വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലന്‍ഡില്‍ പ്രാദേശിക മാധ്യമ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച ഉച്ചക്കുശേഷം മെരിലന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ഗസറ്റ് എന്ന മാധ്യമസ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്.

ഓഫീസ് ഡോറിലൂടെ ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വെടിവെപ്പ് നടന്നത് വാര്‍ത്താമുറിയിലാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ രണ്ട് സംസ്ഥാന പാതകള്‍ അധികൃതര്‍ അടച്ചു. പത്രത്തിന്റെ ഓഫീസില്‍ നിന്ന് ജീവനക്കാരെ മുഴുവന്‍ പുറത്തെത്തിച്ചിട്ടുണ്ട്.