X

കരുണാകരനെ ‘ചാരനെന്ന്’ ജനങ്ങള്‍ കൂവി വിളിച്ചു; ആ കറുത്ത രാത്രിയെ ഓര്‍മ്മിപ്പിച്ച് നടന്‍ ബാലചന്ദ്ര മേനോന്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ഓര്‍ത്തെടുക്കുന്നു നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. കുറ്റവിമുക്തനാക്കിയ നമ്പി നാരായണനോടൊപ്പം കേരള ജനത ഓര്‍ക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് കരുണാകരനെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. ചാരക്കേസ് വിവാദം കൊടുമ്പിരി കൊണ്ടു നിന്ന സമയത്തെ ഒരു സംഭവത്തെ ഓര്‍ത്തു കൊണ്ടാണ് ബാലചന്ദ്ര മേനോന്‍ തന്റെ ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

‘കാര്‍ഗില്‍ യുദ്ധത്തിലെ ധീരജവാന്മാര്‍ക്ക് ഊര്‍ജവും ഉണര്‍വും പകരാന്‍ സിനിമാ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. തുടര്‍ന്ന് എന്റെ ഊഴമെത്തിയപ്പോള്‍ മൈക്കില്‍ അനൗണ്‍സ്‌മെന്റ് നടന്നതും വലിയൊരു കൂവലാണ് പിന്നാലെ കേട്ടത്. സംഭവം എന്താണെന്ന് നോക്കിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വരവും തുടര്‍ന്ന് കാണികളുടെ ഇടയില്‍ നിന്നുണ്ടായ കൂവലുമാണെന്ന് മനസിലായത്. ജീവിതത്തില്‍ ഇതുവരെ അത്തരത്തിലൊരു കൂവല്‍ ഞാന്‍ കേട്ടിട്ടില്ല. കടലിരമ്പി വരുന്നതിന് തുല്യമായിരുന്നു ആ ശബ്ദം.

സ്‌റ്റേജിലെത്തിയ ലീഡര്‍ക്ക് വാ തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നാലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സദസിനോടായി അദ്ദേഹം പറഞ്ഞു ‘ഗംഭീരമായി കൂവിക്കൊള്ളു, ഇനി കാണുമ്പോള്‍ ഇതിലും നന്നായി കൂവാന്‍ ഗുരുവായൂരപ്പന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ’. ഇത്രയും പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി. എന്നാല്‍ മുഖ്യമന്ത്രി നടന്നകലുന്നതു വരെയും ‘ചാരാ ചാരാ’ എന്ന വിളി ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയായി എത്തി കേരള രാഷ്ട്രീയത്തിലെ തന്നെ ഭീഷ്മാചാര്യനായി മാറിയ ഒരു വ്യക്തിയുടെ നേര്‍ക്കായിരുന്നു എന്തെന്നറിയാതെയുള്ള ജനരോഷം. ഈ സംഭവം ആ രാത്രിയില്‍ അദ്ദേഹത്തെ എന്തുമാത്രം വേദനിപ്പിച്ചിരിക്കാം എന്നതായിരുന്നു അന്നത്തെ എന്റെ ചിന്ത’ ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കിപ്പുറം സത്യം തെളിഞ്ഞിരിക്കുകയാണ്. അച്ഛന്‍ പറഞ്ഞിരുന്നു എന്നൊങ്കിലുമൊരിക്കല്‍ സത്യം പുറത്തുവരുമെന്ന്-അദ്ദേഹത്തിന്റെ മക്കള്‍ പറഞ്ഞത് താന്‍ കേട്ടിട്ടുണ്ട്. അവരോട് പൂര്‍ണ്ണമായി യോജിക്കുകയാണ്. ആരൊക്കെ അമര്‍ത്തിക്കെട്ടി വെച്ചാലും ഒരുനാള്‍ എല്ലാം പുറത്തുവരും.24 വര്‍ഷമായിട്ടും സത്യം പുറത്തുവന്നില്ലേ. മലയാളിയെന്ന നിലയിലും സുഹൃത്തെന്ന നിലയിലും അദ്ദേഹത്തിനുണ്ടായ മനപ്രയാസത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നു. മക്കള്‍ക്കെങ്കിലും അച്ഛന്‍ നിരപരാധിയാണെന്നറിയാന്‍ ഭാഗ്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: