X

താനൂരില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവം; രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി; കുട്ടികള്‍ കുറ്റം സമ്മതിച്ചു

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. താനൂരിന് സമീപത്തെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.

കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഈ സംഭവത്തില്‍ ആര്‍ പി എഫ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സംരക്ഷണ സേന കമാന്‍ഡറുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ട്രെയിനിന് കല്ലെറിഞ്ഞതായി കുട്ടികള്‍ സമ്മതിച്ചു. എന്തിനാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമല്ല. കുട്ടികളെ ഇന്ന് തവനൂരിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും. വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കഴിഞ്ഞ മാസം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെച്ച് കല്ലേറുണ്ടായിരുന്നു. ഈ സംഭവങ്ങളില്‍ കണ്ണൂരിലും കോഴിക്കോട്ടും അറസ്റ്റ് നടന്നിരുന്നു. അതിനിടെയാണ് താനൂരിന് സമീപമുണ്ടായ കല്ലേറില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്.

 

webdesk14: