X
    Categories: CultureMoreViews

കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് ഉത്തര്‍പ്രദേശില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പുഷ്പവൃഷ്ടി

മീററ്റ്: കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് പനിനീര്‍ പൂക്കള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്‍. എ.ഡി.ജി.പി പ്രശാന്ത് കുമാര്‍, സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ധിംഗ്ര എന്നിവരാണ് ഹെലികോപ്ടറില്‍ സഞ്ചരിച്ച് തീര്‍ഥാടകര്‍ക്കുമേല്‍ പുഷ്പവൃഷ്ടി നടത്തിയത്. പുഷ്പവൃഷ്ടി നടത്തുന്ന വീഡിയോ പ്രശാന്ത് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. വിവാദമായതിനെ തുടര്‍ന്ന് വീഡിയോ പിന്നീട് പിന്‍വലിച്ചു.

വാര്‍ഷിക കാന്‍വാര്‍ യാത്രയുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി നടത്തിയ ഹെലികോപ്ടര്‍ യാത്രയിലാണ് എ.ഡി.ജി.പി തീര്‍ഥാടകര്‍ക്കുമേല്‍ പുഷ്പവൃഷ്ടി നടത്തിയത്. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊതുഖജനാവിലെ പണം അനാവശ്യമായി ധൂര്‍ത്തടിക്കുകയാണെന്നും പൊലീസ് ഉത്തരവാദിത്തം മറന്ന് പെരുമാറുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

ജനങ്ങളെ ആദരിക്കുന്നതിന്റെയും സ്വാഗതം ചെയ്യുന്നതിന്റെയും ഭാഗമായാണ് പുഷ്പങ്ങള്‍ വിതറിയതെന്ന് എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു. അതില്‍ മതപരമായ ഒന്നുമില്ല. ഭരണകൂടം എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുണ്ട്. ഗുരുപൂര്‍ണിമ, ഈദ്, ബക്രീദ്, ജൈന മതാചാരങ്ങള്‍ എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളുടെ ആഘോഷങ്ങളിലും പങ്കുചേരാറുണ്ട്- പ്രശാന്ത് കുമാര്‍ വിശദീകരിച്ചു.

ഉത്തര്‍പ്രദേശിലെ കാന്‍വാറിലേക്ക് കാല്‍നടയായാണ് ശിവഭക്തരായ തീര്‍ഥാടകര്‍ എത്താറുള്ളത്. ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് കൂടുതല്‍ തീര്‍ഥാടകര്‍ എത്താറുള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ട്രാഫികിനിടെ കാന്‍വാര്‍ തീര്‍ഥാടകന്റെ ദേഹത്ത് കാര്‍ തട്ടിയെന്നാരോപിച്ച് ഒരു സംഘം വനിത ഓടിച്ച കാര്‍ തല്ലിത്തകര്‍ത്തിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: