പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഉച്ചയ്ക്ക് 1 മണിവരെ 42.31 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തി. 121 ണ്ഡലങ്ങളായി 3.75 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണിവരെ തുടരും. വോട്ടെടുപ്പ് മന്ദഗതിയിലാക്കാന്‍ മഹാസഖ്യത്തിന് സ്വാധീനമുള്ള ബൂത്തുകളില്‍ വൈദ്യുതി വിച്ഛേദനമുണ്ടായെന്ന് പ്രതിപക്ഷ ആര്‍ജെഡി എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും വോട്ടെടുപ്പ് പൂര്‍ണമായും സുതാര്യമായി നടക്കുകയാണെന്നും ബിഹാര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസ് വ്യക്തമാക്കി. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും നിയമാനുസൃതവും തടസ്സമില്ലാത്തതുമായ രീതിയിലാണ് വോട്ടെടുപ്പ് പുരോഗിമിക്കുന്നതെന്ന് ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഇന്‍ഡ്യാ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിംഗ്, സംസ്ഥാനമന്ത്രി നിതിന്‍ നബിന്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തി. തേജസ്വി യാദവ് പട്‌നയിലെ വെറ്റിനറി കോളേജില്‍ പിതാവ് ലാലു പ്രസാദിനൊപ്പം വോട്ട് ചെയ്തു. ഗോപാല്‍ഗഞ്ച് ജില്ലയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം (46.73%) രേഖപ്പെടുത്തി. ലഖിസാരായി (46.37%)യും ബെഗുസാരായി (46.02%)യും പിന്നിലായി. സംസ്ഥാനത്തുടനീളം 1,314 സ്ഥാനാര്‍ഥികളുടെ ഭാവി ഇന്ന് വോട്ടര്‍മാരുടെ വിധിനിര്‍ണയത്തിലാണ്. കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് സമാധാനപരമായി തുടരുകയാണ്.