ഹേഗ് (നെതര്‍ലാന്റ്‌സ്): അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) പ്രസിഡണ്ടായി അബ്ദുല്‍ ഖവി അഹ്മദ് യൂസുഫ് തെരഞ്ഞെടുക്കപ്പെട്ടു. ഷ്യൂ ഹാന്‍ഖിന്‍ ആണ് വൈസ് പ്രസിഡണ്ട്. മൂന്നു വര്‍ഷമാണ് ഇവരുടെ കാലാവധി.

ഫ്രഞ്ച് ജഡ്ജ് റോണി അബ്രഹാം ഒഴിയുന്ന സ്ഥാനത്താണ് അബ്ദുല്‍ ഖവി യൂസുഫ് നിയമിതനാവുന്നത്. 2015 മുതല്‍ വൈസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം ഐ.സി.ജെയുടെ 25-ാമത്തെ പ്രസിഡണ്ടാണ്. 2009 മുതല്‍ അദ്ദേഹം ഐ.സി.ജെയില്‍ ന്യായാധിപനാണ്.

സോമാലിയയിലെ നുഗാല്‍ പ്രവിശ്യയില്‍ 1948-ല്‍ ജനിച്ച അബ്ദുല്‍ ഖവി സ്വിറ്റ്‌സര്‍ലാന്റിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ജനറലില്‍ നിന്നാണ് അന്താരാഷ്ട്ര നിമയത്തില്‍ പി.എച്ച്.ഡി നേടിയത്. യുനെസ്‌കോ, യുനിഡോ തുടങ്ങിയ അന്താരാഷ്ട്ര സന്നദ്ധ സംഘടകള്‍ക്കു വേണ്ടി നിയമോപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചൈനയിലെ ഷാങ്ഹയില്‍ 1955-ല്‍ ജനിച്ച ഷ്യൂ ഹാന്‍ഖിന്‍ 2010 മുതല്‍ ഐ.സി.ജെയില്‍ ന്യായാധിപയാണ്. ചൈനയുടെ പ്രതിനിധിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.