X

അട്ടിമറികളുടെ സ്വന്തം സര്‍വകലാശാല – എഡിറ്റോറിയല്‍

അക്കാദമിക രംഗത്തായാലും ഭരണ രംഗത്തായാലും മേലാളന്‍മാര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത രീതിയിലേക്ക് കാലിക്കറ്റ് സര്‍വകലാശാല മാറിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ മലബാറിന്റെ സര്‍വസ്വവുമായ സ്ഥാപനത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ കടക്കല്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ കത്തിവെച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് അതിന്റെ തലപ്പത്തിരിക്കുന്നവര്‍.

രാജാവിനേക്കാള്‍ വലിയ രാജ ഭക്തി എന്ന രീതിയില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ക്കുവേണ്ടി വിടുവേല ചെയ്യുന്ന തരത്തിലേക്ക് ഇക്കൂട്ടര്‍ അധപ്പതിച്ചിരിക്കുന്നു. ഏറ്റവും ഒടുവിലായി യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന രണ്ടുവിവാദങ്ങള്‍ ഈ ദാസ്യവേലയുടെ നഖചിത്രങ്ങളാണ്. യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്.എഫ്.ഐക്കു തീറെയുതിക്കൊടുക്കാനുള്ള ഒത്തുകളിയാണ് ഒന്നാമത്തേതെങ്കില്‍ ഇടതു സംഘടനാ നേതാവിനുവേണ്ടി ദളിതു വിഭാഗത്തില്‍പ്പെട്ടയാള്‍ക്കവകാശപ്പെട്ട വകുപ്പ് മേധാവിസ്ഥാനം തട്ടിയെടുത്തതാണ് മറ്റൊന്ന്.

സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇന്നേവരെയുണ്ടായിട്ടില്ലാത്ത കൃത്രിമങ്ങള്‍ ജനാധിപത്യവിശ്വാസികള്‍ ആശ്ചര്യപ്പെട്ടുപോകുന്നത്രയും നഗ്നമായിട്ടുള്ളതായിരുന്നു. കോളജ് ഇലക്ഷനുകളുമായി ബന്ധപ്പെട്ട് ആരംഭിച്ച ഈ വഴിവിട്ട നീക്കങ്ങള്‍ ഒടുവില്‍ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ വരേ എത്തിനില്‍ക്കുകയാണ്.

കോളജ് തിരഞ്ഞെടുപ്പുകള്‍ നവംബര്‍ എട്ടിന് നടത്തണമെന്നും പതിനഞ്ച് ദിവസത്തിനകം യൂണിയന്‍ അംഗങ്ങളുടെ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തണമെന്നുമായിരുന്നു തീരുമാനമെങ്കില്‍ ഈ കാലാവധി എസ്.എഫ്.ഐക്ക് വേണ്ടി മാത്രം നീട്ടിക്കൊടുക്കുകയായിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ എസ്.എഫ്,ഐ യു.യു.സിമാരുടെ രേഖകള്‍ എത്താതിരുന്നപ്പോള്‍ ഇവരുടെ അപേക്ഷകള്‍ ഡീന്‍ പ്രത്യേക മെയിലിലൂടെ സ്വീകരിച്ചു.

എസ്.എഫ്.ഐയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ എം.എസ്.എഫിന്റെ 16 യുയുസിമാരെ അയോഗ്യരാക്കിയ സംഭവമാണ് മറ്റൊന്ന്. ബൈലോ പ്രകാരം തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച്ചക്കുശേഷം നല്‍കുന്ന പരാതികള്‍ സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍ സമയപരിധി കഴിഞ്ഞ് നല്‍കിയ പരാതി സ്വീകരിക്കുകയും പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടും പുതിയ ഒരു സംഘത്തെ വെച്ച് പരാതി പരിശോധിപ്പിക്കുകയും യു.യു.സിമാരെയും അയോഗ്യരാക്കുകയുമായിരുന്നു. അതോടൊപ്പം പത്ത് എസ്.എഫ്.ഐ യു.യു.സിമാരെ അനധികൃതമായി തിരുകിക്കയറ്റുകയും ചെയ്തിരിക്കുന്നു.

സര്‍ക്കാറിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുമെല്ലാം കാരണം കാമ്പസുകള്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കനത്ത പ്രഹരം നല്‍കുകയും എം.എസ്.എഫ് സഖ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരണം ജനാധിപത്യ സഖ്യത്തിന്റെ കരങ്ങളിലെത്തുമെന്നുറപ്പായപ്പോഴാണ് നഗ്നമായ നിയമലംഘനങ്ങള്‍ക്ക് സര്‍വകലാശാലാ അധികൃതര്‍ തുനിഞ്ഞിറങ്ങിയത്.

റഷ്യന്‍ ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ വകുപ്പ് മേധാവിസ്ഥാനം ദളിത് വിഭാഗത്തില്‍പെട്ടയാള്‍ക്ക് നിഷേധിച്ച സംഭവവും സര്‍വകലാശാലയുടെ നിലവിലെ മനോഭാവം തുറന്നുകാണിക്കുന്നു. ഇതേ വകുപ്പിന്റെ മറ്റൊരധ്യാപികയെ വകുപ്പ് മേധാവിയാക്കാനുള്ള സിന്‍ഡിക്കേറ്റംഗങ്ങളുടെ താല്‍പര്യമാണ് ഇവിടെ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്താന്‍ കാരണമായിത്തീര്‍ന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ളവരെ വകുപ്പ് മേധാവിയാക്കണമെങ്കില്‍ അഞ്ചുവര്‍ഷത്തെ അധ്യാപന പരിജയം വേണമെന്നതാണ് നിലവിലെ നിയമം. ഈ നിയമമാണ് സ്വന്തക്കാര്‍ക്ക് വേണ്ടി സിന്‍ഡിക്കേറ്റ് തിരുത്തിയിരിക്കുന്നത്.

പരാതിക്കാരി തങ്ങളുടെ അധ്യാപക സംഘടനയില്‍ അംഗമായതിനാല്‍ അവര്‍ ഔദ്യോഗികമായി പരാതിയുമായി രംഗത്തുവരില്ലെന്ന ധിക്കാരമാണ് ഇത്തരത്തിലൊരു നീതി നിഷേധത്തിന് സിന്‍ഡിക്കേറ്റിനെ പ്രേരിപ്പിക്കുന്നത്. ഏതായാലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അനധികൃതനിയമനങ്ങളും ഇടപെടലുകളും നിര്‍ലോഭം തുടരുമ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത് സര്‍വകലാശാലയുടെ നിലവാരമാണെന്നതാണ് ഏറ്റവും സങ്കടകരം.

ഒരു തലമുറയുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ പൂവണിയക്കാന്‍വേണ്ടി ഒരു ജനത എല്ലാം നല്‍കി സ്ഥാപിച്ചെടുത്തതാണ് കാലിക്കറ്റ് സര്‍വകലാശാല. നിരവധി നേതാക്കന്‍മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയുമെല്ലാം വിയര്‍പ്പിന്റെ ഗന്ധമുള്ള മണ്ണിനെ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചവിട്ടിമെതിക്കുന്നവരെക്കൊണ്ട് കാലം മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും.

webdesk13: