X

റാഫേലില്‍ അന്വേഷണം ആരംഭിച്ചാല്‍ മോദിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റാഫേല്‍ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും അന്വേഷണം വന്നാല്‍ അദ്ദേഹത്തിന് അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടല്‍ ‘ദ വയര്‍’ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയത്.

റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയില്‍ കൂടി ദസ്സോ ഏവിയേഷന്‍ നിക്ഷേപം നടത്തിയതുമായി സംബന്ധിച്ചായിരുന്നു ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന കമ്പനി ദസ്സോയില്‍ നിക്ഷേപം നടത്തിയതുവഴി 284 കോടി രൂപ ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഈ പണം ഉപയോഗിച്ചാണ് നാഗ്പൂരില്‍ റിലയന്‍സ് എയറോ സ്ട്രക്ചര്‍ ഭൂമി വാങ്ങിയതെന്നും രേഖകള്‍ വ്യക്തമാക്കിയിരുന്നു.

റഫാല്‍ ഇടപാട് മോദിയും അംബാനിയും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്നും അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കാനുള്ള കരാറിലാണ് മോദി ഏര്‍പ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. കൈക്കൂലിയുടെ ആദ്യ ഗഡുവായി 284 കോടി രൂപ ദസ്സോ റിലയന്‍സ് ഡിഫന്‍സിന് കൈമാറിക്കഴിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന, നഷ്ടത്തില്‍ ഓടുകയും ഒരു രൂപ പോലും ലാഭം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന കമ്പനിയില്‍ ഏതാണ്ട് 4കോടി യൂറോ (334 കോടി രൂപ) ദസ്സോ ഏവിയേഷന്‍ നിക്ഷേപിച്ചതായാണ് രേഖകള്‍. റഫേല്‍ ഇടപാടില്‍ ദസ്സോ ഏവിയേഷന്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കളിയാക്കിയതിനെകുറിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ്, അനില്‍ അംബാനിയുടെ മറ്റൊരു കമ്പനിയില്‍ കൂടി ദസ്സോ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പുറത്തു വരുന്നത്.

‘റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ദസ്സോ കമ്പനി തലവന്‍ പറയുന്നത് കള്ളമാണ്. ഒരു കൊടുക്കല്‍ വാങ്ങല്‍ കച്ചവടമാണ് നടന്നത്. റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് ദസ്സോ നിക്ഷപം വഴി 284 കോടി രൂപയുടെ ഭൂമി വാങ്ങി. എന്തിനാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപം അവര്‍ നടത്തിയത്. അതും ഒരു രൂപ പോലും ലാഭമുണ്ടാക്കാത്ത കമ്പനിയില്‍ രാഹുല്‍ ചോദിച്ചു.

chandrika: