കൊച്ചി: ദിലീപിനെതിരെ നടന്‍ അനൂപിന്റെ മൊഴി. മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചതിന് തനിക്ക് 47 സിനിമകളില്‍ ദിലീപ് അവസരം നിഷേധിച്ചുവെന്ന് അനൂപ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തിന് അനൂപ് മൊഴി നല്‍കുകയായിരുന്നു. നടിയെ ആക്രമിച്ചതുമായി ദിലീപിന് പങ്കുണ്ടോയെന്ന് തനിക്കറിയില്ല. എന്നാല്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപാണെന്ന് അനൂപ് വ്യക്തമാക്കി.

കേസിന്റെ അന്വേഷണ ചുമതലുള്ള റൂറല്‍ എസ് പി എ.വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപ് ചന്ദ്രന്റെ മൊഴിയെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയതുമായി ദിലീപിന് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാല്‍ ദിലീപ് തന്നോട് പ്രതികാര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. ദിലീപ് നായകനായി എത്തിയ മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിലീപ് തന്നോട് ‘നീ മിമിക്രിക്കാര്‍ക്കെതിരെ സംസാരിക്കാറായോ’ എന്ന് ചോദിച്ചതായി അനൂപ് ചന്ദ്രന്‍ പറയുന്നു. അതിന് കൃത്യമായ മറുപടിയും നല്‍കി. താന്‍ നാടക രംഗത്തു നിന്നും വളര്‍ന്നുവന്നയാളാണെന്നും അറിയുന്നത് കൊണ്ടാണ് മിമിക്രിയെക്കുറിച്ച് പറഞ്ഞതെന്നും അനൂപ് പറഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷം തന്റെ സിനിമയിലെ വേഷങ്ങളെല്ലാം ദിലീപ് ഇടപെട്ട് ഇല്ലാതാക്കുകയായിരുന്നു. അഡ്വാന്‍സ് വാങ്ങിയതിനുശേഷമായിരുന്നു പലരും ഒഴിവാക്കിയത്. വിളിച്ചന്വേഷിക്കുമ്പോള്‍ ദിലീപ് പറഞ്ഞിട്ടാണെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. അനൂപ് ചന്ദ്രന്റെ മൊഴി റെക്കോര്‍ഡ് ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.