X

പട്ടാപ്പകല്‍ നടുറോഡില്‍ വണ്ടി നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥരുടെ തമ്മിലടി- വീഡിയോ

പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ ഏറ്റുമുട്ടി പൊലീസ് ഉദ്യോഗസ്ഥര്‍. ബിഹാറിലെ നളന്ദയില്‍ ഇന്നാണ്‌ സംഭവം. 2 പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് റോഡില്‍ നിരവധി പേരുടെ കണ്‍മുന്നില്‍ തമ്മിലടിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. നളന്ദയിലെ റോഡിന് നടുവില്‍ രണ്ട് ഉദ്യോഗസ്ഥര്‍ വഴക്കിടുന്നതും അടിപിടിയിലേര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം.

ഉദ്യോഗസ്ഥരില്‍ ഒരാള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. ആദ്യം കൈകള്‍ ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍. ഇരുവരും പരസ്പരം അടിക്കുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ, ഒരു ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ നിന്ന് ലാത്തിയെടുത്ത് കൊണ്ടുവന്ന് രണ്ടാമനെ അടിക്കുന്നതും തുടര്‍ന്ന് ഇരുവരും തമ്മില്‍ പിടിവലി നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇതിനിടെ, അസഭ്യം പറയുകയും പരസ്പരം കഴുത്തിന് പിടിക്കുകയും ചെയ്തു. നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് രംഗം കണ്ടുനിന്ന ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, പൊലീസുകാര്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സംഭവം പലരും മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ട നളന്ദ പൊലീസ്, രണ്ട് ഉദ്യോഗസ്ഥരെയും പൊലീസ് കേന്ദ്രത്തിലേക്ക് അയച്ചതായും അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പൊലീസിന്റെ പ്രതികരണം. ‘രണ്ട് ഉദ്യോ?ഗസ്ഥരെയും പൊലീസ് സെന്ററിലേക്ക് അയച്ചിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണ്. അച്ചടക്ക നടപടി സ്വീകരിക്കും’ ട്വീറ്റില്‍ പറയുന്നു.

സംഭവത്തില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. രണ്ടു പേരെയും സസ്‌പെന്‍ഡ് ചെയ്താല്‍ പോരെന്നും പിരിച്ചുവിടണമെന്നും നിരവധി പേര്‍ കുറിച്ചു. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ദേഷ്യം നിയന്ത്രിക്കാനുള്ള സെഷനുകള്‍ സേനയില്‍ ഉണ്ടാവണമെന്നും ഇത് നാണംകെട്ട നടപടിയാണെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.

webdesk13: