X

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക്

എം.എ ലത്തീഫ്

അധാര്‍മികതയുടെയും മൂല്യ തകര്‍ച്ചയുടെയും വാര്‍ത്തകള്‍ ഏറെ സ്ഥാനം പിടിച്ച കാലഘട്ടത്തിലെ ജീവിത സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒട്ടും ആശ്വാസകരമായ വാര്‍ത്തകള്‍ അല്ല നമുക്ക് ചുറ്റും കേള്‍ക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗവും അധാര്‍മികമായ പ്രവര്‍ത്തനങ്ങളും ചെറിയ കുട്ടികള്‍ പഠിക്കുന്ന കലാലയങ്ങളില്‍പോലും വ്യാപകമായിവരുന്നു എന്നത് കാണാതിരുന്നുകൂടാ. സര്‍ക്കാരും രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും വിഷയം ജാഗ്രതയോടെ കാണേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ അനുദിനം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കാണാന്‍ കഴിയും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പുറത്തുവിട്ട കേരള പാഠ്യപദ്ധതി ചട്ടക്കൂട് കരട് നിര്‍ദ്ദേശങ്ങള്‍ കേരളീയ സമൂഹത്തിന് മുമ്പാകെ ചര്‍ച്ചക്കിട്ടിരിക്കുകയാണ്. സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പ് എന്ന 117 പേജുള്ള കൈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളും അതോടനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളും ഒട്ടേറെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പുറത്തുവിട്ട കാര്യങ്ങള്‍ ലിംഗസമത്വവും സ്‌കൂള്‍ സമയമാറ്റവും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വിവാദമാവുകയും കെ.എ.ടി.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങള്‍ക്ക്മുന്നില്‍ താല്‍ക്കാലികമായെങ്കിലും സര്‍ക്കാര്‍ പിന്നോട്ട്‌പോകുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ജാതി മത കക്ഷി ഭേദമില്ലാതെ അതിശക്തമായ പ്രക്ഷോഭങ്ങളും ധൈഷണികമായ ചര്‍ച്ചകളും ഐക്യത്തോടെ നടത്താന്‍ സമൂഹം തയ്യാറാവേണ്ടതുണ്ട്.

നാളിതുവരെ കാത്തുസൂക്ഷിച്ച മതേതര വിദ്യാഭ്യാസവും ഭരണഘടനാനുസൃതമായ കാഴ്ചപ്പാടുകളും മാറ്റിമറിച്ചു പുതിയ വിദ്യാഭ്യാസ നയം നാഷണല്‍ എഡ്യൂക്കേഷനല്‍ പോളിസിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ കാണിക്കുന്ന വ്യഗ്രത കാണാതെ പോകരുത്. ഈ നീക്കത്തിന് സമാന്തരമായിതന്നെ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം നവ ലിബറലിസവും മതനിരാസവും കുഞ്ഞുമനസ്സുകളില്‍ തിരുകികയറ്റാനുള്ള പരിഷ്‌കരണ പദ്ധതിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് കേന്ദ്ര സംസ്ഥാന വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമായി തീരുന്നത്. മതേതരത്വം, ജനാധിപത്യം, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത, മാനവികത എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ അടിസ്ഥാന ആശയങ്ങളാണ്. ഇത് മറന്നുകൊണ്ടുള്ള പരിഷ്‌കരണം അശാസ്ത്രീയവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്.

കേരളത്തിലെ ഏറ്റവും വലിയ ഭാഷാ അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അറുപത്തിയഞ്ചാം സംസ്ഥാന സമ്മേളനം നടത്തുമ്പോള്‍ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്ന ധാരാളം വിഷയങ്ങള്‍ ഭാഷാ അധ്യാപകര്‍ക്ക് ഇന്നും ഉണ്ട് എന്നതാണ് സത്യം. 1967ല്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് അറബി ഉറുദു സംസ്‌കൃതം അധ്യാപകരെ ഭാഷാധ്യാപകരായി ഉയര്‍ത്തുകയും മറ്റു അധ്യാപകരെപ്പോലെ എല്ലാ സേവന വേതന വ്യവസ്ഥകളും നടപ്പാക്കിക്കൊണ്ട് ഉത്തരവിടുകയും ചെയ്തത്.

