X

വനിത കോണ്‍സ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

ട്രെയിനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്‌സ്പ്രസില്‍ വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് പൊലീസിന്റെയും ലഖ്‌നൗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്‍ നടന്ന ഓപറേഷന് നേതൃത്വം നല്‍കിയത്.

ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന 2 പേരില്‍ ഒരാളായ ആസാദ് ഖാനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കലന്ദര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രത്തന്‍ ശര്‍മ്മയ്ക്കും ഏറ്റുമുട്ടലില്‍ പരുക്കേറ്റിട്ടുണ്ട്.

ഓഗസ്റ്റ് 30നാണ് സരയു എക്‌സ്പ്രസിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ രക്തത്തില്‍ കുളിച്ച്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍, മുഖത്തും തലയോട്ടിയിലും സാരമായ പരുക്കുണ്ടായിരുന്നു. ട്രെയ്‌നിലെ സീറ്റിനെ ചൊല്ലി പ്രതികളുമായുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു ആക്രമണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ട്രെയ്‌നിലെ മുകളിലെ ബെര്‍ത്തില്‍ ഇരിക്കുമ്പോള്‍ മങ്കാപൂര്‍ സ്റ്റേഷനില്‍ വച്ചാണ് അക്രമികള്‍ ഇവരെ ആക്രമിക്കുന്നത്. ട്രെയ്ന്‍ അയോധ്യ സ്റ്റേഷനിലെത്തിയപ്പോള്‍ അക്രമികള്‍ കടന്നുകളഞ്ഞതായും പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ലഖ്നൗവിലെ കെജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ സഹോദരന്‍ രേഖാമൂലം നല്‍കിയ പരാതിയെത്തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച വാട്‌സാപ്പ് സന്ദേശത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിഷയത്തില്‍ സ്വമേധയാ നടപടിയെടുത്തു. ജസ്റ്റിസ് ശ്രീവാസ്തവയും അദ്ദേഹവും അടങ്ങുന്ന ബെഞ്ച് രൂപീകരിക്കാനും കേന്ദ്രത്തിനും റെയില്‍വേ പൊലീസ് സേനയ്ക്കും (ആര്‍പിഎഫ്) നോട്ടീസ് നല്‍കാനും അദ്ദേഹം ഉത്തരവിട്ടു. കൃത്യനിര്‍വഹണത്തില്‍ പരാജപ്പെട്ടതിന് ബെഞ്ച് ആര്‍പിഎഫിനെ ശാസിക്കുകയും ചെയ്തിരുന്നു.

 

webdesk13: