ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് 16,000 പേര്‍ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതില്‍ 18 പേര്‍ കോവിഡ് പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചു. ഒമിക്രോണ്‍ ഭീഷണിയെ നേരിടാന്‍ രാജ്യം സജ്ജമാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് ഒമിക്രോണിനെ നേരിടും. കോവിഡ് രണ്ടാം തരംഗം നല്‍കിയ പാഠം ഒമിക്രോണ്‍ വെല്ലുവിളിയെ നേരിടാന്‍ സഹായിക്കുമെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ശാസ്ത്രലോകത്തെ പ്രധാനമന്ത്രിക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിമാരോട് നിരന്തരം വിവരങ്ങള്‍ ആരായുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. പരിശോധന കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോസിറ്റീവ് കേസുമായി സമ്പര്‍ക്കത്തില്‍ വന്നവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒന്നിന് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്നും സംസ്ഥാനങ്ങള്‍ക്ക് അതിന് മുന്‍പേ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് 3.46 കോടി പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നും ഇതില്‍ 4.6 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു. ഒമിക്രോണ്‍ ഭീഷണിയുള്ള സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം കര്‍ശന പരിശോധന നടത്തുന്നുണ്ട്. കോവിഡ് പോസിറ്റീവ് കേസുകള്‍ ജനിതക ശ്രേണീകരണത്തിനയക്കുന്നുണ്ടെന്നും രാജ്യത്ത് കര്‍ശന നിരീക്ഷണം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലും കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്‌സഭയെ അറിയിച്ചു.

ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വച്ചിരുന്നു. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോവിഷീല്‍ഡ് വാക്‌സിനെ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഡിസിജിഐയെ സമീപിച്ചിരുന്നു.
നിലവില്‍ വാക്‌സിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നു. ആസ്ട്രാ സെനക്കാ വാക്‌സിനെ യു.കെ ബൂസ്റ്റര്‍ഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് ആലോചനകള്‍ ശക്തമായത്.

അതേ സമയം ഒമിക്രോണ്‍ ഭീഷണിയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ആവര്‍ത്തിച്ചെങ്കിലും രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്‌സിജന്‍ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി വീഴ്ച്ച ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഓക്‌സിജന്‍ പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞു. 19 സംസ്ഥാനങ്ങളോട് വിശദാംശങ്ങള്‍ തേടിയതില്‍ പഞ്ചാബ് മാത്രമാണ് നാല് മരണത്തില്‍ സംശയം പ്രകടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.