ഭാഷ പഠിക്കുന്ന കുട്ടികളുടെ നിശ്ചിത എണ്ണം കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. നിലവിലുള്ള കുട്ടികളുടെ എണ്ണം നിരവധി വര്‍ഷം കഴിഞ്ഞിട്ടും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പത്താം ക്ലാസ് വരെ അറബിഭാഷ പഠിച്ച കുട്ടികള്‍ക്ക് തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറിയിലും അറബി പഠിക്കാനുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. 10 കുട്ടികള്‍ പഠിക്കാന്‍ ഉണ്ടെങ്കില്‍ അറബി ഉറുദു സംസ്‌കൃതം തസ്തികകള്‍ ഹയര്‍സെക്കന്‍ഡറിയിലും അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറബി ഭാഷ പഠിക്കാന്‍ മാത്രം 25 കുട്ടികള്‍ വേണമെന്ന് വിവാദ സര്‍ക്കുലര്‍ നിലനില്‍ക്കുന്നു. ഉര്‍ദുവിനും സംസ്‌കൃതത്തിലും 10 കുട്ടികള്‍ മതിയെങ്കില്‍ അറബി പഠിക്കാന്‍ 25 കുട്ടികള്‍ വേണമെന്നതാണ് ഇപ്പോഴത്തെ സര്‍ക്കുലര്‍. ഇതിനെതിരെ നിരവധി നിവേദനങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും പരിഹരിക്കാതെ കിടക്കുകയാണ്.

ഭാഷാ അധ്യാപകരില്‍ അധികപേരും പാര്‍ട് ടൈം അധ്യാപകരായാണ് സര്‍വീസ് ആരംഭിക്കുന്നത്. എന്നാല്‍ അത്തരം അധ്യാപകരുടെ പാര്‍ട്‌ടൈം സര്‍വീസ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യത്തിനും ഇപ്പോഴും പരിഗണിക്കാതെ മാറ്റിനിര്‍ത്തുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ മാത്രം 17 ലക്ഷത്തോളം വിദ്യാര്‍ഥികളും പന്ത്രണ്ടായിരത്തോളം അധ്യാപകരും ജോലി ചെയ്യുന്നുണ്ട്. ഇതിനുപുറമേ കേരളത്തിലെ കോളജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിരവധി വര്‍ഷങ്ങളായി കെ.എ.ടി.എഫ് ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് പല തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇപ്പോള്‍ തുടങ്ങിയ ഭാഷാ അധ്യാപക ഡി. എല്‍.എഡ് സെന്ററുകള്‍ തീരെ അപര്യാപ്തമാണ്. നിലവില്‍ മൂന്ന് സെന്ററുകളിലായി 150 സീറ്റുകള്‍ മാത്രമാണ് അറബിക്കിന് ഉള്ളത്. കേരളത്തിലെ എല്ലാ ഡയറ്റുകളിലും അറബിക് ഡി.എല്‍.എഡ് സെന്ററുകള്‍ ആരംഭിക്കേണ്ടതുണ്ട്. പ്രതിവര്‍ഷം 350 നും 400നും ഇടയില്‍ അറബിക് അധ്യാപകരുടെ ഒഴിവുകള്‍ പ്രൈമറിയില്‍ മാത്രം വരുന്നു. അതേസമയം ഈ കോഴ്‌സിന് നാമമാത്രമായ ആളുകള്‍ക്ക് മാത്രമേ ചേര്‍ന്നു പഠിക്കാന്‍ സൗകര്യമുള്ളൂ. ഇത്തരം വിഷയങ്ങള്‍ സമയാസമയങ്ങളില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തികൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മയ്ക്ക് എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ചാവക്കാട് നടക്കുന്നത്.
(കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

webdesk13: