X

സര്‍ക്കാരിലെ ഉന്നതര്‍ക്ക് ബോട്ടിന് ബിനാമികള്‍: ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ക്കും അപകടസാധ്യത

കെ.പി ജലീല്‍

സംസ്ഥാനത്തെ ടൂറിസം രംഗത്ത് സര്‍ക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് വന്‍ബിനാമി ബന്ധം. സാമ്പത്തികമായി ഉന്നതരായ പണച്ചാക്കുകളുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തെ ടൂറിസം രംഗത്ത് മുതല്‍മുടക്ക് വര്‍ധിക്കുന്നു. താനൂരിലുണ്ടായ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നിലും ബിനാമി ബന്ധമെന്ന് സൂചന. അരീക്കോട് എളമരം കടവിലും സമാനമായി നിരവധി കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നു. സംസ്ഥാനത്തെ ഉന്നത സി.പി.എം നേതാക്കളിലൊരാള്‍ക്കാണ് ഇതിന്റെ പണം ഒഴുകുന്നത്. സംസ്ഥാനത്തെ ടൂറിസം വകുപ്പിലെ ഉന്നതരും സമാനമായി ബോട്ടുകള്‍ വാങ്ങി ബിനാമികളുടെ പേരില്‍ സര്‍വീസ് നടത്തി വരുമാനമുണ്ടാക്കുന്നതായി വിവരമുണ്ട്. ഇവരായതിനാല്‍ ലൈസന്‍സും ഫിറ്റ്‌നസും സംഘടിപ്പിക്കാന്‍ വലിയ പ്രയാസമില്ലതാനും.
താനൂര്‍ സംഭവത്തില്‍ അറ്റ്‌ലാന്റിക് എന്ന ബോട്ടിന്റെ ഉടമ നാസറാണെങ്കിലും ഇയാള്‍ ഉന്നത രാഷ്ട്രീയനേതാവിന്റെ ബിനാമിയാണെന്നാണ് വിവരം. സി.പി.എമ്മിന്റെ പ്രാദേശികനേതാവായ ഇദ്ദേഹത്തിന് തീരദേശത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമാണുളളത്. ലൈസന്‍സ് സംഘടിപ്പിക്കുന്നതിനും ഫിറ്റ്‌നസ് തയ്യാറാക്കി നല്‍കുന്നതിനും ഈ ബന്ധം ഉപയോഗപ്പെടുത്തുന്നു. 30-40 ലക്ഷം രൂപ ചെലവില്‍ മീന്‍പിടുത്ത ബോട്ടുകള്‍ വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് യാത്രാബോട്ടുകളാക്കുന്നത്. മീന്‍പിടുത്ത ബോട്ടുകളും ഇത്തരത്തില്‍ ഉന്നതരുടെ പണം കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. വരുമാനം മാസാമാസം ഉന്നതരുടെ കൈകളിലെത്തും. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഇത്തരത്തില്‍ കാലപ്പഴക്കം ചെന്ന നൂറോളം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡിലെ വാഹനങ്ങള്‍ക്ക് കൈക്കൂലി വാങ്ങി ഫിറ്റ്‌നസ് നല്‍കുന്നതുപോലെ ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ദുരന്തങ്ങള്‍ക്കിടയാക്കുന്നത്.

മീന്‍പിടുത്ത ബോട്ടുകള്‍ ഇത്തരത്തില്‍ അപകടത്തില്‍പെടാറുണ്ടെങ്കിലും തൊഴിലാളികളുടെ പരിചയവും മിടുക്കും കാരണം ദുരന്തത്തില്‍നിന്ന് പലപ്പോഴും രക്ഷപ്പെടുകയാണ്. അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.

 

Chandrika Web: