X

സത്യസന്ധരായ പൊലീസുകാര്‍ക്ക് സര്‍വ്വീസില്‍ തുടരാനാകാത്ത സ്ഥിതി; സി.ഐയുടെ സസ്‌പെന്‍ഷനില്‍ പി.കെ ഫിറോസ്‌

കത്വ ഫണ്ട് ആരോപണ കേസില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമ്മര്‍പ്പിച്ച പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരേ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സര്‍വ്വീസില്‍ തുടരാനാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കുന്ദമംഗലം സി.ഐയെ സസ്പെന്‍ഡ് ചെയ്ത നടപടിയെന്ന് ഫിറോസ് ആരോപിച്ചു. കത്വ ഫണ്ട് ആരോപണത്തില്‍ തന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഇന്നലെയാണ് സസ്പെന്‍ഡ് ചെയ്തത്.

രാഷ്ട്രീയവൈരാഗ്യം കാരണം യൂത്ത് ലീഗ് നേതാക്കളുടെ പേരില്‍ വെറുതേ പരാതി നല്‍കുകയായിരുന്നുവെന്നാണ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. പരാതിയില്‍ ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്താന്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു സി.ഐ യൂസഫ് നടുത്തറേമ്മലെതിരായ നടപടി.

‘ഫിറോസിനെ തൂക്കിക്കൊല്ലണം എന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നതെങ്കില്‍ ആ പൊലീസുകാരന്‍ ഇപ്പോഴും സര്‍വ്വീസില്‍ ഉണ്ടാകുമായിരുന്നു. കത്വ ഫണ്ട് ആരോപണത്തില്‍ തന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയെയാണ് വിളിപ്പിച്ചത്. രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതി തളളിയെങ്കില്‍ ആ ഉത്തരവിന്റെ പകര്‍പ്പ് എവിടെ?. പ്രതിപക്ഷത്തുള്ള ഒട്ടേറെ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകളില്‍ അവര്‍ക്ക് അനുകൂലമായി നടപടി സ്വീകരിക്കുന്ന പൊലീസുകാരുടെ ഗതി ഇതായിരിക്കുമെന്ന സൂചനയാണ് സസ്പെന്‍ഷന്‍’, ഫിറോസ് പറഞ്ഞു.

കെ.ടി.ജലീല്‍ മാധ്യമങ്ങളെ ആദ്യം തെറ്റിദ്ധരിപ്പിച്ചു. പിന്നീട് സി.ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ കളമൊരുക്കി. സ്വകാര്യ അന്യായം ഒരാള്‍ കൊടുത്തിരിക്കേ കോടതി എങ്ങനെയാണ് സ്വമേധയാ കേസെടുക്കുക. തനിക്കെതിരെ പരാതി കൊടുത്തയാള്‍ ഇന്ന് മന്ത്രിയുടെ സ്റ്റാഫിലാണ്. സി.പി.എം സെക്രട്ടറിമാരുടെ അനുമതി വാങ്ങിയില്ലെന്ന തെറ്റ് മാത്രമാണ് സി.ഐ ചെയ്തത്. സി.പി.എമ്മിന് ഇഷ്ടമുള്ള ആളേക്കൊണ്ട് പുനരന്വേഷണം നടത്താമെന്നും പി.കെ ഫിറോസ് പറഞ്ഞു.

webdesk13: