X

സംസ്ഥാന പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്കുചൂണ്ടിയ സംഭവം: വിശദീകരണവുമായി നടന്‍ അലന്‍സിയര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്കുചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ അലന്‍സിയര്‍. മോഹന്‍ലാലിനെതിരെയല്ല താന്‍ തോക്കുചൂണ്ടിയതെന്ന് അലന്‍സിയര്‍ പറഞ്ഞു.

പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിക്കുമ്പോഴായിരുന്നു അലന്‍സിയര്‍ വേദിക്കടുത്തേക്ക് വന്ന് തോക്കൂചൂണ്ടി വെടിവെക്കുന്ന രീതിയില്‍ പ്രകടനം നടത്തിയത്. രണ്ടു തവണ ചെയ്ത് സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചതോടെ അലന്‍സിയറെ പൊലീസും സുരക്ഷാഉദ്യോഗസ്ഥരും തടയുകയായിരുന്നു. ചടങ്ങ് കഴിഞ്ഞതോടെ ഇത് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതിലുള്ള പ്രതിഷേധമായി പലരും ഉയര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അലന്‍സിയര്‍ വിശദീകരണം നല്‍കിയത്.

തന്റെ പ്രതിഷേധം മോഹന്‍ലാലിനെതിരെയല്ല. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സമൂഹത്തിനുമെതിരെയാണെന്നും അലന്‍സിയര്‍ പറഞ്ഞു. മോഹന്‍ലാലിനെതിരെയാണെന്നുള്ളത് അട്ടര്‍നോണ്‍സെന്‍സ്ആണെന്നും തന്റെ ഉദ്ദേശ്യത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

‘അത് അട്ടര്‍ നോണ്‍സണ്‍സ് ആണ്. അട്ടര്‍ നോണ്‍സണ്‍ ആയിട്ടുള്ള വാര്‍ത്തയാണ് ആ സാധനം. വളരെ സര്‍ക്കാസത്തോടെ ചെയ്തുപോയ, ഒരു, വളരെ ഒരു ഫങ്ഷനില്‍ നമ്മള്‍ ഒരു കുട്ടിക്കളി കാണിക്കില്ലേ.ചിലപ്പോള്‍ ഒരു അര്‍ത്ഥം ഉണ്ടാകും. ആ അര്‍ത്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തതുമാണ് ആ സാധനത്തില്‍ എനിക്ക് പറയാനുള്ളത്. ഞാന്‍ മോഹന്‍ലാലിനെതിരെ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വെടിവെച്ചിട്ടില്ല. നിങ്ങള്‍ എഴുതിക്കോ.. ഞാന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും എതിരെയാണ് ഞാന്‍ വെടിവെച്ചത്. നമ്മുടെ സൊസൈറ്റിക്ക് നേരെയാണ് ഞാന്‍ വെടിവെച്ചത്’ അലന്‍സിയര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

പുരസ്‌കാര വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ അലന്‍സിയറുടെ തോക്കൂചൂണ്ടല്‍ മോഹന്‍ലാലിനെതിരെയുള്ള പ്രതിഷേധമായാണ് വിലയിരുത്തിയത്. എന്നാല്‍ പ്രതിഷേധം മുഖ്യമന്ത്രിക്കും സമൂഹത്തിനും നേരെയാണെന്നുള്ള നിലപാടിലാണ് അലന്‍സിയര്‍.

chandrika: