X

ഇരട്ടപദവി: ആം ആദ്മി പാര്‍ട്ടിക്ക് കൂനിന്‍മേല്‍ കുരുവായി രോഗി കല്യാണ്‍ സമിതി നിയമന വിവാദം

 

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എം എല്‍ എ മാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയതില്‍ മാത്രം ഇരട്ടപദവി വിവാദം ഒതുങ്ങില്ല. കെജ്രിവാള്‍ സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയാവുന്ന തരത്തില്‍ 27 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെത് കൂടി ഇരട്ടപദവി അയോഗ്യത പരാതി തിരഞ്ഞടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്.

വെള്ളിയാഴ്ച്ചയാണ് 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തബര്‍ 8 വരെ പാര്‍ലമെന്ററി സെക്രട്ടറി പദവി കൈകാര്യം ചെയ്ത കാരണത്താല്‍ ആംആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയത്.

എന്നാല്‍ സമാനമായ മറ്റൊരു പരാതി കൂടി തിരഞ്ഞടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ദില്ലി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളിലെ രോഗി കല്യാണ്‍ സമിതികളുടെ ചെയര്‍പേഴ്‌സണ്‍ പദവികളില്‍ 27 എംഎല്‍എമാരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇത് പ്രതിഫലം പറ്റുന്ന ഇരട്ടപദവിയില്‍ ഉള്‍പ്പെടുമോ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്. 2016 ജൂണില്‍ നിയമ വിദ്യാര്‍ഥിയായ വിഭോര്‍ ആനന്ദാണ് തിരഞടുപ്പ് കമ്മീഷന് രോഗി കല്യാണ്‍ സമിതിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രി എം.എല്‍.എ മാരെ നിയമിച്ചതിനെ ചോദ്യം ചെയ്ത് കത്തയച്ചത്. എം.എല്‍.എമാര്‍ക്ക് അംഗമാവാന്‍ മാത്രമേ ചട്ടം അനുവദിക്കുന്നുള്ളൂ എന്ന വാദമാണ് പരാതിക്കാരന്‍ മുന്നോട്ട് വെക്കുന്നത്. ചെയര്‍പേഴ്‌സന്‍ പദവി ആനുകൂല്യം പറ്റുന്ന പദവിയാണന്നും അതിനാല്‍ തന്നെ എം എല്‍ എ മാരുടെ ചട്ടലംഘനം പരിശോധിക്കണമെന്നുമാണ് പരാതി. പാര്‍ലമെന്റ് സിക്രട്ടറി പദവിയും രോഗി സമിതി ചെയര്‍പ്പേഴ്‌സണ്‍ പദവിയും ഒന്നിച്ച് വഹിച്ച 11 എം എല്‍ മാരെ കൂടെ കൂട്ടിയാല്‍
ഇരട്ടപദവി പരാതി 36 എംഎല്‍എ മാരുടെ ഭാവി അനിശ്ചിതത്തിലാക്കും. 20 എംഎല്‍എ മാര്‍ക്ക് പുറമേ 16 എംഎല്‍എമാര്‍ കൂടി അയോഗ്യരാക്കപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മുതലടുത്ത് അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി ജെ പി ആവശ്യപ്പെടാനിടയുണ്ട്.

രാജ്യസഭാ സീറ്റിനെ ചൊല്ലി പാര്‍ട്ടിയിലെ പ്രബല നേതാവായ കുമാര്‍ വിശ്വാസ് വിഭാഗം പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ കെജ്രിവാളുമായി അത്ര സുഖത്തിലല്ല. രാജ്യസഭ സീറ്റിനു സ്ഥാപകാംഗമായ കുമാര്‍ വിശ്വാസിനെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധം മറനീക്കി പുറത്ത് വന്നിരുന്നു.

അതിനിടെ തിരഞ്ഞടുപ്പ് കമ്മിഷനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു. കമ്മീഷന്‍ ബി ജെ പിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.

എഴുപതംഗ ദില്ലി അസംബ്ലിയില്‍ 66 സീറ്റ് നേടിയാണ് കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റത്. സഭയില്‍ ഒരു ആം ആദ്മി പാര്‍ട്ടി വിമത എം എല്‍ എ യും നാല് ബിജെപി എംല്‍എമാരും മാത്രമാണ് പ്രതിപക്ഷ നിരയിലുള്ളത്. പാര്‍ലമന്റ് സിക്രടറി നടപടി പോലെ രോഗി കല്യാണ്‍ സമിതി പരാതിയിലും സമാന സമീപനം തെരഞടുപ്പ് കമ്മീഷന്‍ സ്വീകരിച്ചാല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാറിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

chandrika: