X

ഒഡിഷ ട്രെയിനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ 82 എണ്ണം ഇപ്പോഴും അനാഥം

ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും അനാഥം. എയിംസ് ഭുവനേശ്വറിലെ മോർച്ചറിയിൽ ഇനിയും സൂക്ഷിച്ചിരിക്കുന്ന 82 മൃതദേഹങ്ങളുണ്ട്. ആകെ 162 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം ആളുകളെത്തിയപ്പോൾ മറ്റ് ചില മൃതദേഹങ്ങൾക്ക് ആളുകൾ വന്നതേയില്ല. ഒന്നിലധികം അവകാശികളെത്തിയ മൃതദേഹങ്ങളുടെ ശരിയായ അവകാശികൾ ആരെന്ന് കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബക്കാരിൽ നിന്ന് 57 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. എങ്കിലും, ഇനിയും 30ലധികം മൃതദേഹങ്ങൾക്ക് ആളുകൾ വന്നിട്ടില്ല.

ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത് റെയിൽവേയുടെ കുറ്റകരമായ അനാസ്ഥയ്ക്കാണ്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശവും ഇല്ല. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം, ഇന്നും അപകട സ്ഥലം സന്ദർശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേ യിലെ വകുപ്പുകൾ തമ്മിൽ ഭിന്നതയുണ്ട്. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന സംശയത്തെ തുടർന്നാണ്, റെയിൽവേ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശമില്ല. IPC ചട്ടം 337, 338, 304A, റെയിൽവേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിബിഎസ് സംഘം അപകടസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധന നടത്തും. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന റെയിൽവേ എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.

സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും വിയോജനകുറിപ്പിൽ പറയുന്നു. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചു. ദമ്ര തുറമുഖത്തു നിന്നുള്ള ചരക്ക് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്. 43 ബിഹാർ സ്വദേശികൾ അപകടത്തിൽ മരിച്ചതായും 44 പേർക്ക് പരുക്ക് ഏറ്റതായും മന്ത്രി ഷാനവാസ് ആലം അറിയിച്ചു.

webdesk13: