ന്യൂഡല്‍ഹി: ആക്രമണത്തിന് തയാറെടുത്ത് 250ലധികം തീവ്രവാദികള്‍ കശ്മീര്‍ താഴ്‌വരയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌ക്കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘത്തില്‍പ്പെട്ടവരാണ് താഴ്‌വരയിലെത്തിയതെന്നാണ് വിവരം. നിയന്ത്രണരേഖ കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ നുഴഞ്ഞുകയറിയവര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. അതേസമയം പാക് മണ്ണില്‍ നിന്നുള്ള ഏതാക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി കൂടുതല്‍ സൈനിക ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണ്. ഏതു ആക്രമണത്തെയും നേരിടാന്‍ 24മണിക്കൂറും സൈന്യം തയാറാണെന്നും നൗഷേധ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാക് അധീന കശ്മീരിലെ ഭീംബേറിനെതിരെയുള്ള സെക്ടറാണ് നൗഷേര്‍. ഈ മേഖലയില്‍ ഒരു സംഘം മാധ്യമപ്രവര്‍ത്തകരെയെത്തിച്ച് സൈന്യം സ്ഥിതിഗതികള്‍ വിവരിച്ചിരുന്നു.