X

രാഷ്ട്രത്തിന്റെ ഗൃഹാതുര സ്മരണകളുടെ പ്രതീകമായി പഴയ പാർലമെന്റ് മന്ദിരം. : അവസാന സമ്മേളനദിന അനുഭവം പങ്കുവച്ച്‌ അബ്ദു സമദ് സമദാനി

ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന ദിവസമാണിന്ന്. ലോകത്തിലെ ഏറ്റവും മഹത്തും ബൃഹത്തുമായ പാര്‍ലിമെന്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുമ്പായി, പഴയ മന്ദിരത്തില്‍ ഇന്ന് അവസാനമായി സമ്മേളിച്ചുവെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി. അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദേശം അറിയിച്ചത്.

രാഷ്ട്രത്തിന്റെ ഗൃഹാതുരസ്മരണകളുടെ പ്രതീകമാണ് ഈ പാര്‍ലിമെന്റ് മന്ദിരം. മഹാരഥന്മാരായ ദേശീയനേതാക്കളുടെ ഓര്‍മ്മകള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നു. രാഷ്ട്രപിതാവായ മഹാത്മാവിന്റെ, മൗനിയായിരിക്കുന്ന പ്രതിമയാണ് മുറ്റത്ത്. അടുത്തകാലത്തായി പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധങ്ങളും ധര്‍ണ്ണാസമരങ്ങളുമെല്ലാം ഈ ഗാന്ധിപ്രതിമയുടെ മുന്നിലാണ് പതിവായി നടന്നുവന്നതെന്നും അബ്ദു സമദ് സമദാനി എം.പി.

അകത്ത്, ലോക്‌സഭാ, രാജ്യസഭാ ഹാളുകള്‍ക്കിടയില്‍, കെട്ടിടത്തിന്റെ മധ്യത്തിലുള്ള സെന്‍ട്രല്‍ ഹാളിലാണ് ഭരണഘടനാ നിര്‍മ്മാണസമിതി അതിന്റെ യോഗങ്ങള്‍ ചേരുകയുണ്ടായത്. ഭരണഘടനയുടെ ശില്പി ബി.ആര്‍ അംബേദ്കറിന്റെയും അതിന്റെ നിര്‍മാണസമിതി അധ്യക്ഷനും പ്രഥമ രാഷ്ട്രപതിയുമായ ബാബു രാജേന്ദ്രപ്രസാദിന്റെയും മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ രക്ഷകനായകന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും സഹപ്രവര്‍ത്തകനായ നിയമവിശാരതന്‍ ബി. പോക്കര്‍ സാഹിബും അടക്കമുള്ള ജനനേതാക്കളുടെയും ശബ്ദങ്ങള്‍ മുഴങ്ങുകയും വാക്കുകള്‍ അലയടിക്കുകയും ചെയ്ത മന്ദിരമാണിതെന്ന് സമദാനി വ്യക്തമാക്കി.

സെന്‍ട്രല്‍ ഹാളിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യലബ്ധിയുടെ വേളയില്‍ തന്റെ പ്രസിദ്ധമായ പാതിരാപ്രസംഗം നടത്തിയത്. (‘ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുകയാണ് ‘… ‘ഭാഗധേയവുമായുള്ള ഭാരതത്തിന്റെ അഭിമുഖം’). രാഷ്ട്രത്തിന്റെ സ്മൃതിപഥത്തില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത അനന്യസാധാരണ പ്രഭാഷണം.

ഇന്ന് ലോക്‌സഭ തുടങ്ങുമ്പോള്‍, ഹാജര്‍പട്ടികയില്‍ ഒപ്പിട്ട് 510 എന്ന ഡിവിഷന്‍ നമ്പര്‍ രേഖപ്പെടുത്തിയ സ്വന്തം സീറ്റില്‍ ഇരുന്ന്, ”രാജ്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷത്തെ പാര്‍ലിമെന്ററി യാത്ര’ വിഷയമായുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയും സംസാരിച്ചു. (ചര്‍ച്ചയില്‍ മുസ്ലിം ലീഗില്‍ നിന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബ് സംസാരിച്ചു) അത് കഴിഞ്ഞ് അല്പസമയം പിന്നിട്ടപ്പോള്‍ യാദൃശ്ചികമായി രാഹുല്‍ ഗാന്ധിയെ കണ്ടു. സ്വസ്ഥമായും സ്വതന്ത്രമായും മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. ഇയ്യിടെ ആര്യവൈദ്യശാലയില്‍ നടത്തിയ ചികിത്സയിലെ അനുഭവങ്ങള്‍ കോട്ടക്കല്‍ക്കാരനായ എന്നോട് അദ്ദേഹം പങ്കുവച്ചു. തുടര്‍ന്ന് പതിവുപോലെ ഫിലോസഫി, മിസ്റ്റിസിസം, വേദാന്തശാസ്ത്രം, ബുദ്ധിസം, സൂഫിസം, നിര്‍വ്വാണം, മുക്തി… തുടങ്ങിയ വിഷയങ്ങളിലൂടെ സംഭാഷണം കടന്നുപോയി. വിവിധ മതങ്ങളിലെ ആത്മീയമായ തത്ത്വങ്ങളെയും അവസ്ഥകളെയും സംബന്ധിച്ചും സംസാരിച്ചു. എന്റെ മനസ്സിലുള്ള പണ്ഡിറ്റ് നെഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും ചിന്താചിത്രങ്ങള്‍ അദ്ദേഹവുമായി പങ്കുവെക്കുയും ചെയ്തു അബ്ദുസമദ് സമദാനി എം.പി

തന്റെ പുതിയൊരു ലേഖനം ഭാഷാന്തരം ചെയ്യാനായി അദ്ദേഹം ഏല്‍പ്പിക്കുകയും അത് അപ്പോള്‍തന്നെ മുഴുവനായി വായിച്ചു കൊടുക്കാന്‍ പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അത് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു. സുന്ദരമായ ശൈലിയില്‍ എഴുതിയ ഗഹനമായൊരു ആത്മകഥാകഥനമായിരുന്നു അത്. കണ്ടുമുട്ടിയപ്പോഴും പിരിയുമ്പോഴും അദ്ദേഹം പതിവുപോലെ കൈ അമര്‍ത്തിപ്പിടിച്ച് ഹസ്തദാനം ചെയ്തു. പിരിയുമ്പോള്‍ പാര്‍ലിമെന്റിന്റെ കൊറിഡോറില്‍ വച്ച് ഒരു സെല്‍ഫിയെടുത്തു. എന്റെ മൊബൈലില്‍ അദ്ദേഹം തന്നെ ക്യാമറക്ക് വിരലമര്‍ത്തി.

അങ്ങനെ പഴയ പാര്‍ലിമെന്റ് മന്ദിരത്തിലെ അന്ത്യസമ്മേളനദിനത്തില്‍ അതിന്റെ ഇടനാഴികയിലൂടെ, പണ്ഡിറ്റ്ജിയുടെ പ്രപൗത്രനോടൊപ്പം പുറത്തുകടന്നു, പഴയ ഇന്ത്യയെയും പുതിയ ഇന്ത്യയെയും രണ്ടും തമ്മിലുള്ള അന്തരത്തെയും വീണ്ടും കണ്ടെത്താന്‍ എന്ന കുറിപ്പുമായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

webdesk13: