X

ബി.ജെ.പിയെ പൊക്കിപറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടത്തില്‍ എന്നെ കൂട്ടണ്ട -ഐഷ സുല്‍ത്താന

‘ഫ്ലഷ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. ബി.ജെ.പിയെ താഴ്ത്തി കെട്ടിയെന്ന കാരണത്താലാണ് പടം പുറത്തിറങ്ങാത്തതെങ്കില്‍ താൻ അതങ്ങ് സഹിക്കാമെന്നും ബി.ജെ.പിയെ പൊക്കിപറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങുകളുടെ കൂട്ടത്തില്‍ തന്നെ കൂട്ടേണ്ടെന്നും ഐഷ തുറന്നടിച്ചു.

റിലീസിന് തയാറായ സിനിമ, തന്റെ സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ റിലീസ് ചെയ്യാൻ നിര്‍മാതാവ് വിസമ്മതിക്കുന്നതായി ഐഷ പറഞ്ഞിരുന്നു. സിനിമയില്‍ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാറിനെയും എതിര്‍ക്കുന്ന രംഗങ്ങളുണ്ടെന്നും നിര്‍മാതാവ് ബീന കാസിമിന്റെ ഭര്‍ത്താവ് ബി.ജെ.പി നേതാവായതിനാല്‍ പടം പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കിയത്.

‘ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേര്‍ന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല. നിങ്ങള്‍ അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച്‌ മൂടി, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല. നിങ്ങളതിനെ എടുത്ത് മോര്‍ച്ചയില്‍ വെച്ചോണ്ടിരിക്കുന്നു… ആ മോര്‍ച്ചറിയില്‍ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് താ… ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ…’ -ഐഷ സുല്‍ത്താന ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുൻനിര്‍ത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്…?

അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവള്‍ക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയില്‍ അവള്‍ പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി…

നിങ്ങള്‍ കെട്ടിചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവള്‍ പറഞ്ഞോണ്ടിരിക്കുന്നത്…

1: ഒരു സിനിമ സംവിധായിക സ്ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷൻ നോക്കി കഴിഞ്ഞാല്‍ പിന്നെ ആ ലോക്കഷനിലേക്കുള്ള പെര്‍മിഷൻ എടുക്കാൻ പ്രൊഡക്ക്ഷൻ കണ്‍ട്രോളറേയാണ് ഏല്പിക്കാര്‍…

Flush എന്ന സിനിമയുടെ ലൊക്കേഷൻ ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ് ചിത്രികരിക്കാൻ ഉദ്ദേശിച്ചതും പ്രൊഡഷൻ കണ്‍ഡ്രോലര്‍ യാസറെ വിളിച്ച്‌ ഞാനത് ഏര്‍പ്പെടുത്തിയതുമാണ്, അവൻ പോയി പെര്‍മിഷൻ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനര്‍ ഉണ്ടായിരുന്നില്ല, അത് കാരണം യാസര്‍ അവന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബാനറിന്റെ (BigmentHouse production) ലെറ്റര്‍ പാഡില്‍ കൂടിയാണ് flush ന്റെ പെര്‍മിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെചെയ്ത് തന്നതെന്ന്.

നിങ്ങളില്‍ ആരെയാണ് ഞാൻ പെര്‍മിഷൻ ചോദിച്ചിട്ടും ഹെല്‍പ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭര്‍ത്താവ് ബി.ജെ.പി ആയത് കൊണ്ട് സിനിമയെ ബി.ജെ.പി വത്കരിക്കാൻ നില്‍ക്കണ്ട…

2: പിന്നെ flush എന്ന സിനിമയില്‍ കൂടി L.J. P എന്നും പറഞ്ഞ് B.J.P യെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കില്‍ അത് ഞാനങ് സഹിച്ചു, കാരണം ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലൻ കുരങ്ങൻമാര്‍ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ട…

ഈ ബീന കാസിം വാ തുറക്കില്ലേ? മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങള്‍ തന്നെ മുന്നോട്ടു വരണം…

നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേര്‍ന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല, നിങ്ങള്‍ അതിനേ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച്‌ മൂടി, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല നിങ്ങളതിനെ എടുത്ത് മോര്‍ച്ചയില്‍ വെച്ചോണ്ടിരിക്കുന്നു…

ആ മോര്‍ച്ചറിയില്‍ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് താ…

ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ…☺️

‘സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ റിലീസ് ചെയ്യണം’

സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ റിലീസ് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ റിലീസിന് നിര്‍മാതാവ് തയാറല്ലെന്നും ഐഷ സുല്‍ത്താന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് നിര്‍മാതാവ് ബീന കാസിമിനെ കാണാൻ സാധിച്ചത്. ലക്ഷദ്വീപുകാരനും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ ബീന കാസിമിന്‍റെ ഭര്‍ത്താവാണ് ലൊക്കേഷനില്‍ വന്നിരുന്നത്. അദ്ദേഹം ലൊക്കേഷനില്‍ നിന്ന് പോയ ശേഷം നിരവധി പ്രശ്നങ്ങള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.

ലോക്ഡൗണ്‍ സമയത്താണ് നിര്‍മാതാവുമായി സിനിമയുടെ കാര്യത്തില്‍ ധാരണയായത്. നിര്‍മാതാവ് കോഴിക്കോടും താൻ കൊച്ചിയിലും ആയതിനാല്‍ ഫോണില്‍ കൂടി മാത്രമാണ് കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. ചിത്രീകരണത്തിനുള്ള അനുവാദം ലഭിച്ചതിന് പിന്നാലെ താൻ ലക്ഷദ്വീപിലേക്ക് പോവുകയും 2021 ഫെബ്രുവരി എട്ടിന് ചിത്രീകരണം തുടങ്ങുകയും ചെയ്തു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ബീന കാസിമിനെ കണ്ടതും കരാറിലേര്‍പ്പെട്ടതും.

നിര്‍മാതാവിന്‍റെ ഭര്‍ത്താവാണ് ചിത്രീകരണ സമയത്ത് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. അദ്ദേഹം ലക്ഷദ്വീപിലെത്തി ഒമ്ബതാമതത്തെ ദിവസം സിനിമ അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ സിനിമ അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാൻ സാധിക്കുന്നതല്ലെന്ന് മറുപടി നല്‍കി.

പിറ്റേന്ന് മുതല്‍ ലൊക്കേഷനിലെ സാധനങ്ങളും കൊടി, തോരണങ്ങള്‍, ബാനറുകള്‍ അടക്കമുള്ള പ്രോപ്പര്‍ട്ടീസും കാണാതാകാൻ തുടങ്ങി. കൂടാതെ, ദ്വീപില്‍ 144 പ്രഖ്യാപിച്ച്‌ ഉപദ്രവിച്ചു. ഇതെല്ലാം തരണം ചെയ്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കരട് നിയമം നടപ്പാക്കുന്ന സാഹചര്യത്തില്‍ താൻ ലക്ഷദ്വീപിനെ പിന്തുണച്ച്‌ സംസാരിച്ചതും തന്നെ രാജ്യദ്രോഹിയാക്കി മുദ്രകുത്തിയത് അടക്കമുള്ള സംഭവങ്ങള്‍ നടന്നതും.

ചിത്രീകരണം തുടങ്ങുന്നതിന് മുമ്ബ് സിനിമയുടെ കഥ കേള്‍ക്കാൻ പറഞ്ഞെങ്കിലും നിര്‍മാതാവ് തയാറായില്ല. കഥ കേള്‍ക്കേണ്ടെന്നും നമ്മുടെ നാടിന് വേണ്ടി സിനിമ ചെയ്യുമ്ബോഴല്ലേ താൻ കൂടെ നില്‍ക്കേണ്ടതെന്നാണ് അന്ന് പറഞ്ഞത്. നിര്‍മാതാവിനോട് യാതൊരു ബഹുമാന കുറവും തനിക്കില്ലെന്നും ഇപ്പോഴത്തെ മാറ്റം എന്താണെന്ന് അറിയില്ലെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.

webdesk14: