X

സംഘപരിവാരുകാരുടെ തനിനിറം മാറില്ല, മാറില്ല; സഖാക്കളുടെയും ..!

വീണ്ടുവിചാരം- മീഡിയന്‍

മുജാഹിദ് സംസ്ഥാനസമ്മേളനവേദിയിലേക്ക് സംഘപരിവാറുകാരെ  ക്ഷണിച്ചതില്‍ അരിശം തീരാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ല സഖാക്കള്‍ക്ക്. കൈരളി സഖാവ ്‌ടേണ്‍ഡ് രാജ്യസഭാ എം.പിക്കും സാക്ഷാല്‍ പി.ബി. പിണറായിക്കും കഴിഞ്ഞ രണ്ടുമൂന്നുദിവസമായി ഈ ശ്വാസം മുട്ടല്‍ തുടങ്ങിയിട്ട്. മുജാഹിദുകാര്‍ അവരുടെ സമ്മേളനം നടത്തുന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് ചര്‍ച്ച ചെയ്ത് സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നു. അതില്‍ ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരെയെല്ലാം പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെയാകണം, ഗോവ ഗവര്‍ണറും കേന്ദ്രസഹമന്ത്രിയും കേരളമുഖ്യനും ബ്രിട്ടാസ് എം.പിയും എം.പിമാരും എം.എല്‍.എമാരും ഒക്കെ കോഴിക്കോട്ടെ സ്വപ്‌നനഗരിയിലേക്കെത്തുന്നു. അല്ലാതെ ആരും വലിഞ്ഞുകേറുകയോ ഇറങ്ങുകയോ ചെയ്തതല്ല. എന്നാല്‍ ഞങ്ങളുടെ സമ്മേളനത്തിന് ഞങ്ങള്‍ക്കിഷ്ടമുള്ളവരെ വിളിക്കും, നിങ്ങള്‍ ഞങ്ങള്‍ പറയുന്നവരെ വിളിച്ചാമതി എന്ന മട്ടിലാണ് ബ്രിട്ടാസ് സഖാവും പിണറായി സഖാവുമൊക്കെ പറഞ്ഞുകളഞ്ഞത്.

സംഘപരിവാരത്തിന്റെ മുസ്‌ലിം വിരോധം ഇന്നും ഇന്നലെയുമുളളതല്ലെന്നും അതിന് നൂറ്റാണ്ടിന്റെയപ്പുറം പഴക്കമുണ്ടെന്നുമെല്ലാം അറിയുന്നവര്‍തന്നെയാണ് അവരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. അതിന് മറ്റുള്ളവര്‍ മറുപടി പറയുക. അങ്ങനെ സംവാദവേദിയാക്കുക. നെല്ലും പതിരും തിരിച്ചറിയാന്‍ ജനതക്ക് അവസരം നല്‍കുക. ഇതേ കേരള നദ് വത്തുല്‍ മുജാഹിദീന്റെ നേതാക്കള്‍ ചെയ്തുള്ളൂ. അതില്‍ പക്ഷേ ഇടങ്കോലിടാനും നാലുപേരെയെങ്കിലും അതിന്റെ നേതൃത്വത്തിനെതിരെ തിരിക്കാനും പറ്റുമോ എന്നായിരുന്നു സി.പി.എം സഖാക്കളുടെ ഉള്ളിലിരിപ്പ്. സംഘപരിവാറുകാര്‍ എന്തൊക്കെ പറഞ്ഞാലും തനിനിറം മാറ്റില്ലെന്ന ്പറഞ്ഞ കക്ഷിതന്നെയാണ ്മുമ്പ് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരെയും യോഗത്തില്‍ പങ്കെടുപ്പിച്ചതിനെ ശ്ലാഖിച്ചത്. 2021 നവംബറില്‍ സാക്ഷാല്‍ സംഘപരിവാര്‍ നേതാവ് കെ.ജി മാരാറുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് മുജാഹിദിനെ ഉപദേശിച്ച ബ്രിട്ടാസ് പ്രസംഗിച്ചതും മാരാറെയുള്‍പ്പെടെ വാഴ്ത്തിപ്പാടിയതും.

അല്ലെങ്കിലും കേരളരാഷ്ട്രീയത്തില്‍ മെയ് വഴക്കത്തിന് സഖാക്കളെ കണ്ടുപഠിക്കണം .അതും ജോണ്‍ബ്രിട്ടാസിനെപോലുള്ള സഖാക്കളെ. മുമ്പ് വിവാദവ്യവസായി ഫാരിസ് അബൂബക്കറിനെ കൈരളിചാനലില്‍ ഇരുത്തി സുഖിപ്പിച്ചുവിട്ട കക്ഷിയാണ് ഇപ്പോഴത്തെ എം.പി. ഇതുപോലെ പലതും ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമാണ് രാജ്യസഭാസീറ്റ് തന്നെ. അല്ലെങ്കിലിപ്പോഴും പാവം ചെറിയാന്‍ ഫിലിപ്പ് ആ പാര്‍ട്ടിയുടെ അരികില്‍ ഉണ്ടാവുമായിരുന്നു.
സംഘപരിവാറുകാര്‍ മാറില്ലെന്ന ്പറയുന്ന ബ്രിട്ടാസും പിണറായിചങ്കനും ന്യൂനപക്ഷങ്ങളെ ഉപദേശിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നും, ദാ മുജാഹിദ് വേദിയില്‍ വന്ന് ഞങ്ങളങ്ങ് മാറാന്‍പോകുമെന്ന ്പ്രഖ്യാപിക്കുകയാണെന്ന്.. ! ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന്‍ പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കളും പരിവാറുകാരും കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്. ഒരാള്‍ ഗുജറാത്തിലെ പട്ടിക്കുട്ടികളോടാണ് മുസ്‌ലിംകളെ ഉപമിച്ചതെങ്കില്‍, നിരവധി മുസ്‌ലിം-മതവിരുദ്ധ ഉത്തരവുകളാണ് പിണറായിസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിന്നെ ജനാധിപത്യം, മതേതരത്വം ഒക്കെ കുന്തോം കുടച്ചക്രോം പോലാണെന്നും !

സഖാവേ, പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞത് പോലെ പശ്ചിമബംഗാളില്‍ നിങ്ങള്‍ തോറ്റമ്പിയത് അവിടെ മുസ്‌ലിംകളെയും മറ്റും ക്ഷേമപ്പെടുത്തിയതുകൊണ്ടൊന്നുമല്ല. അതെങ്ങനെയെന്ന് അലി മുഹമ്മദും അമീനും കുടുംബസമേതം കേരളത്തിലെ ഹോട്ടല്‍തുടയ്ക്കാന്‍ വരില്ലായിരുന്നു. അതെ, വല്ലാതങ്ങ് ചെലക്കണ്ട, മുജാഹിദല്ല, സാക്ഷാല്‍ സമസ്തവേദിയിലായാലും നാല് വോട്ടിനപ്പുറം നിങ്ങക്കെന്ത് ന്യൂനപക്ഷപ്രേമം സഖാക്കളേ, പരിവാറുകാരേ.. !?

Chandrika Web: