X

എടവണ്ണയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസ്; അന്വേഷണ സംഘത്തിലെ സിഐയെ സ്ഥലം മാറ്റി; വിവാദം

എടവണ്ണയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിലെ സിഐയെ സ്ഥലം മാറ്റിയത് വിവാദത്തില്‍. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പെടെയുള്ള നടപടികളും പുരോഗമിക്കുന്നതിനിടെ നിലമ്പൂര്‍ സിഐയെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാന്‍ ആണെന്നാണ് യുഡിഎഫിന്റെ ആരോപണം. എടവണ്ണ സ്വദേശി റിദാന്‍ ബാസിത്തിനെ വെടിവെച്ചു കൊന്നകേസില്‍ മുഖ്യപ്രതി എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനെയും ഇയാള്‍ക്ക് സഹായങ്ങള്‍ നല്‍കിയ മറ്റ് മൂന്ന് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇതിനിടയിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിലമ്പൂര്‍ സിഐ വിഷ്ണുവിന് മങ്കട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം. പ്രതികളില്‍ ചിലര്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വവുമായി അടുപ്പമുണ്ടെന്നും അതു കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്നുമാണ് യുഡിഎഫിന്റെ ആരോപണം. വ്യക്തി വൈരാഗ്യം കൊണ്ടാണ് കൊലപാതകമെന്നാണ് അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയെങ്കിലും ലഹരി സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ച്‌ വരികയാണ്. തെളിവുശേഖരണം ഉള്‍പ്പെടെയുള്ളവ നടക്കുന്ന ഈ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നാണ് യുഡിഎഫ് ആരോപണം.

കൊല്ലപ്പെട്ട റിദാന്‍ ബാസിത്ത് ലഹരിക്കേസില്‍ നേരത്തെ പ്രതിയായിരുന്നു. ഇതില്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കകമായിരുന്നു കൊലപാതകം. യുവാവിന് മൂന്ന് വെടിയേറ്റെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റ പാടുകളുമുണ്ട്. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണ്ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്

അന്വേഷണം ഗാസിയാബാദിലേക്ക്

റിദാൻ ബാസിൽ കൊലപാതകക്കേസിൽ തോക്കിന്റെ ഉറവിടംതേടി പോലീസ് ഉത്തർപ്രദേശിലെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽനിന്നാണ് മുഖ്യപ്രതി തോക്ക് സംഘടിപ്പിച്ചത്. ഡൽഹിൽനിന്നു മടങ്ങുന്നതിനിടെ ഉത്തർപ്രദേശിൽനിന്നാണ് ഇതു വാങ്ങിയതെന്ന് പ്രതി മുഹമ്മദ് ഷാൻ നേരത്തേ മൊഴിനൽകിയിരുന്നു. 1,10,000 രൂപയാണിതിനു ചെലവുവന്നതെന്നും പറഞ്ഞിരുന്നു.

തോക്ക് വാങ്ങാൻ കൂടെപ്പോയ ആളും സാമ്പത്തികസഹായം നൽകിയ രണ്ടുപേരും റിമാൻഡിലാണ്. കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി മുഹമ്മദ് ഷാനെ മേയ് നാലുവരെയാണ്‌ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ടു മൊബൈൽഫോണുകളും കണ്ടെടുക്കാനായിട്ടില്ല. കൊലപ്പെടുത്തിയശേഷം ഇവ പുഴയിൽ തള്ളിയെന്നാണു പ്രതി നൽകിയ മൊഴി. പുഴയിൽ രണ്ടുദിവസം തിരച്ചിൽ നടത്തിയിരുന്നു.

webdesk13: