X

പരീക്ഷകള്‍ പരീക്ഷണമാവുമ്പോള്‍

വി.കെ അബ്ദുറഹിമാന്‍

ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിളുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ പൊതു സമൂഹവുമായി പങ്കുവെക്കാതിരിക്കാനാവില്ല. പ്ലസ് ടു പരീക്ഷയിലെ മാര്‍ക്ക് കേരള എഞ്ചിനീയറിങ്ങ് പ്രവേശനത്തിന് പരിഗണിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളുടെ പരീക്ഷ സമയക്രമം കേരള ഹയര്‍ സെക്കണ്ടറി പരീക്ഷാ ബോര്‍ഡും സി.ബി.എസ്.സി പരീക്ഷാ വിഭാഗവും പ്രസിദ്ധീകരിച്ചിരിക്കുന്നു. കേരള ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാര്‍ച്ച്14, 16, 18 തിയ്യതികളിലാണ് യഥാക്രമം കെമിസ്ട്രി, മാത്‌സ്, ഫിസിക്‌സ് പരീക്ഷകള്‍ നടക്കുന്നത്. അതേ സമയം സി ബി എസ് സി യില്‍ കെമിസ്ട്രി (ഫെബ്രവരി.28) ഫിസിക്‌സ് ( മാര്‍ച്ച്.6), മാത്സ് (മാര്‍ച്ച്.11) എന്നിങ്ങനെയാണ് സമയക്രമം.

പരീക്ഷകള്‍ക്കിടയിലെ ഒഴിവു ദിനങ്ങള്‍ ഓരോ പേപ്പറിനും ആവശ്യമായ അന്തിമ ഒരുക്കങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടും. പ്രസ്തുത വിഷയങ്ങള്‍ക്ക് കിട്ടുന്ന മാര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനത്തിന് മാനദണ്ഡമാവുന്നതിനാല്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവാതെ പോകുന്ന സമയം അവരുടെ മാര്‍ക്ക് ലഭ്യതയെയും ഉന്നത വിദ്യാഭ്യാസത്തെയും ദോഷകരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

ഇവിടെയാണ് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനും സമാന്തരവിദ്യാഭ്യാസ ഏജന്‍സികളെ പോഷിപ്പിക്കാനുമുള്ള ഗൂഢശ്രമത്തിന് ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ തന്നെ കുടപിടിക്കുന്നു എന്ന സംശയം ബലപ്പെടുന്നത്. പരീക്ഷകള്‍ക്കിടയില്‍ മതിയായ തരത്തില്‍ ഇടവേളകള്‍ നല്കാന്‍ സാധ്യമാണെന്നിരിക്കെ കേരള ഹയര്‍ സെക്കണ്ടറിയില്‍ അത് നിഷേധിക്കുന്നതിന് എന്ത് ന്യായമാണ് അധികാരികള്‍ക്ക് പറയാനുള്ളത്.പൊതു വിദ്യാഭ്യാസ മേഖലയെ ഇന്നത്തെ നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഹയര്‍ സെക്കണ്ടറിയും അതിലെ വിഷയവൈവിധ്യങ്ങളും കുട്ടികള്‍ നടന്നു കയറിയ ഉന്നതിയിലേക്കുള്ള പടവുകളുമാണെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്.

ആലോചനാപൂര്‍വ്വം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ ഫെബ്രവരി 27 ന് തുടങ്ങി മാര്‍ച്ച് 3 ന് അവസാനിക്കുന്ന ഹയര്‍ സെക്കണ്ടറി മോഡല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും വളരെമെച്ചപ്പെട്ടതാക്കാമായിരുന്നു. ഒരു ദിവസം രണ്ട് എക്‌സാമുള്ള, ഒരിക്കലും മോഡലല്ലാത്ത മോഡല്‍ പരീക്ഷയുടെ ടൈം ടേബിളും ഓരോ ബെഞ്ചിലും വിദ്യാര്‍ഥികളെ തള്ളിനിറയ്ക്കുന്ന സീറ്റിങ്ങ് അറേഞ്ച്‌മെന്റും നല്കുന്ന സന്ദേശം പരീക്ഷകള്‍ പ്രഹസനമാകുന്നു എന്നതാണ്.കെ എച്ച് എസ് ടി യു ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ സുചിന്തിതമായ നിര്‍ദ്ദേശങ്ങള്‍ ഈ വിഷയങ്ങളില്‍ സമര്‍പ്പിച്ചെങ്കിലും ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്കോ നിലപാടുകള്‍ സ്വീകരിക്കാനോ ഭരണകൂടം തയ്യാറായില്ല.

ഒരു ഭാഗത്ത് പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് മുന്തിയ വര്‍ത്തമാനങ്ങള്‍ പറയുകയും പ്രായോഗികതലത്തില്‍ അതിനെ തകര്‍ക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടാന്‍ പൊതു സമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു. നിസ്സംഗരായിരിക്കാന്‍ സമൂഹത്തിനൊരവകാശവുമില്ല. കാരണം ഭാവിതലമുറയുടെ അക്കാദമിക പ്രൊഫഷണല്‍ സാധ്യതകള്‍ നഷ്ടപ്പെടുത്താന്‍ ആരും കാരണക്കാരാവരുത്.പരീക്ഷാ നടത്തിപ്പിലും ചോദ്യപേപ്പര്‍ നിര്‍മ്മാണം, സ്‌കീം ഫൈനലൈസേഷന്‍, മൂല്യനിര്‍ണ്ണയം തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും ഉണ്ടാവുന്ന താളപ്പിഴകള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കുക തന്നെ വേണം.

കുറ്റമറ്റ രീതിയില്‍ മാന്വല്‍ രൂപപ്പെടുത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. വര്‍ത്തമാനകാലത്ത് മനുഷ്യരുടെ ദൈനംദിന ജീവിതവും ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളും മാത്രമല്ല താറുമാറാവുന്നത്, മറിച്ച് ഉന്നത നിലവാരത്തിലേക്ക് കുതിക്കുമായിരുന്ന വിദ്യാഭ്യാസ മേഖല തന്നെയാണ് കഴിഞ്ഞ കുറച്ചു കാലമായി യുടേണ്‍ അടിച്ചു കൊണ്ടിരിക്കുന്നത്.ദേശീയഅന്തര്‍ ദേശീയ മല്‍സര പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ പിന്നോക്കം പോകുന്നു എന്നതാണ് അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാവര്‍ക്കും ചെലവേറിയ വിദ്യാഭ്യാസം പ്രാപ്യമല്ലാത്ത നമ്മുടെ നാട്ടില്‍ സാധാരണക്കാരന്റെ കുട്ടികള്‍ക്കും നീതി കിട്ടണം. മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും അവര്‍ക്ക് നല്കുന്ന കേരളത്തിന്റെ തനത് സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെടണം. ഭരണകൂടത്തിന്റെയും അക്കാദമിക സമൂഹത്തിന്റെയും അടിയന്തിര പരിഗണനയും പരിഹാരവും ഈ വിഷയത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

(കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ സ്‌റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനാണ് ലേഖകന്‍)

webdesk13: