ജി എം എൽ ന്റെ കരുത്ത് അറിയിക്കുന്നത് കൂടിയായി. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ പതാകയും പ്ലക്കാർഡുമേന്തിയാണ് ജനപ്രതിനിധികൾ അണിനിരന്നത്. സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാർക്കും പിന്നിൽ ഇരു വരികളിലായി മാർച്ച് നീങ്ങി.

മാർച്ചിന് എൽ ജി എം എൽ സംസ്ഥാന പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി പി.കെ ഷറഫൂദ്ദീൻ, ട്രഷറർ സി. മുഹമ്മദ് ബഷീർ, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ബഷീർ വയനാട്, എ.കെ മുസ്തഫ പെരിന്തൽമണ്ണ, ഷമീമ ടീച്ചർ കണ്ണൂർ, ശരീഫ് പറവൂർ കൊല്ലം, അഷ്‌റഫ് അമ്പലത്തിങ്ങൽ, എം.എ കരീം ഇടുക്കി, സെക്രട്ടറിമാരായ ഗഫൂർ മാട്ടൂൽ കണ്ണൂർ, സുജല പയ്യോളി, നവാസ് മുണ്ടകത്ത് ആലപ്പുഴ,റിയാസ് പ്ലാമൂട്ടിൽ കോട്ടയം,കെ.പി വഹീദ കൽപ്പകഞ്ചേരി, ആബിദ ശരീഫ് എറണാകുളം, സുഫൈജ അബൂബക്കർ കാസർകോട് എന്നിവർ നേതൃത്വം നൽകി.

സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എൽ ജി എം എൽ സംസ്ഥാന പ്രസിഡണ്ട് കെ ഇസ്മാഈൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യപ്രഭാഷണം നടത്തി.

എം എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, പി കെബഷീർ, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം,മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, ജില്ലാ പ്രസിഡണ്ട് ബീമാപ്പള്ളി റഷീദ്, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സുൽഫിക്കർ സലാം , ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടി പ്രസംഗിച്ചു. എൽ ജി എം എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഷറഫുദീൻ സ്വാഗതവും ട്രഷറർ സി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

webdesk13: