X

1942ന് ശേഷം ഗാന്ധിജി ഒന്നും ചെയ്തില്ല; തമിഴ്‌നാട് ഗവര്‍ണര്‍

1942ന് ശേഷം മഹാത്മാ ഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും സുഭാഷ് ചന്ദ്രബോസാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി.സുഭാഷ് ചന്ദ്രബോസിനെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് അണ്ണാ സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദലി ജിന്നയാണ് രാജ്യത്തില്‍ വിഭാഗീയതക്ക് തുടക്കമിട്ടതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ‘നേതാജി ഇല്ലായിരുന്നുവെങ്കില്‍ 1947ല്‍ ഇന്ത്യ സ്വതന്ത്രമാകില്ലായിരുന്നു. 1942ന് ശേഷം മഹാത്മാ ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമര പോരാട്ടം പരിശോധിക്കുകയാണെങ്കില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. തമ്മിലുള്ള തര്‍ക്കങ്ങളും പോരാട്ടങ്ങളുമായി തിരക്കിലായിരുന്നു അവര്‍.

ബ്രിട്ടീഷുകാര്‍ അത് ആസ്വദിക്കുകയായിരുന്നു. കാര്യമായ പ്രതിരോധങ്ങളൊന്നും രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ ഉണ്ടായിട്ടില്ല,’ ആര്‍.എന്‍. രവി പറഞ്ഞു.
താന്‍ ആര്‍ക്കൈവ് രേഖകള്‍ പരിശോധിച്ച് കണ്ടെത്തിയതാണെന്നും വേണ്ടത്ര രീതിയില്‍ ആളുകള്‍ക്ക് ഇതൊന്നും അറിയില്ല എന്നുമായിരുന്നു തമിഴ്‌നാട് ഗവര്‍ണര്‍ പറഞ്ഞത്.

അതേസമയം പരിപാടിയില്‍ പങ്കെടുക്കുവാന്‍ വിദ്യാര്‍ത്ഥികളെ സര്‍വകലാശാല അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും പങ്കെടുക്കാത്തവര്‍ക്ക് ഹാജര്‍ നിഷേധിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

webdesk13: