ഛണ്ഡീഗഢ്: ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ ദേഹത്ത് വീണ് ദേശീയതല കൗമാരതാരമായ 16കാരൻ ഹാർദിക്കിന് ദാരുണാന്ത്യം. ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്‌റ ബാസ്‌കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതിനിടെ ബാസ്‌കറ്റിനോട് അടുത്തായി നിൽക്കുന്ന അരവൃത്ത ഭാഗത്ത് നിന്ന് ഷോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടാമത്തെ ശ്രമത്തിനായി ബാസ്‌കറ്റിൽ തൊട്ടതോടെയാണ് തൂൺ പെട്ടെന്ന് മറിയി ഹാർദിക്കിന്റെ നെഞ്ചിലേക്ക് പതിച്ചത്.
ശബ്ദം കേട്ട് കോർട്ടിന് പുറത്ത് നിന്നിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി തൂൺ മാറ്റിയെങ്കിലും ആ സമയത്ത് തന്നെ ഹാർദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാർദിക്ക് അടുത്തിടെ പരിശീലന ക്യാംപിൽ നിന്ന് തിരിച്ചെത്തിയതായാണ് വിവരം. അച്ഛൻ സന്ദീപ് രതിയോടൊപ്പം ഇളയ സഹോദരനും സമാനമായി ബാസ്‌കറ്റ് ബോൾ പരിശീലനം തുടങ്ങി വരികയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഹാർദിക്കിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു. തൂണിന്റെ ഉറപ്പില്ലായ്മയാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കങ്ക്ര, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ള നിരവധി ദേശീയ സബ് ജൂനിയർ, യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടി ഭാവി പ്രതിഭയായി പരിഗണിച്ച താരമായിരുന്നു ഹാർദിക്.
രണ്ടുവർഷം മുമ്പ് ബഹാദുർഗറിൽ ഹോഷിയാർ സിങ് സ്‌പോർട്‌സ് സ്റ്റേഡിയത്തിലും സമാനമായ അപകടത്തിൽ 15കാരനായ മറ്റൊരു താരത്തിന്റെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു.