X
    Categories: NewsWorld

ഇസ്രാഈലിലെ 9,000 ഫലസ്തീനി തടവുകാര്‍ക്ക് റമസാനില്‍ ആഹാരമില്ല; പ്രാര്‍ത്ഥനക്ക് വിലക്ക്

റമസാന്‍ മാസം ആരംഭിച്ചതോടെ ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന 9,100 തടവുകാര്‍ പട്ടിണിയിലാണെന്ന് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടന. 2023 ഒക്ടോബറില്‍ ഗസ മുനമ്പില്‍ ഇസ്രാഈലിന്റെ വംശഹത്യ തുടങ്ങിയ നാള്‍ മുതല്‍ അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കാരണം ഫലസ്തീനിയന്‍ തടവുകാര്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ലെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.

തടവുകാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുക, ജയില്‍ അധികൃതര്‍ നല്‍കുന്ന മോശം ഭക്ഷണം കാരണം തടവുകാരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതില്‍ നടപടി സ്വീകരിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഉറപ്പുവരുത്തുക എന്നിവയെല്ലാം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ശരിയായി പാകം ചെയ്യാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇസ്രാഈല്‍ മനപ്പൂര്‍വം കൊണ്ടുവരുന്നുവെന്നും ചില തടങ്കല്‍ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും കാലപ്പഴക്കം ചെന്ന ഭക്ഷണമാണ് തടവുകാര്‍ക്ക് നല്‍കാറുള്ളതെന്നും പി.പി.സി കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമേ, ഫലസ്തീന്‍ തടവുകാരെ മതപരമായ ആചാരങ്ങളില്‍ നിന്നും ഇസ്രാഈല്‍ ഭരണകൂടം വിലക്കിയിട്ടുണ്ടെന്നും തടവുകാര്‍ പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ചതിനും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ശ്രമിച്ചതിനുമെല്ലാം നിരവധി തവണ ആക്രമണത്തിന് വിധേയരായെന്നും അവര്‍ പറഞ്ഞു.

പുറംലോകവുമായി ആശയവിനിമയം നടത്താന്‍ യാതൊരു മാര്‍ഗവും ഇല്ലാത്തത് മൂലം സെല്ലിനുള്ളിലെ തടവുകാര്‍ക്ക് പ്രാര്‍ത്ഥനാ സമയം അറിയാന്‍ കഴിയുന്നില്ല. 3,558 അഡ്മിനിസ്‌ട്രേറ്റീവ് തടവുകാരും ഇരുപതോളം കുട്ടികളും 61വനിതാ തടവുകാരും ഉള്‍പ്പെടെ 9100ലധികം ഫലസ്തീനികള്‍ അവിടെയുണ്ട്. വിചാരണയോ കുറ്റപത്രമോ ഇല്ലാതെയാണ് നൂറുകണക്കിന് തടവുകാരെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

നാലാം ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര നിയമങ്ങളും നല്‍കിയിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്രഈല്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇസ്രാഈലി ജയിലുകളില്‍ തടവിലാക്കപ്പെട്ടവരില്‍ 60% ആളുകള്‍ വിട്ടുമാറാത്ത രോഗങ്ങളാല്‍ പ്രയാസപ്പെടുന്നുവെന്നാണ് ഫലസ്തീന്‍ ഡിറ്റെയ്‌നിസ് സ്റ്റഡീസ് സെന്റര്‍ പറയുന്നത്.

 

webdesk13: