X

പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ശ്രീനഗറിലെ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ആരോപിച്ചു. പര്‍ദ ധരിക്കുന്നത് വഴി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നു അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിനു പുറത്തു വരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

webdesk13: