X

ആറ് കോടിയുടെ റോഡ് ആറാം നാള്‍ പൊളിഞ്ഞ സംഭവം; കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ആറ് കോടി രൂപയുടെ റോഡ് ആറാം നാള്‍ പൊളിഞ്ഞ വിഷയത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. കോഴിക്കോട് കൂളിമാട് എരഞ്ഞിമാവ് റോഡാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആറാം നാള്‍ പൊളിഞ്ഞത്. ഉപ്പു തിന്നവര്‍ ആരാണെന്ന് കോടതി കണ്ടെത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കരാറുകാരന്‍ മാത്രമല്ല ഉപ്പ് തിന്നതെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് നേരത്തെ പൊതുമരാമത്ത് മന്ത്രി പ്രതികരിച്ചിരുന്നു.

പിഡബ്ലുഡി വകുപ്പില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ യൂത്ത് കോണ്‍ഗ്രസ് സ്വന്തം നിലയില്‍ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിശോധനയ്ക്കായി റോഡിന്റെ സാംപിളുകള്‍ ശേഖരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയാണ് വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

ആറ് കോടി രൂപ മുടക്കി നിര്‍മ്മിച്ച റോഡ് ആറാം നാള്‍ പൊളിഞ്ഞതില്‍ മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2 വര്‍ഷം തകര്‍ന്ന് കിടന്ന റോഡാണ് ആധുനിക രീതിയില്‍ നിര്‍മ്മിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയാവുകയായിരുന്നു. പൊളിഞ്ഞ ഭാഗം റീടാര്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കം നടക്കുന്നതിനിടയിലാണ് അഴിമതിക്കാരെ കണ്ടെത്താന്‍ മന്ത്രി നേരിട്ടിടപെട്ടത്.

കൈകൊണ്ട് പൊളിച്ച് മാറ്റാവുന്ന അവസ്ഥയിലാണ് റോഡിന്റെ നിലവിലുള്ള അവസ്ഥ. വലിയ ടോറസ് ലോറികള്‍ കരിങ്കല്ലുമായി ഈ വഴി പോകുന്നതാണ് റോഡ് പൊളിയാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. എന്നാല്‍ മുന്‍പ് പൊളിഞ്ഞുകിടന്നിരുന്ന ഭാഗത്തല്ല ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനങ്ങളുടെ ഏറെ നാളത്തെ സമരത്തിന് ശേഷമാണ് റോഡ് നിര്‍മ്മിച്ചത്.

 

webdesk13: