X

മകന് സീറ്റില്ല; കർണാടകയിൽ ബി.ജെ.പി നേതൃത്വവുമായി ഉടക്കി മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന് സീറ്റ് നല്‍കാത്തതിനെ ചൊല്ലി ബി.ജെ.പി നേതൃത്വവുമായി ഉടക്കി മുന്‍ ഉപമുഖ്യമന്ത്രിയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനുമായ കെ.എസ്. ഈശ്വരപ്പ. മകന്‍ കാന്തേശിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിനിറക്കുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ രണ്ടാം പട്ടികയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്ന ഹാവേരി സീറ്റില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. ഹാവേരി സീറ്റ് മകന് നല്‍കാമെന്നും പ്രചാരണത്തിനെത്താമെന്നും പാര്‍ട്ടി നേതാവ് ബി.എസ് യെദിയൂരപ്പ ഉറപ്പ് നല്‍കിയിരുന്നെന്നാണ് ഈശ്വരപ്പ പറയുന്നത്.

മാര്‍ച്ച് 15ന് ശിവമൊഗ്ഗയില്‍ തന്നെ പിന്തുണക്കുന്നവരുടെ യോഗം വിളിക്കുമെന്നും മകന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ‘ഇന്ത്യാ ടുഡേ’ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ശിവമൊഗ്ഗയില്‍ നിന്നോ ഹാവേരിയില്‍ നിന്നോ മകനെ മത്സരിപ്പിക്കാനാണ് ഈശ്വരപ്പയുടെ നീക്കം. ശിവമൊഗ്ഗയില്‍ യെദിയൂരപ്പയുടെ മകന്‍ ബി.വൈ രാഘവേ?ന്ദ്രയാണ് നിലവിലെ എം.പി. അദ്ദേഹത്തെ തന്നെയാണ് പാര്‍ട്ടി പരിഗണിക്കുന്നതും.

2013ല്‍ യെദിയൂരപ്പ ബി.ജെ.പി വിട്ട് കര്‍ണാടക ജനത പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ പിന്തുണക്കാത്തതിലുള്ള അനിഷ്ടമാണ് മകന് സീറ്റ് നല്‍കാത്തതിന് പിന്നിലെന്നാണ് ഈശ്വരപ്പയുടെ ആരോപണം. തന്നെയും പാര്‍ട്ടിയുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട ബി.ജെ.പി എം.പിമാരായ പ്രതാപ് സിംഹ, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരെയും പോലെയുള്ള ആത്മാര്‍ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ യെദിയൂരപ്പ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ശിവമൊഗ്ഗയില്‍ നിന്നും ഹാവേരിയില്‍ നിന്നും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഭ്യുദയകാംക്ഷികള്‍ തന്നെ വിളിക്കുന്നുണ്ടെന്നും യെദിയൂരപ്പ ഞങ്ങളോട് അനീതി ചെയ്‌തെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ മകന്‍ എവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗ സീറ്റ് മകന്‍ കാന്തേശിന് വേണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നല്‍കിയിരുന്നില്ല.

 

webdesk13: