X

അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപനം ഞായറാഴ്ച; സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യാതിഥി

അബുദാബി : മാര്‍ത്തോമ്മാ സഭയുടെ യുവജനപ്രസ്ഥാനമായ യുവജനസഖ്യത്തിന്റെ ഏറ്റവും വലിയ ശാഖയായ അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു. 11 നു ഞായറാഴ്ച 11 മണിക്ക് മുസ്സഫ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ഡോ .ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് ഉത്ഘാടനം ചെയ്യും.

സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. യുവജനസഖ്യം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.ഫിലിപ്പ് മാത്യു, മാര്‍ത്തോമ്മാ ഇടവക വികാരി റവ.ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പന്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്‍ എന്നിവര്‍ പ്രസംഗിക്കും.

ആദിവാസി സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നല്‍കുന്നത് ലക്ഷ്യമിട്ടു മാര്‍ത്തോമ്മാ സഭയുടെ കാര്‍ഡ് എന്ന വികസനസമിതിയുമായി ചേര്‍ന്ന് പ്ലാപ്പള്ളി എന്ന ആദിവാസി മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡണ്ട് റവ.ജിജു ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ – മാനസിക പ്രശ്‌നങ്ങളില്‍ തളരുന്നവര്‍ക്കു അത്താണിയായി പ്രവര്‍ത്തിക്കുന്നതിന് സഹായകരമായ പുനലൂരിലെ മാര്‍ത്തോമ്മാ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും, ധ്യാനകേന്ദ്ര നിര്‍മ്മിതിക്കും ജൂബിലി വര്‍ഷത്തില്‍ തുടക്കമായി.

അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം കഴിഞ്ഞ 10 വര്‍ഷമായി മാര്‍ത്തോമ്മാ സഭയിലെ തന്നെ ഏറ്റവും അംഗങ്ങളുള്ളതും മികച്ച ശാഖയുമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രക്തദാന ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ലേബര്‍ ക്യാമ്പ് മിനിസ്ട്രി, നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം, ക്യാന്‍സര്‍ കെയര്‍, മിഷന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മ്മാണ സഹായം തുടങ്ങിയ മേഖലകളിലും യുവജനസഖ്യം മികവാര്‍ന്ന പരിപാടികളാണ് തുടരുന്നത്. ജൂബിലിയുടെ ഭാഗമായി നിരവധി കല സാസ്‌കാരിക പരിപാടികളും എക്യൂമിനിക്കല്‍ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

റവ.അജിത് ഈപ്പന്‍ തോമസ്, റവ.ഫിലിപ്പ് മാത്യു, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ ജെറിന്‍ ജേക്കബ് കുര്യന്‍ , വൈസ് പ്രസിഡന്റ് രെഞ്ചു വര്‍ഗീസ് , സെക്രട്ടറി അനില്‍ ബേബി , എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

webdesk14: