X

ബംഗാളിൽ ബൂത്ത് സന്ദർശനത്തിന് വന്ന ബി.ജെ.പി സ്ഥാനാർഥിയെ ഓടിച്ചു തല്ലി, കല്ലെറിഞ്ഞു-വിഡിയോ

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്. മംഗലപോട്ടയിലെ 200-ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രണതിനെ കല്ലെറിഞ്ഞും ഓടിച്ചിട്ടും മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷനേടാനായി ഓടുന്ന ടുഡുവിന്റെയും സുരക്ഷാഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കല്ലുകളില്‍ ചിലത് എം.എല്‍.എയുടെ അനുനായയികള്‍ ചിലരുടെ ദേഹത്ത് കൊള്ളുന്നതും ചിലത് വായുവിലൂടെ വരുന്നതും വീഡിയോയില്‍ കാണാം.

ബി.ജെ.പിയുടെ ബംഗാളിലെ ചുമതലയുള്ള നേതാവായ അമിത് മാളവ്യ സംഭവത്തില്‍ തൃണമൂലിനെതിരെയും മമതാ ബാനര്‍ജിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബംഗാളില്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

മംഗലപോട്ടയില്‍ ബി.ജെ.പി വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു താനെന്നും പ്രണത് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍ 200 ഓളം വരുന്ന അക്രമിസംഘം ലാത്തിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രണത് പറഞ്ഞു. കേന്ദ്രപോലീസ് ഉടന്‍ സ്ഥലത്തെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അല്ലാത്തപക്ഷം തങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും പ്രാദേശിക പൊലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും പ്രണത് ആരോപിച്ചു.

അതേസമയം പ്രണതിന്റെ ആരോപണം തൃണമൂല്‍ നേതൃത്വം നിഷേധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട വോട്ടര്‍മാര്‍ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയുമായിരുന്നുവെന്നാണ് തൃണമൂല്‍ നേതൃത്വം വ്യക്തമാക്കുന്നത്. മാധ്യമങ്ങളുടെയടക്കം നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചടക്കിയ മണ്ഡലമാണ് ജാര്‍ഗ്രാം. 2014ല്‍ തൃണമൂലിന്റെ ഉമസറന്‍ വിജയിച്ച മണ്ഡലത്തില്‍ 2019ല്‍ വിജയിച്ചത് ബി.ജെ.പിയുടെ കുമാര്‍ ഹെംബ്രാം ആണ്. എന്നാല്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഗ്രാമിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം തൃണമൂലിനൊപ്പമായിരുന്നു. അതേസമയം ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 77.99 ശതമാനമാണ് ഇവിടുത്തെ പോളിങ് നില.

webdesk13: