X

എപ്ലസിലേക്ക് കുതിക്കാം; ഹൈടെക് ‘ട്യൂഷന്‍ മാഷി’ലൂടെ

കോഴിക്കോട്: പുതിയകാലത്തെ ട്യൂഷന്‍ മാഷ് എങ്ങനെയായിരിക്കണം…. ‘ട്യൂഷന്‍ മാഷ്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതേകുറിച്ച് പറഞ്ഞുതരികയാണ് ഒരുകൂട്ടം യുവാക്കള്‍. എപ്ലസ് നേട്ടത്തിലേക്ക് കുതിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായകരമാക്കുന്ന ഈ മൊബൈല്‍ ആപ്പ് ചുരുങ്ങിയകാലംകൊണ്ട് കേരളത്തിലൊട്ടാകെ തരംഗമായികഴിഞ്ഞു. സ്ഥിരം പഠനശൈലിയില്‍ നിന്നു വ്യത്യസ്തമായി ആനിമേഷനുകളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ എളുപ്പം മനസിലാകുന്നവിധത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിറ്റ് ഇന്‍ഫോ എല്‍.പി.പിയാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നില്‍. സുഹൈര്‍ മഹമൂദ്, മാഹിര്‍ ബിന്‍ ഫാറൂഖ്, മുഹമ്മദ് ജുനൈദ്, എം. അബ്ബാസ്, ടി.ഫസീഖ്, ലിനാസ് മുഹമ്മദ് എന്നിവരാണ് ട്യൂഷന്‍ മാഷിന്റെ അമരത്തുള്ളത്.

ആദ്യഘട്ടത്തില്‍ എസ്.എസ്.എല്‍.സി, ഒന്‍പതാംക്ലാസ്(സ്റ്റേറ്റ് സിലബസ്) വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കിയത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാത്തിക്‌സ് എന്നീ വിഷയങ്ങളിലെ സമഗ്രമായ അവലോകനമാണ് ഇതിന്റെ പ്രത്യേകത. പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക് പ്രത്യേകം പരിശീലനവും ലക്ഷ്യമിടുന്നു. മറ്റു വിഷയങ്ങളും ഉടന്‍ ആപ്പില്‍ അപ്പ്‌ലോഡ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അഞ്ചംഗ സംഘം. വിദഗ്ധരായ അധ്യാപകരുടെ പാനലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠഭാഗങ്ങള്‍ ഒരുക്കുന്നത്. പഠനത്തിനിടെ സംശയ ദൂരീകരണത്തിനുമുള്ള അവസരവുമുണ്ട്. പേജിന് താഴെനല്‍കിയ ചാറ്റ് ബട്ടണില്‍ സംശയങ്ങള്‍ ടൈപ്പ് ചെയ്ത് ചോദിക്കാം. പിന്നീട് ഇതേകുറിച്ച് മറുപടി നല്‍കും. ഇതോടെ സ്വന്തമായി പരീക്ഷക്ക് ഒരുങ്ങാനും പാഠഭാഗങ്ങള്‍ സ്വായത്വമാക്കാനും വിദ്യാര്‍ത്ഥികള്‍ക്കാകും. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആപ്ലിക്കേഷന്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ശാരീരിക അവശതമൂലം പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നവര്‍ക്കും വിരല്‍തുമ്പില്‍ ട്യൂഷന്‍ മാഷിന്റെ സേവനം ലഭിക്കുന്നതാണ് മറ്റൊരു പ്രത്യേകത. വിദ്യാലയങ്ങളില്‍ പോകാതെതന്നെ ഇവര്‍ക്ക് പാഠഭാഗങ്ങള്‍ പഠിച്ചെടുക്കാം. കണക്ക് അടക്കമുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പഠനവൈകല്യങ്ങള്‍ മനസിലാക്കി അതിനനുസൃതമായി പാഠഭാഗങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീം തന്നെ ഇവര്‍ക്ക് കീഴില്‍ ജോലിചെയ്യുന്നു. നിലവില്‍ ട്യൂഷന്‍ മാഷ് ആപ്പില്‍ അരമണിക്കൂറോളമാണ് വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്നത്. ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഈ ആപ്പ് വിപുലപ്പെടുത്താനും ഇവര്‍ ലക്ഷ്യമിടുന്നു.
അടുത്ത ഘട്ടത്തില്‍ പ്ലസ്‌വണ്‍, പ്ലസ്ടു, ബി-ടെക്, പി.എസ്.സി തുടങ്ങിയ വിഭാഗങ്ങളിലും പഠനസൗകര്യമൊരുക്കുകയാണ് ഉദ്ദേശിക്കുന്നത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിലവില്‍ ഒരുവര്‍ഷത്തേക്ക് 3000രൂപയാണ് വരുന്നത്. ഒരുമാസത്തേക്ക് 350രൂപ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആപ്പ് ലഭ്യമാക്കാനും ഇവര്‍ക്ക് ലക്ഷ്യമുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റ്: www.tuitionmash.com.

chandrika: