തിരുവനന്തപുരം: സി.പി.എമ്മിന് തിരിച്ചടിയായി പാലക്കാട്ടെ വടിവാള്‍ സംഭവം. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നടപടി തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് നിര്‍ദ്ദേശം നല്‍കി.

പ്രചാരണ റാലികളില്‍ ആയുധങ്ങള്‍ കൊണ്ടുപോകരുതെന്ന് കൃത്യമായ നിര്‍ദ്ദേശമുള്ളതാണെന്നും അത്തരം നടപടികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ടിക്കാറാം മീണ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലണ് സംഭവമുണ്ടായത്. ഉമ്മനേഴിയിലൂടെ കടന്നു പോയ എം ബി രാജേഷിന്റെ വാഹനപ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കില്‍ നിന്ന് വടിവാള്‍ വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കിയിരുന്നു.