X
    Categories: Sports

കോലി വിതച്ചു; ബൗളര്‍മാര്‍ കൊയ്തു; ഓസ്‌ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഇന്ത്യ

നാഗ്പൂര്‍: ആവേശം അവസാന ഓവര്‍വരെ നീണ്ട രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. ടോസ് നഷ്ടമായി ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ക്യാപ്്ടന്‍ കോലിയുടെ 40-ാം ശതകത്തിന്റെ ബലത്തില്‍ 250 റണ്‍സെടുത്തപ്പോള്‍ സന്ദര്‍ശകര്‍ 49.3 ഓവറില്‍ 242 ന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ ഇന്നിങ്‌സിനെ ഏറെക്കുറെ ഒറ്റക്ക് താങ്ങിനിര്‍ത്തിയ കോലിയാണ് (116) മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ കണക്കുകൂട്ടല്‍ ശരിവെക്കുന്ന തരത്തിലായിരുന്നു ആദ്യ ഓവറില്‍ തന്നെ ഓപണിങ് ബാറ്റ്‌സമാന്‍ രോഹിത് ശര്‍മയുടെ പുറത്താവല്‍. പാറ്റ് കമ്മിന്‍സിന്റെ ആറാം പന്തില്‍ ആദം സാംപക്ക് ക്യാച്ച് നല്‍കി സംപൂജ്യനായായിരുന്നു ഉപനായകന്റെ മടക്കം. തുടര്‍ന്ന് നായകന്‍ കോലിയുമായി ചേര്‍ന്ന് ശിഖര്‍ ധവാന്‍ ഇന്ത്യന്‍ സ്‌കോറിനു വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും മാക്‌സ്‌വെല്‍ എറിഞ്ഞ ഒന്‍പതാം ഓവറില്‍ എല്‍.ബി.ഡബ്ല്യു ആയി പുറത്തായി. 29 പന്തില്‍ നാല് ബൗണ്ടറികളോടെ 21 റണ്‍സ് ആയിരുന്നു ധവാന്റെ സമ്പാദ്യം.

രണ്ട് ഓപണര്‍മാരും കൂടാരം കയറിയിതിനു പിറകെ വന്ന റായ്ഡു കോലിയൊടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. സ്‌കോര്‍ 75ല്‍ നില്‍ക്കെ ലിയോണിന്റെ ബോളില്‍ എല്‍.ബി.ഡബ്ല്യു ആയി റായിഡു മടങ്ങി. 32 ബോളില്‍ രണ്ട് ബൗണ്ടറികളോടെ 18 റണ്‍സാണ് റായിഡുവിനു നേടാനായത്. തുടര്‍ന്നുവന്ന വിജയ് ശങ്കറാണ് ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ സ്‌കോറിനു വേഗം കൂട്ടിയത്.

ഒരു വശത്ത് നായകന്‍ കരുതിക്കളിച്ചപ്പോള്‍ ശങ്കര്‍ ആക്രമണ ചുമതല ഏറ്റെടുത്തു. ഇതിനിടയില്‍ 53 ബോളില്‍ കോലി അര്‍ധ സെഞ്ച്വറി കടന്നു. സ്‌കോര്‍ ശക്തമായ നിലയിലെത്തുമെന്നു തോന്നിച്ച ഘട്ടത്തില്‍ അപ്രതീക്ഷിതമായുണ്ടായ ശങ്കറിന്റെ റണ്‍ഔട്ട് ഇന്ത്യയ്ക്കു തിരിച്ചടിയായി. സാംപ എറിഞ്ഞ പന്തില്‍ കോലിയുടെ സ്‌ട്രൈറ്റ് ഹിറ്റ് ബൗളറുടെ കൈയില്‍ തട്ടി നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ ശങ്കര്‍ ക്രീസിനു പുറത്തായിരുന്നു. 41 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 46 റണ്‍സാണ് വിജയ് നേടിയത്.

കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി കേദാര്‍ ജാദവിനു കാര്യമായ സംഭാവനകളൊന്നും നല്‍കാനായില്ല. 11 റണ്‍സുമായി സാംപയുടെ ബൗളില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. ആറാമനായി ഇറങ്ങിയ ധോണി വന്നതു പോലെ മടങ്ങുകയും ചെയ്തു. സാംപയുടെ തന്നെ ബൗളില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കിയ സംപൂജ്യനായി ധോണി മ
ടങ്ങുമ്പോള്‍ ഇന്ത്യ സ്‌കോര്‍ ആറിന് 171.
തുടര്‍ന്ന് ഒന്നിച്ച കോലിയും രവീന്ദ്ര ജഡേജയും കരുതലോടെ കളിച്ച് സ്‌കോര്‍ 200 കടത്തി. പിറകെ കോള്‍ട്ടര്‍ നൈലിന്റെ പന്ത് അതിര്‍ത്തി കടത്തി കോലി നാല്‍പതാം ഏകദിന ശതകവും സ്വന്തമാക്കി.

അതിനിടെ, സ്‌കോര്‍ 238ല്‍ നില്‍ക്ക കമ്മിന്‍സിന്റെ പന്തില്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കി ജഡേജ മടങ്ങി. 40 ബൗളില്‍ 21 ആയിരുന്നു ജഡേജ സ്വന്തമാക്കിയത്. അധികം വൈകാതെ കോലിയും ഇന്നിങ്‌സ് അവസാനിപ്പിച്ചു. 120 പന്തില്‍ നാല് ബൗണ്ടറികളോടെ 116 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റനെ കമ്മിന്‍സിന്റെ പന്തില്‍ സ്റ്റോയ്‌നിസ് പിടിച്ചു. തുടര്‍ന്നു വന്ന കുല്‍ദീപ് യാദവും ബുംറയും കാര്യമായൊന്നും ചെയ്യാനില്ലാതെ കൂടാരം പുല്‍കി.
ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ 29ന് നാല് വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സാണ് തിളങ്ങിയത്. സാംപ രണ്ടും കോള്‍ട്ടര്‍ നൈല്‍, മാക്‌സ്‌വെല്‍, ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

താരതമ്യേന എളുപ്പമെന്ന് തോന്നിച്ച സ്‌കോര്‍ തേടി ബാറ്റിങ് ആരംഭിച് ഓസീസിന് ഓപണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ മുന്‍നിരക്കാര്‍ ഇല്ലാത്തത് തിരിച്ചടിയായി. ഫിഞ്ച് (37), ഉസ്മാന്‍ ഖവാജ (38), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (48), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (52) എന്നിവര്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം പിടിച്ചെടുത്തു. ഡെത്ത് ഓവറുകളില്‍ ജസ്പ്രിത് ബുംറയുടെയും വിജയ് ശങ്കറിന്റെയും ബൗളിങ് ആണ് കൈവിടുമെന്ന് തോന്നിച്ച മത്സരത്തില്‍ ഇന്ത്യയെ തിരിച്ചെത്തിച്ചത്. കുല്‍ദീപ് 54 റണ്‍സിന് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബുംറ 29-ന് രണ്ടും വിജയ് ശങ്കര്‍ 15 ന് രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്ന അവസാന ഓവറില്‍ സ്‌റ്റോയ്‌നി സിനെയും ആദം സാംപയെയും പുറത്താക്കിയാണ് വിജയ് ടീമിനെ വിജയതീരമണിയിച്ചത്. ആദ്യപന്തില്‍ സ്റ്റോയ്‌നിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ശങ്കര്‍ മൂന്നാം പന്തില്‍ സാംപയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

chandrika: