സുബ്ഹി നമസ്‌കാരം കഴിയുന്നതോടെ മലയമ്പള്ളം പള്ളിയിലെ ഉസ്താദുമാര്‍ക്ക് പൊന്നന്റെ വക ചൂടുള്ള ചായയെത്തും. പള്ളിയില്‍ ബാങ്കുവിളി ഉയരും മുമ്പേ പൊന്നന്റെ വീട്ടില്‍ ആ ചായ കാച്ചലിനുള്ള ഒരുക്കം തുടങ്ങും. കഴിഞ്ഞ 45 വര്‍ഷം മുടങ്ങാതെയുള്ള പതിവാണിത്. പൊന്നനിപ്പോള്‍ വയസ് 65. എന്നിട്ടും ഈ ചായക്കോപ്പയിലെ സ്‌നേഹത്തിന്റെ വീര്യം ഇപ്പോഴും പകര്‍ന്നു നല്‍കിക്കൊണ്ടേയിരിക്കുന്നു.

പ്രവാസ ജീവിതത്തിനു ശേഷമാണു 2012ല്‍ കരിപ്പാലി സ്വദേശി കാജാഹുസൈന്‍ ബാഖവി മലയമ്പള്ളം പള്ളിയിലെത്തുന്നത്. ആദ്യ ദിനത്തെ ബാങ്കുവിളിക്കു ശേഷം തനിക്കു കുടിക്കാന്‍ പൊന്നന്റെ വീട്ടില്‍നിന്നു ചായയെത്തിയപ്പോള്‍ തനിക്ക് അതില്‍ അതിശയമുണ്ടായിരുന്നു. അവിടെ ചായ കിട്ടാന്‍ മറ്റ് ഇടമില്ലാത്തതിനാലും തന്നതു നിഷേധിക്കുന്നതു ശരിയല്ലെന്നതുകൊണ്ടും ആദ്യ ചായയുടെ മധുരം നുകര്‍ന്നു. പിന്നീടാണ് അറിയുന്നത് ഇവിടുത്തെ ഉസ്താദുമാര്‍ക്കു പൊന്നന്റെ കുടുംബത്തില്‍ നിന്നുള്ള ചായ പതിവാണെന്ന്.

8 വര്‍ഷത്തിനിപ്പുറം തിരഞ്ഞു നോക്കുമ്പോള്‍ കാജാഹുസൈന്‍ ബാഖവിയുടെ വാക്കുകള്‍ ഇങ്ങനെ ”ഒരു നാള്‍ പോലും മുടങ്ങിയതായി ഓര്‍മയിലില്ല…” താനില്ലാത്ത സമയത്തു പോലും ഇവിടെ തന്നെ അന്വേഷിച്ചെത്തുന്നവര്‍ക്കും ചായ നല്‍കിയാണു പൊന്നന്റെ കുടുംബം സ്വീകരിക്കാറുള്ളതെന്ന് ഉസ്താദ് പറയുന്നു. ബഷീര്‍ സഖാഫി വണ്ടിത്താവളം പൊന്നന്റെ വീട്ടിലെ ചായയുടെ മധുരത്തിന്റെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് നാലര പതിറ്റാണ്ടിനപ്പുറം നീളുന്ന സാമൂഹിക അകലമില്ലാത്ത മത സൗഹാര്‍ദത്തിന്റെ കഥ പുറംലോകം അറിയുന്നത്.

വടവന്നൂര്‍ പഞ്ചായത്തിലെ മലയമ്പള്ളത്ത് 1974 ഡിസംബര്‍ 20നാണു ജുമാഅത്ത് പള്ളി വരുന്നത്. പള്ളിക്കടുത്തുള്ള ഓലമേഞ്ഞ വീട്ടിലായിരുന്നു അന്നു പൊന്നന്റെ കുടുംബത്തിന്റെ താമസം. പുലര്‍ച്ചെ ബാങ്കുവിളിക്കാനായി എത്തുന്ന ഉസ്താദുമാര്‍ക്ക് ഒരു ചായ കുടിക്കണമെങ്കില്‍ ഏറെ ദൂരം പോകണം. അങ്ങനെയാണു പുലര്‍ച്ചെ ഒരു ഗ്ലാസ് ചായ വീട്ടില്‍നിന്നു കൊടുത്തുതുടങ്ങിയതെന്നു പൊന്നന്‍ ഓര്‍ക്കുന്നു. പിന്നെയതു ശീലമായി. പള്ളിയിലെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ചായ നല്‍കുന്നതു കടമയായി തന്നെ കരുതി. മീന്‍ കച്ചവടം ചെയ്ത് ഉപജീവനം കഴിക്കുന്ന പൊന്നന്റെ ഭാര്യ വിമലയും കുടുംബവും ആ ശീലത്തിനൊപ്പം സഞ്ചരിക്കുന്നതാണു 4 പതിറ്റാണ്ടിനിപ്പുറവും ചായയുടെ മധുരം ഉസ്താദുമാര്‍ക്കു പകര്‍ന്നു നല്‍കുന്നതിന്റെ കരുത്ത്.